ശമ്പളവും ആനുകൂല്യങ്ങളും ഇല്ല, വിസ കാലാവധിയും കഴിഞ്ഞു, നാട്ടിലേക്ക് മടങ്ങാന്‍ സാധികാതെ 110 ഇന്ത്യന്‍ തൊഴിലാളികള്‍ അബുദാബിയില്‍ കുടുങ്ങി
Apr 11, 2019, 15:06 IST
അബുദാബി:(www.kasargodvartha.com 11/04/2019) ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതെ വിസ കാലാവധിയും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ 110 ഇന്ത്യന്‍ തൊഴിലാളികള്‍ അബുദാബിയില്‍ കുടുങ്ങി. അബുദാബിയിലെ ലേബര്‍സിറ്റിയിലെ 11 മലയാളികള്‍ ഉള്‍പ്പെടെയുള്ള 110 തൊഴിലാളികളാണ് നാട്ടില്‍പോകാനാകാതെ കുടുങ്ങിക്കിടക്കുന്നത്. പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചര്‍ച്ചയ്‌ക്കെത്തിയ കമ്പനി പ്രതിനിധികള്‍ മേയ് 15നകം പ്രശ്‌നം പരഹരിക്കാമെന്ന് ഉറപ്പുനല്‍കിയതിന്റെ പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
സ്വകാര്യ ജിപ്‌സം മാര്‍ബിള്‍ കമ്പനി തൊഴിലാളികളായ ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ബാക്കിയുള്ളവര്‍ ബംഗ്ലദേശ്, നേപ്പാള്‍ സ്വദേശികളാണ്. പലരുടെയും വീസകാലാവധി കഴിഞ്ഞു. ഗുജറാത്തിയുടെ ഉമടസ്ഥതയില്‍ ദുബായില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയെ ഈജിപ്തുകാര്‍ ഏറ്റെടുത്തതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. തൊഴിലാളികളെയെല്ലാം അബുദാബിയിലേക്ക് കൊണ്ടുവന്നു. ഒട്ടേറെപ്പേരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. തുടരുന്നവര്‍ക്ക് ജോലിയും ശമ്പളവുമില്ല. പലരുടെയും വീസ കാലാവധി കഴിഞ്ഞിട്ട് 5 മാസത്തിലേറെയായി. സേവനാന്ത ആനുകൂല്യം അടക്കം വന്‍ തുക കിട്ടാനുള്ളവരുമുണ്ട്.
നേരത്തേ പ്രശ്‌നം പല തവണ കമ്പനിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും സ്വന്തം നിലയില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്കു പോകാനായിരുന്നു നിര്‍ദേശമെന്നും തൊഴിലാളികള്‍ പറഞ്ഞു. പണം കിട്ടുന്ന മുറയ്ക്ക് രണ്ടോ മൂന്നോ തവണകളായി നാട്ടിലേക്ക് അയച്ചുകൊടുക്കാമെന്നും അറിയിച്ചു. എന്നാല്‍ ഇതംഗീകരിക്കാന്‍ തൊഴിലാളികള്‍ തയാറായില്ല. പരിഹാരം നീണ്ടുപോയതോടെ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പോലീസിനെ സമീപിക്കുകയായിരുന്നു. തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ ക്യമ്പിലെത്തുമെന്ന് അറിഞ്ഞ കമ്പനിയുടെ എച്ച്ആര്‍ പ്രതിനിധികള്‍ ഉടന്‍തന്നെ അനുരഞ്ജന ചര്‍ച്ചയ്‌ക്കെത്തുകയായിരുന്നു.
പഴയ കമ്പനി എച്ച്ആര്‍ രാംസിങ്, പുതിയ കമ്പനി പ്രതിനിധി മണിമാരന്‍, ബ്രിജേഷ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. വ്യക്തമായ തീരുമാനം അറിയണമെന്ന് തൊഴിലാളികള്‍ ശഠിച്ചതോടെ മേയ്15 മുതല്‍ ഘട്ടം ഘട്ടമായി പറഞ്ഞുവിടാമെന്ന് അറിയിക്കുകയായിരുന്നു. അതുവരെ താല്‍പര്യമുള്ളവര്‍ക്ക് ജോലിക്ക് പോകാനുള്ള സൗകര്യമൊരുക്കാമെന്നും പറഞ്ഞു. അടിയന്തരമായി നാട്ടിലേക്കു പോകേണ്ടവര്‍ക്ക് കിട്ടാനുള്ളതില്‍ കുറച്ചു തുകയും ടിക്കറ്റും എടുത്തുനല്‍കാമെന്നു കമ്പനി അറിയിച്ചതായി സൂപ്പര്‍വൈസര്‍ ബാബു ജോണ്‍ പറഞ്ഞു.
താമസവും ഭക്ഷണവും കമ്പനി അധികൃതര്‍ നല്‍കാമെന്നും പറഞ്ഞതിനാല്‍ മേയ് 15 വരെ കാത്തിരിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ജീവനക്കാരുടെ ആനുകൂല്യത്തിനുള്ള തുക പഴയ കമ്പനി പുതിയ കമ്പനിക്ക് കൈമാറിയെങ്കിലും വിതരണം ചെയ്യാതെ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.
കൊല്ലം സ്വദേശി ഫസലിന്റെ വീസ കാലാവധി തീര്‍ന്നു. അടിയന്തര ആവശ്യത്തിന് നാട്ടില്‍ പോകേണ്ടിവന്നാല്‍ എന്തുചെയ്യുമെന്നാണ് ഫസല്‍ ചോദിക്കുന്നത്. ശമ്പള കുടിശികയും ആനുകൂല്യവും ഉള്‍പ്പെടെ 20,631 ദിര്‍ഹം കിട്ടാനുണ്ട്. ചോദിക്കുമ്പോള്‍ പണമില്ലെന്നാണ് കമ്പനിയുടെ മറുപടി. 19 വര്‍ഷമായി പെയിന്ററായി ജോലി ചെയ്യുന്ന തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി രമേഷിന്റെ വീസ കാലാവധി കഴിഞ്ഞിട്ട് 5 മാസമായി. രമേഷും ഫസലും ഉള്‍പ്പെടെ 20 പേരുടെ വീസയുടെ കാലാവധി കഴിഞ്ഞു. ഒരു വര്‍ഷം മുന്‍പ് ജൂനിയര്‍ സൂപ്പര്‍വൈസറായി എത്തിയ നെടുമ്പാശേരി വടക്കേ കുതിയതോട് സ്വദേശി മാര്‍ട്ടിനും 16,000ത്തിലേറെ ദിര്‍ഹം കിട്ടാനുണ്ട്. ശമ്പമില്ലാതെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. മലയാളികള്‍ക്ക് പുറമെ യുപി, ഗുജറാത്ത് സ്വദേശികളായ മറ്റു തൊഴിലാളികളും ആനുകൂല്യം വാങ്ങി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Abudhabi, Gulf, Kollam, Labours, Malayale, Visa, Salary, Superwiser, Company, Visa validity expired 110 Indian labourers trapped in Abudhabi