New Council | യുഎഇയില്‍ മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാന്‍ ദേശീയ കൗണ്‍സില്‍ രൂപീകരിച്ചു; 'പ്രധാന ദൗത്യം അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക'
അബൂദബി: (www.kasargodvartha.com) യുഎഇയില്‍ മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാന്‍ ദേശീയ കൗണ്‍സില്‍ രൂപീകരിച്ചതായി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി. രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നാഷനല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറല്‍ ശെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനാണ്. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനൊപ്പം മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് കൗണ്‍സിലിന്റെ പ്രധാന ദൗത്യം. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് മെഡികല്‍ സഹായമുള്‍പെടെ ലഭ്യമാക്കാന്‍ കൗണ്‍സില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദുബൈ ഭരണാധികാരി പറഞ്ഞു.
മയക്കുമരുന്നിന്റെ ഉപയോഗം സമൂഹത്തെ ബാധിച്ച കാന്‍സറാണെന്നും ഇതിനെതിരെ ഒരുമിച്ച് ജാഗ്രതയോടെ പ്രവര്‍ത്തിക്കണണെന്നും ദുബൈ ഭരണാധികാരി പറഞ്ഞു. അതിര്‍ത്തികളിലൂടെ രാജ്യത്തേക്ക് മയക്കുമരുന്ന് എത്തുന്നത് തടയാനുളള നടപടികളും കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. മയക്കുമരുന്ന് പ്രതിരോധം ദേശസ്‌നേഹം പോലെ പ്രധാനപ്പെട്ട ദൗത്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: UAE, News, Gulf, World, Top-Headlines, UAE: Sheikh Mohammed announces new council to combat drugs.