Summer Diet | കത്തുന്ന വേനലില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ കഴിക്കേണ്ട പച്ചക്കറികള്‍
*കക്കിരി കഴിക്കുന്നത് നല്ലതാണ്
* മലവിസര്‍ജനം നിയന്ത്രിക്കാനും ഉദരാരോഗ്യം നിയന്ത്രിക്കാനും കാരറ്റ് നല്ലതാണ്
കൊച്ചി: (KasargodVartha) വേനല്‍ ചുട്ടുപൊള്ളുകയാണ്. കത്തുന്ന വേനലില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ജലാംശം ഇല്ലെങ്കില്‍ വേനല്‍ക്കാലത്ത് നിര്‍ജലീകരണം, മലബന്ധം, ഉദര പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ടുതന്നെ ആരോഗ്യം പരിപാലിക്കുന്നത് അല്‍പം ശ്രമകരമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും നല്ല ഭക്ഷണശീലങ്ങള്‍ തുടരുകയും ചെയ്യുന്നത് വഴി കഴിയും എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വേനല്‍ക്കാലത്ത് ജലാംശം അടങ്ങിയ ചില പച്ചക്കറികല്‍ കഴിക്കുന്നത് വഴി ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. ഏതൊക്കെ പച്ചക്കറികളാണ് കഴിക്കേണ്ടത് എന്ന് നോക്കാം.
കക്കിരി
ജലാംശം നല്‍കുന്നതും ലയിക്കുന്ന നാരുകള്‍ അടങ്ങിയതുമായ പച്ചക്കറിയാണ് കക്കിരി. ഇത് മലവിസര്‍ജനം പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നതിലൂടെ ദഹനത്തെ സഹായിക്കുന്നു. കക്കിരിയില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ എന്തുകൊണ്ടും കക്കിരി നല്ലതാണ്.
കാരറ്റ്
ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് കാരറ്റ്. ഇത് മലവിസര്‍ജനം നിയന്ത്രിക്കാനും ഉദരാരോഗ്യം നിയന്ത്രിക്കാനും സഹായിക്കുന്നു. ദഹനനാളത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ കരോട്ടിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
സുക്കിനി
വെള്ളവും നാരുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണ് സുക്കിനി. ദഹനത്തെ സഹായിക്കുന്നതിനൊപ്പം മലവിസര്‍ജനം നിയന്ത്രിക്കാനും ഉദരാരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇതിലടങ്ങിയ നാരുകള്‍ സഹായിക്കുന്നു. കൂടാതെ സുക്കിനിയില്‍ കലോറി വളരെ കുറവാണ്. ഇത് വേനല്‍ക്കാലത്ത് ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മികച്ച ഭക്ഷണം കൂടിയാണ്.
ബ്രോക്കോളി
ബ്രോക്കോളിയില്‍ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനാരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനനാളത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന സള്‍ഫോറാഫേന്‍ എന്ന സംയുക്തവും ഇതില്‍ അടങ്ങിയിട്ടുണ്ട്.
കാപ്സിക്കം
കാപ്സിക്കത്തില്‍ ധാരാളം നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ദഹനനാളത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്‌സിഡന്റുകളും കാപ്സിക്കത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
തക്കാളി
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ പച്ചക്കറിയാണ് തക്കാളി. ഇതില്‍ ലൈക്കോപീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വന്‍കുടല്‍ കാന്‍സര്‍ പോലുള്ള ചില ദഹന വൈകല്യങ്ങളുടെ സാധ്യത തക്കാളി കഴിക്കുന്നതിലൂടെ കുറയുമെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. തക്കാളി ശരീരത്തിന് ജലാംശം നല്‍കുന്ന പച്ചക്കറിയാണ്. കൂടാതെ കലോറി വളരെ കുറവുമാണ്. വേനല്‍ക്കാലത്ത് കഴിക്കാവുന്ന മികച്ച ലഘുഭക്ഷണം കൂടിയാണ് തക്കാളി.
ചീര
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള പോഷക സമ്പന്നമായ ഇലക്കറിയാണ് ചീര. മലവിസര്‍ജനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദഹനത്തെ സഹായിക്കുന്നു. ഇതില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിലെ പേശികളെ ശാന്തമാക്കാനും ദഹനക്കേടിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.
കാബേജ്
നാരുകളും സള്‍ഫര്‍ സംയുക്തങ്ങളും അടങ്ങിയ ഒരു ക്രൂസിഫറസ് പച്ചക്കറിയാണ് കാബേജ്. ഇവ രണ്ടും ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നു. നാരുകള്‍ മലവിസര്‍ജനം നിയന്ത്രിക്കാന്‍ സഹായിക്കുമ്പോള്‍ ഇതിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ ദഹനനാളത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.
റാഡിഷ്
നാരുകളും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ പച്ചക്കറിയാണ് റാഡിഷ്. ഇവ രണ്ടും ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നു. നാരുകള്‍ മലബന്ധം തടയാന്‍ സഹായിക്കുന്നു, അതേസമയം ആന്റിഓക്‌സിഡന്റുകള്‍ ദഹനനാളത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. വേനല്‍ക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കുന്നത് തികച്ചും നല്ലതാണ്. കാരണം ഇവയില്‍ ജലാംശം ധാരാളമായി ഉള്ളതിനാല്‍ ചൂടുള്ള കാലാവസ്ഥയില്‍ നിര്‍ജലീകരണം തടയാന്‍ സഹായിക്കും.