Vegetables | ശരീരത്തിൽ ഉണ്ടാകുന്ന വീക്കം കുറയാൻ കഴിക്കാം ഈ പച്ചക്കറികൾ
കൊച്ചി: (KasargodVartha) നമ്മുടെ ശരീരത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും ബാധിക്കുന്ന പ്രധാന ഘടകമാണ് ആഹാര ശീലങ്ങൾ. രോഗ മുക്തിനൽകാൻ കഴിഞ്ഞില്ലെങ്കിലും ചില രോഗങ്ങൾക്ക് ആശ്വാസം പകരാനും രോഗം മൂർച്ഛിക്കാനും ഒക്കെ നമ്മുടെ ഭക്ഷണ ശൈലികൾ കാരണമാവാറുണ്ട്. അത്പോലെ ചില പച്ചക്കറികൾ കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ കാണപ്പെടുന്ന ചില സാധാരണ വീക്കങ്ങൾ കുറയാനും സഹായിക്കും.
ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഏതെങ്കിലും തരത്തിലുള്ള പരിക്ക്, അണുബാധ എന്നിവയോട് പ്രതികരിക്കുമ്പോൾ ഉണ്ടാകുന്ന പ്രകൃതി പ്രതിഭാസമാണ് വീക്കം. ശരീരത്തിൽ ചെറുതും വലുതുമായ വ്യത്യസ്ത കാരണങ്ങളാൽ ഈ അവസ്ഥ ഉണ്ടാകാം. അസാധാരണമായി വിട്ടുമാറാത്ത ചില വീക്കം ഹൃദയ ആരോഗ്യത്തെ തകരാറിലാക്കാൻ കാരണമാകും. കൂടാതെ മറ്റു പല ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ചെന്നെത്തുവാനും വഴിയൊരുക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന പലതരം പച്ചക്കറികളുണ്ട്. ഇവയിൽ രോഗശമനത്തിന് സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു.
ക്വെർസെറ്റിൻ എന്ന സംയുക്തത്തിലൂടെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിന് പകർന്ന് തരാൻ കഴിവുള്ള പച്ചക്കറിയാണ് ഉള്ളി അഥവാ സവാള. വിറ്റാമിൻ സിയും ധാരാളമായി ഉള്ളിയിലുണ്ട്. വീക്കം കുറയ്ക്കുന്നതിനൊപ്പം ശരീരത്തിലെ പ്രതിരോധ ശേഷിയെ കൂടുതൽ ശക്തമാക്കാനും ഉള്ളി സഹായിക്കും. അതുപോലെ തന്നെ വിറ്റാമിൻ സിയും ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള കാപ്സിക്കവും വീക്കം കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇതിൽ വിറ്റാമിൻ എ യും ധാരാളമുണ്ട്. ആന്റി ഓക്സിഡന്റുകളും ബെൽ പെപ്പെർ എന്ന കാപ്സിക്കത്തിലുണ്ട്. ഇവയെല്ലാം നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ്.
പച്ചക്കറികളിൽ പെട്ട നമ്മുടെ അടുക്കളയിൽ സാധാരണയായി കാണപ്പെടുന്ന തക്കാളിയും വീക്കം കുറയാൻ സഹായിക്കുന്ന ഭക്ഷണ സാധനമാണ്. പോഷക സമ്പുഷ്ടവും ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതുമാണ് തക്കാളി. ഇതിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിലുള്ള ലൈക്കോപീൻ വീക്കം കുറയ്ക്കുകയും വിട്ടുമാറാത്ത ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങളും പറയുന്നു. ഇതിനുമപ്പുറം നിരവധി ആരോഗ്യ ഗുണങ്ങളും തക്കാളിയുടെ പ്രത്യേകതയാണ്. ചർമ്മ സംരക്ഷണത്തിനും തക്കാളി മുന്നിലാണ്.
ബീറ്റലൈൻസ് എന്ന സംയുക്തം ധാരാളം അടങ്ങിയിട്ടുള്ള ബീറ്റ്‌റൂട്ടും വീക്കം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ്. നിരവധി ആരോഗ്യ ഗുണങ്ങളുടെ ഉറവിടമാണ് ബീറ്റ്‌റൂട്ട്. ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ള കാരറ്റും ശരീരത്തിൽ വിറ്റാമിൻ എയുടെ ആവശ്യകത നിറവേറ്റുന്നു. ശരീരത്തിൽ കാണപ്പെടുന്ന വീക്കം കുറയ്ക്കാനും ആരോഗ്യകരമായ രോഗപ്രതിരോധ പ്രക്രിയയെ നിലനിർത്താനും കാരറ്റിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ സഹായിക്കുന്നു. പൊതുഅറിവ് എന്നതിനപ്പുറം ആരോഗ്യ അസ്വസ്ഥതകൾക്ക് തീർച്ചയായും സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണുന്നതും രോഗ നിർണയം നടത്തുന്നതും പ്രധാനമാണ്.