Arthritis | സന്ധിവാതം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* ഏത് പ്രായക്കാരെയും ബാധിക്കുന്നതാണ് ഈ രോഗം
കൊച്ചി: (KasargodVartha) സന്ധി വാതം സർവ സാധാരണയായി മാറിക്കൊണ്ടിരിക്കുന്നു. ശരീരം വലിയ സങ്കീർണതകൾ നേരിടേണ്ടി വരുന്ന രോഗം കൂടിയാണ് ഇത്. സന്ധികളിൽ ഉണ്ടാകുന്ന നീർകെട്ടുകളെയാണ് സന്ധി വേദന എന്ന് പറയാറ്. ഇത് അസഹ്യമായ വേദന ഉണ്ടാക്കും. പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്താതെ രക്ഷപ്പെടാനും ചികിത്സയിലൂടെ രോഗം ഭേദമാക്കാനും കഴിയും. മുതിർന്നവരിൽ മാത്രമല്ല കുട്ടികളെയും സന്ധി വാതം പിടിപ്പെട്ടേക്കാം. ഏത് പ്രായക്കാരെയും ബാധിക്കുന്നതാണ് ഈ രോഗം.
പല തരത്തിലുള്ള സന്ധി വാതങ്ങളുണ്ട്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്) ഇവയെല്ലാം സന്ധി വാതങ്ങളിൽപ്പെട്ടതാണ്. ഓരോ വാതരോഗത്തിനും വ്യത്യസ്ത തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരം പ്രകടിപ്പിക്കുക. സന്ധികളിൽ വിട്ടു മാറാത്ത വേദന, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, വിട്ടു മാറാത്ത നടുവേദന തുടങ്ങിയ അവസ്ഥകളെല്ലാം ശ്രദ്ധിക്കേണ്ടതാണ്. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക ഇവയെല്ലാം സന്ധിവാതത്തിന്‍റെ പ്രഥമ ലക്ഷണങ്ങളാണ്.
ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വെച്ച് ഉറങ്ങുന്നവരുണ്ട്. സന്ധിവാതമുള്ളവര്‍ ഈ ശീലം ഒഴിവാക്കണം. കാൽ മുട്ടുകൾക്ക് വിട്ട് മാറാത്ത വേദന അനുഭവപ്പെടുന്നവർ ദീർഘ നേരം നിൽക്കുന്നതോ പടികൾ കയറുന്നതോ കാലിലെ സന്ധികൾക്ക് അമിത ആയാസം നൽകും. ഉറങ്ങാനോ അല്ലാതെയോ കിടക്കുമ്പോൾ കാൽ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കുവാൻ ശ്രമിക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ടു തന്നെ കൈകളിലേയും കാലിലേയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രെച്ചിങ് വ്യായാമവും ശീലമാക്കുക. ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാവുകയാണെങ്കിൽ ഡോക്ടറെ കാണുക, പ്രാരംഭ ഘട്ടത്തിലെ ചികിത്സ പെട്ടെന്നുള്ള രോഗ മുക്തിക്ക് ഗുണം ചെയ്യും.