AC Usage | രാവിലെ മുതൽ വൈകുന്നേരം വരെ എസിയിലാണോ? ഈ 5 രോഗങ്ങൾക്ക് കാരണമാകും
* 'സിക്ക് ബിൽഡിംഗ് സിൻഡ്രോം' ഉണ്ടാകാം
ന്യൂഡെൽഹി: (KasargodVartha) ഈ വേനൽക്കാലത്ത് എയർകണ്ടീഷണർ (AC) ഇല്ലാതെ ജീവിക്കാൻ കഴിയുന്നില്ലേ? ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ഓഫീസുകളിലും വീടുകളിലും എസിയുണ്ട്. എന്നാൽ എസിനോടുള്ള ഈ സ്നേഹം രോഗത്തിന് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ? ദിവസം മുഴുവൻ എസിയിൽ ഇരിക്കുന്നത് സുഖകരമായി തോന്നുമെങ്കിലും, ഇത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ഇതുമൂലം 'സിക്ക് ബിൽഡിംഗ് സിൻഡ്രോം' ഉണ്ടാകാം. ഈ സിൻഡ്രോം എന്താണെന്നും അത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാകുന്നത് എന്തുകൊണ്ടാണെന്നും അറിയേണ്ടത് പ്രധാനമാണ്.
സിക്ക് ബിൽഡിംഗ് സിൻഡ്രോമിൻ്റെ ലക്ഷണങ്ങൾ
സിക്ക് ബിൽഡിംഗ് സിൻഡ്രോം (SBS) എന്നത് കെട്ടിടങ്ങളിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ ആളുകളിൽ ഉണ്ടാകുന്ന ഒരു കൂട്ടം ആരോഗ്യ പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന പൊതുവായ പദമാണ്. ഇതിന് നിരവധി ലക്ഷണങ്ങളുണ്ട്. നിങ്ങൾക്ക് പെട്ടെന്ന് കഠിനമായ തലവേദന, വരണ്ട ചുമ, തലകറക്കം, ഛർദി, ഓക്കാനം അല്ലെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് മുതലായവ അനുഭവപ്പെടുകയാണെങ്കിൽ, ഇത് സിക്ക് ബിൽഡിംഗ് സിൻഡ്രോമിൻ്റെ ലക്ഷണങ്ങളായിരിക്കാം.
ഇതുമൂലം പലപ്പോഴും ക്ഷീണം അനുഭവപ്പെടാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ എസി വായുവിനൊപ്പം ശുദ്ധവായുവും കൊള്ളേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടെ മുറിയിൽ നിന്ന് പുറത്തിറങ്ങുക, ജനാലകൾ തുറക്കുക, മുറിയിൽ ഇൻഡോർ ചെടികൾ നടുക തുടങ്ങിയ പ്രവൃത്തികൾ ഈ സിൻഡ്രോമിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ, എസിക്ക് ധാരാളം ഗുണങ്ങളും ചില ദോഷങ്ങളുമുണ്ട്. എസി ഈർപ്പം കുറയ്ക്കുന്നു, അതിനാലാണ് പ്രശ്നങ്ങൾ വർധിക്കുന്നത്.
1. നിർജലീകരണം
എസി മുറിയിലെ ഈർപ്പം കുറയ്ക്കുകയും തണുപ്പിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, ചർമ്മം, കണ്ണുകൾ, ശ്വാസകോശ ഭാഗങ്ങൾ എന്നിവയിൽ വരൾച്ച സംഭവിക്കുന്നു. ഇത് അലർജി, ചുമ, ജലദോഷം, തലവേദന എന്നിവയ്ക്കും കാരണമാകും.
2. കണ്ണുകളുടെ വരൾച്ച
ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ഓഫീസുകളിലും വീടുകളിലും ലാപ്ടോപ്പിലോ കംപ്യൂട്ടറിലോ എസിയിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇക്കാരണത്താൽ, കണ്ണുകൾക്ക് വരൾച്ച ഉണ്ടാകാം. ഇത് കണ്ണുകളിൽ ഈർപ്പം ഇല്ലാത്ത അവസ്ഥയാണ്. നീറ്റൽ, ചൊറിച്ചിൽ, ചിലപ്പോൾ കാഴ്ച മങ്ങുന്നതിന് കാരണമാകാം.
3. ശ്വാസതടസം
പ്രകൃതിദത്ത വായുസഞ്ചാരമുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവരേക്കാൾ എസിയിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാണെന്ന് പല ഗവേഷണങ്ങളും കാണിക്കുന്നു. സദാസമയവും എസി വായു കൊള്ളുന്നതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, മൂക്ക് വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
4. തലവേദന
വിദഗ്‌ധരുടെ അഭിപ്രായത്തിൽ, എസിയിൽ കൂടുതലായി തുടരുന്ന ആളുകൾക്ക് തലവേദനയും മൈഗ്രേനും ഉണ്ടാകാറുണ്ട്. എസിയിൽ ജോലി ചെയ്യുന്നവരിൽ എട്ട് ശതമാനം ആളുകൾ ആഴ്ചയിൽ ഒന്നു മുതൽ മൂന്നു തവണ വരെ തലവേദന അനുഭവിക്കുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു.
5. ചൂട് താങ്ങാനാവില്ല
ചിലർക്ക് എസി ഇല്ലാതെ ജീവിക്കാൻ പറ്റാത്ത വിധം ശീലമായി. ഇത് ഇത് ചൂട് സഹിക്കാനുള്ള അവരുടെ കഴിവ് കുറയുന്നതിന് തിന് കാരണമാകാം. ഇത്തരക്കാർക്ക് മറ്റു പല പ്രശ്നങ്ങളുമുണ്ടാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.