മൂടല്‍മഞ്ഞ്: വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്
അബൂദബി: (www.kasargodvartha.com 23.05.2021) യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ച മൂടല്‍മഞ്ഞ് വ്യാപിച്ച സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. പ്രധാന റോഡുകളില്‍ വേഗത പരമാവധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കി കുറച്ചെന്ന് അബൂദബി പൊലീസ് അറിയിച്ചു. രാവിലെ എട്ടു മണി വരെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ചയെ മറയ്ക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മൂടല്‍മഞ്ഞ് ഉള്ളപ്പോള്‍ പുതുക്കിയ വേഗത അനുസരിച്ച് വാഹനമോടിക്കണമെന്ന് പൊലീസ് പറഞ്ഞു. സ്മാര്‍ട് ടവറുകളില്‍ കാണിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി. മോശം കാലാവസ്ഥയിലും മൂടല്‍മഞ്ഞ് ഉള്ളപ്പോഴും അബൂദബിയിലെ റോഡുകളിലും ഹൈവേകളിലും വേഗപരിധി ഓടോമാറ്റിക് ആയി കുറയും. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡില്‍ സ്പീഡ് റിഡക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു.