Health Alert | തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാലുപേര്‍ ചികിത്സയില്‍
നിലവില്‍ 39 പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍.
ഛര്‍ദി, തലവേദന, കഴുത്തിന്റെ പിന്‍ഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം.
തിരുവനന്തപുരം: (KasargodVartha) പേരൂര്‍ക്കട (Peroorkada) സ്വദേശിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Encephalitis) സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ (Treatment) കഴിയുന്നവരുടെ എണ്ണം നാലായി. 23-ാം തീയതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Medical College Hospital) ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മറ്റ് മൂന്ന് യുവാക്കള്‍, ഒരു പേരൂര്‍ക്കട സ്വദേശി എന്നിങ്ങനെ ആകെ അഞ്ച് പേര്‍ക്കാണ് നിലവില്‍ ജില്ലയില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
നെല്ലിമൂട് (Nellimoodu) സ്വദേശികള്‍ക്ക് രോഗം ബാധിച്ചത് കാവിന്‍കുളത്തില്‍ നിന്നെന്നാണ് നിഗമനം. എന്നാല്‍ പേരൂര്‍ക്കട സ്വദേശിക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. നേരത്തെ രോഗം സ്ഥിരീകരിച്ച കാവിന്‍കുളത്തില്‍ കുളിച്ച കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഛര്‍ദി, തലവേദന, കഴുത്തിന്റെ പിന്‍ഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം എന്നാണ് നിര്‍ദേശം.
അതേസമയം, നിലവില്‍ 39 പേര്‍ നെയ്യാറ്റിന്‍കര നെല്ലിമൂടില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. രോഗം സ്ഥിരീകരിച്ചവര്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ള രണ്ട് പേരുടെ സാമ്പിള്‍ ഫലങ്ങള്‍ ഇന്ന് കിട്ടിയേക്കും.#amoebicmeningoencephalitis #Thiruvananthapuram #Kerala #healthalert #outbreak #publichealth