city-gold-ad-for-blogger

പുണ്യം തേടി റമദാനില്‍ പ്രവാസ ലോകം കാരുണ്യം ചൊരിയുന്നു, നോമ്പുതുറ തനി നാടന്‍

-മുനീര്‍ പി. ചെര്‍ക്കളം

ദുബൈ: (www.kasargodvartha.com 22/06/2015) ജഗന്നിയന്താവായ നാഥന്‍ കനിഞ്ഞുനല്‍കിയ പുണ്യ മാസത്തിലെ ആത്മീയ നിറവിലാണ് പ്രവാസികള്‍. പ്രഭാതം മുതല്‍ പ്രദോശം വരെ നോമ്പ് നോറ്റും പാതിരാവരെ നിസ്‌കാരത്തില്‍ മുഴുകിയും നാഥന്റെ മുമ്പില്‍ നന്മയ്ക്കായി വിശ്വാസികള്‍ അകം കീറി കേഴുന്നു. ദാന ധര്‍മങ്ങള്‍ക്ക് ഇരട്ടിയും അതിലധികവും പ്രതിഫലം ലഭിക്കുന്ന പുണ്യ മാസത്തില്‍ കോടിക്കണക്കിന് രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കാണ് വിവിധ സംഘടനകള്‍ രൂപം നല്‍കിയിരിക്കുന്നത്. ഗള്‍ഫിലെ നോമ്പു തുറയ്ക്കുള്ള വിഭവങ്ങളും മറ്റും തനി നാടന്‍ ശൈലിയിലാണ് പ്രവാസികള്‍ ഒരുക്കുന്നത്.

ഉരുകിയൊലിക്കുന്ന ചൂടു കാലമാണ് ഗള്‍ഫ് രാജ്യങ്ങളില്‍. ഏതാണ്ട് അമ്പത് ഡിഗ്രിയോടടുത്ത താപനില. ചൂടിന്റെ കാഠിന്യവും നോമ്പിന്റെ ക്ഷീണവും അലട്ടുമ്പോഴും പ്രവാസിയുടെ ചുമലില്‍ അര്‍പ്പിതമായ ചുമതലയില്‍ നിന്ന് തെല്ലുപോലും പിന്നോട്ടോടുന്നില്ലെന്ന് മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യഴിഞ്ഞ് സഹായിച്ചും നേതൃത്വം നല്‍കിയും അവര്‍ സായൂജ്യമടയുന്നു. ഗള്‍ഫില്‍ കാസര്‍കോടന്‍ പ്രവാസികള്‍ ഏറെയുള്ള ദുബൈയില്‍ ജോലിക്കിടയില്‍ ആരാധന കൊണ്ടും, നാട്ടിലെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഏകീകരണം കൊണ്ടും നിര്‍വൃതി അടയുന്നവരാണ് ഏറെയും.

ദേരയിലും ബര്‍ദുബൈയിലും നോമ്പ് തുറയും തറാവീഹും അത്താഴവുമെല്ലാം സ്വന്തം കാസര്‍കോടന്‍ ശൈലിയില്‍ തന്നെ ശീലപ്പെടുത്തിയിരിക്കുന്നു. തങ്ങളുടെ ഇഷ്ട ഭക്ഷണങ്ങള്‍ ലഭിക്കുന്ന അരഡസനോളം കഫെതീരിയകള്‍ ദേരയില്‍ തന്നെയുണ്ട്. കലത്തപ്പവും ദോശയും കടുമ്പും പയര്‍ കഞ്ഞിയും ഒക്കെയായി സംഗതി ഉഷാര്‍. മത്തി മഞ്ഞത്തണ്ണിയുടെ ഗൃഹാതുരതയില്‍ പ്രവാസിയുടെ വിരഹ വേദന ഒരിത്തിരി കുറയുന്നത് പോലെ.

