Peanuts | ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ നിലക്കടല രുചിയില്‍ മാത്രമല്ല, പോഷകഗുണം കൊണ്ടും സമ്പന്നം; ചെറുക്കുന്നത് ഒരുപാട് അസുഖങ്ങളെ
*ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു
*പിത്തസഞ്ചിയിലെ കല്ല് തടയുന്നു
കൊച്ചി: (KasargodVartha) ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഒന്നാണ് നിലക്കടല. രുചിയില്‍ മാത്രമല്ല, പോഷകഗുണം കൊണ്ടും ജനപ്രിയമായ ഭക്ഷണമാണ് നിലക്കടല. ഹൃദയാരോഗ്യം നല്‍കുന്നത് മുതല്‍ കാന്‍സറിനെ തടയാന്‍ വരെ നിലക്കടല സഹായിക്കുന്നു. പ്രമേഹത്തിനും വളരെ ഫലപ്രദമാണ്. കടലയെന്നും കപ്പലണ്ടിയെന്നും അറിയപ്പെടുന്ന നിലക്കടല ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, അയണ്‍, പൊട്ടാസ്യം, കാത്സ്യം, കോപ്പര്‍ തുടങ്ങിയ ധാതുക്കളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
നിലക്കടല നമ്മുടെ ശരീരത്തെ എങ്ങനെയെല്ലാം സഹായിക്കുമെന്ന് അറിയാം
*ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്ന നിലക്കടല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അയണ്‍, പൊട്ടാസ്യം, കാത്സ്യം, കോപ്പര്‍ തുടങ്ങിയ ധാതുക്കളും നിലക്കടലയില്‍ ഉണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നിലക്കടല വളരെ നല്ലതാണ്.
*ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു
വാല്‍നട്ട്, ബദാം തുടങ്ങിയ വിവിധ നട്‌സുകള്‍ ഹൃദയാരോഗ്യത്തിന് സഹായകരമായ ഭക്ഷണങ്ങളാണ്. നിലക്കടലയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാന്‍ സഹായിക്കുന്നു. രക്തം കട്ടപിടിക്കുന്നത് തടയുകയും അതുവഴി സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
*ദഹനം മെച്ചപ്പെടുത്തുന്നു
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ നിലക്കടല സഹായിക്കും. നിലക്കടല കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.
*കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള നിലക്കടല ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുമെന്ന് പഠനങ്ങള്‍ പറയുന്നു.
*ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നിലക്കടല നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍, കരുവാളിപ്പ് എന്നിവ അകറ്റാന്‍ ഇവ സഹായിക്കും.
*പിത്തസഞ്ചിയിലെ കല്ല് തടയുന്നു
നിലക്കടല കഴിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും പിത്തസഞ്ചിയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
*വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ കലവറ
ഐസോഫ് ലേവോണ്‍, റെസ് വെറാട്രോള്‍, ഫൈറ്റിക് ആസിഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് നിലക്കടല. ബയോട്ടിന്‍, കോപ്പര്‍, നിയാസിന്‍, ഫോളേറ്റ്, മാംഗനീസ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, തയാമിന്‍ എന്നിവയുള്‍പ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രധാന ഉറവിടം കൂടിയാണിത്.
*പ്രമേഹത്തിനുള്ള കുറഞ്ഞ സാധ്യത
നിലക്കടല കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണമാണ്, അതിനര്‍ത്ഥം അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിന് കാരണമാകില്ല എന്നാണ്. ഇത് സ്ത്രീകളില്‍ ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
*വീക്കം കുറയ്ക്കുന്നു
നാരുകളുടെ മികച്ച ഉറവിടമാണ് നിലക്കടല. അതുകൊണ്ടുതന്നെ ഇവ വീക്കം കുറയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
കഴിക്കുന്നത് അമിതമായാല്‍
എന്നാല്‍ നിലക്കടല കഴിക്കുന്നത് അമിതമായാല്‍ അത് വീണ്ടും പല ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം നിലക്കടല ഡയറ്റില്‍ ഉള്‍പെടുത്തുക.