Controversy | കോഴിക്കോട് മെഡികല്‍ കോളജില്‍ 4 വയസ്സുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ അടിയന്തര റിപോര്‍ട് തേടി ആരോഗ്യ വകുപ്പ് മന്ത്രി
*നിര്‍ദേശം നല്‍കിയത് മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്
*ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സൂപ്രണ്ട്
കോഴിക്കോട്: (KasargodVartha) മെഡികല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കൈവിരലിന് ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം വിവാദമായതോടെയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇടപെടുകയും അടിയന്തര റിപോര്‍ട് ആവശ്യപ്പെടുകയും ചെയ്തത്.
കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയതായിരുന്നു കുട്ടി. അമ്മയും കുഞ്ഞും വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് കുട്ടിയുടെ ബന്ധുക്കളുമായി ചര്‍ച നടത്തി. വ്യാഴാഴ്ച രാവിലെയാണ് ചെറുവണ്ണൂര്‍ സ്വദേശിയായ കുട്ടി ആശുപത്രിയിലെത്തിയത്. നിലവില്‍ കുട്ടിയെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നാവില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ കുട്ടിയുടെ ബന്ധുക്കളോട് മാപ്പു പറഞ്ഞു. ഡോക്ടര്‍ക്കെതിരെ പൊലീസിനെ സമീപിക്കുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സൂപ്രണ്ട് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.
ശസ്ത്രക്രിയ പൂര്‍ത്തിയായി എന്ന് പറഞ്ഞ് കുട്ടിയെ നഴ്‌സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അന്വേഷിച്ചത്. കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈക്കാണ് ശസ്ത്രക്രിയ ചെയ്യേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്‌സിന്റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. വളരെ നിസ്സാരമായാണ് സംഭവത്തെ അധികൃതര്‍ നോക്കിക്കണ്ടത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.
അതേസമയം, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി. നേരത്തെയും കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ശിന എന്ന യുവതി പോരാട്ടം തുടരുന്നതിനിടെയാണ് വീണ്ടും ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചത്.