റമദാനില്‍ പള്ളികള്‍ നിറഞ്ഞ് റോഡിലേക്കും ഒഴുകുന്ന അവസ്ഥ. ദേര നൈഫ് പോലീസ് സ്‌റ്റേഷന് മുന്‍വശത്തെ സര്‍വാനി പള്ളി പുതിയ രൂപത്തില്‍ വിശ്വാസികള്‍ക്കായി തുറന്നതോടുകൂടി മറ്റു പള്ളികളിലെ തിരക്കുകള്‍ അല്‍പം കുറഞ്ഞത് പോലെ. തറാവീഹ് നിസ്‌കാരത്തിലും നാട്ടിലെ തനത് രൂപത്തില്‍ ഇരുപത് റക്അത്തിലെ ഓരോ നാലിലും അല്‍പം സ്വലാത്തും തഹ്‌ലീലുമൊക്കെയായി നാടിന്റെ ഓര്‍മകളെ തേടുന്നു. മൂന്ന് തവണയായാണ് ചില പള്ളികളില്‍ തറാവീഹ് നിസ്‌കാരം നടക്കുക.

പുണ്യം തേടി റമദാനില്‍ പ്രവാസ ലോകം കാരുണ്യം ചൊരിയുന്നു, നോമ്പുതുറ തനി നാടന്‍

ആദ്യം ഇശാ നമസ്‌കാര ശേഷം പള്ളി ഇമാം നേതൃത്വം നല്‍കുമെങ്കില്‍ രണ്ടാമതും മൂന്നാമതും പത്ത് മണിക്കും പന്ത്രണ്ട് മണിക്കും ജോലി കഴിഞ്ഞെത്തുന്നവര്‍ താല്‍ക്കാലികമായി കണ്ടെത്തുന്ന ഇമാമുകള്‍ നേതൃത്വം നല്‍കുന്നു. സ്വലാത്തും തഹ്ലീലും ചൊല്ലി നാട്ടുകാരൊത്ത് നിസ്‌കരിക്കാമെന്നതിനാല്‍ കാസര്‍കോട്ടുകാര്‍ അധികവും രണ്ടാമതും മൂന്നാമതും നടക്കുന്ന തറാവീഹിനാണ് എത്താറുള്ളത്.

പുണ്യം തേടി റമദാനില്‍ പ്രവാസ ലോകം കാരുണ്യം ചൊരിയുന്നു, നോമ്പുതുറ തനി നാടന്‍
Muneer P Cherkalam
വലിയ രീതിയില്‍ പടര്‍ന്ന് പ്രവാസത്തിലെ ഏറ്റവും അംഗ ബലമുള്ള കെ എം സി സിയും മറ്റു സംഘടനകളും നാട്ടിലെ അശരണരും ആലംബഹീനരുമായവരിലേക്ക് കാരുണ്യ വര്‍ഷം ചൊരിയുന്നു. പണമായും, വസ്ത്രങ്ങളായും, ഭക്ഷ്യധാന്യങ്ങളായും, ചികിത്സാ സഹായങ്ങളായും, പാര്‍പ്പിടങ്ങളായും, പഠന സഹായങ്ങളായും നാട്ടിലെ മുക്കിലും മൂലയിലുമെത്തുന്ന കോടികളുടെ സഹായങ്ങളില്‍ ഗള്‍ഫിലെ അസഹനീയ ചൂടില്‍ തുച്ഛ ശമ്പളത്തിന് ജോലി ചെയ്യുന്നവരുടെ നാണയത്തുട്ട് മുതല്‍ കരുണാര്‍ദ്രരായ ധനാഢ്യരുടെ ഘനം കൂടിയ നോട്ടുകളും സമം ചേര്‍ത്തതാണ്. റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പ്രവാസി സംഘടനകള്‍ളും, പ്രാദേശികമായ കൂട്ടായ്മകളും, വിവിധ മഹല്ല് ജമാഅത്തുകളും, മറ്റും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Article, Dubai, Masjid,  Muneer  P  Cherkalam,  Ramadan, Kasargodens. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia