city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു.എ.ഇ 43-ാമത് ദേശീയ ദിനാഘോഷം: ജനസാഗരം തീര്‍ത്ത് ദുബൈ കെ.എം.സി.സി സമ്മേളനം

ദുബൈ: (www.kasargodvartha.com 05.12.2014) അറബ് - ഇന്ത്യാ സൗഹൃദത്തിന്റെ ആഴവും പരപ്പും വിളിച്ചോതി യു.എ.ഇയുടെ 43-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് വന്‍ ജന സാഗരത്തെ സാക്ഷി നിര്‍ത്തി പ്രൗഡോജ്വല സമാപനം. ദുബൈ കെ.എം.സി.സി യുടെ സംഘടനാ ശക്തിയും ജനകീയാടിത്തറയും വിളിച്ചോതി ദുബൈ ഗര്‍ഹൂദ് എന്‍.ഐ. മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

അറബ് സമൂഹവും ഇന്ത്യയും തമ്മിലുള്ള ബന്ധം പൗരാണിക കാലം മുതലുള്ളതാണെന്നും, മാന്യതയും മനുഷ്യത്വവും കൈമോശം വരാതെ കച്ചവടവും സാംസ്‌കാരിക വിമയവും സാധ്യമാക്കിയ ബന്ധമായിരുന്നു അതെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ സമാപന സമ്മേളനത്തില്‍ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു.

കലാ - കായിക മത്സരങ്ങള്‍, സാംസ്‌കാരിക സെമിനാര്‍, വനിതാ സമ്മേളനം, മറ്റ് ശ്രദ്ധേയമായ നിരവധി പരിപാടികള്‍ക്ക് ശേഷമാണ് മൂന്ന് മാസക്കാലത്തെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. അറബികളും ഇന്ത്യയും തമ്മിലുള്ള ബന്ധം പൊക്കിള്‍കൊടിപോലെ സുദൃഢമാണ് എന്നും നൂറ്റാണ്ടുകള്‍ക്കപ്പുറവും ആ സൗഹൃദത്തിന് ഒരു വിള്ളലുമില്ലെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തികൊണ്ട് പ്രമുഖ വാഗ്മീയിയായ എം.പി അബ്ദുസമദ്‌സമദാനി അഭിപ്രായപെട്ടു.

നാല് പതിറ്റാണ്ട് കൊണ്ട് പത്തര മാറ്റിന്റെ തിളക്കത്തോടെ ലോകത്തിന്റെ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് യു.എ.ഇ എന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര - സാങ്കേതിക രംഗത്തെ യു.എ.ഇ യുടെ വളര്‍ച്ച ലോകം ഉറ്റു നോക്കുകയാണ്. സാംസ്‌ക്കാരിക - സാഹിത്യ മേഖലയില്‍ ഒട്ടേറെ മഹത്തായ സംഭാവനകള്‍ ലോകത്തിനു സമര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്, യു.എ.ഇ യുടെ രാഷ്ട്ര പിതാവ് ശൈഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല നഹയാന്‍ ലോകത്തിന്റെ മാതൃകാ പുരുഷനായി ഇന്നും ജന മനസുകളില്‍ ജീവിക്കുകയാണ്. ധീഷണാശാലികളായ ഭരണാധികാരികളാണ് യു.എ.ഇയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃ രാജ്യമായ ഇന്ത്യയെ സ്‌നേഹിക്കുന്ന അതേ അളവിലും ആത്മാര്‍ത്ഥതയിലും പോറ്റമ നാടിനെയും സ്‌നേഹിക്കുന്ന മലയാളികള്‍ ഇരു രാജ്യങ്ങളിലെയും അംബാസിഡര്‍മാരെ പോലെയാണെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മുസ്ലീം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് അഭിപ്രായപെട്ടു. സ്വന്തം ജനതയോടെന്നപോലെ വിദേശ പൗരന്‍മാരോടും പെരുമാറുന്ന യു.എ.ഇ ഭരണകൂടത്തിന്റെ ഉദാരത തുല്യതയില്ലാത്ത മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവ കാരുണ്യ രംഗത്ത് ദുബൈ കെ.എം.സി.സി ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെയധികം മതിപ്പോടെയാണ് ജനങ്ങളും സര്‍ക്കാരും നോക്കിക്കാണുന്നത് എന്ന് ചടങ്ങില്‍ സംബന്ധിച്ച കേരള പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ അഭിപ്രായപെട്ടു.

ദുബൈ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് സേട്ട്, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ പി.വി അബ്ദുല്‍ വഹാബ്, കെ.എസ് ഹംസ, അഹമദ് കുട്ടി ഉണ്ണികുളം, ഡോ. പി.എ ഇബ്രാഹീം ഹാജി ,ഡോ. പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, യഹയ തളങ്കര, സയ്യിദ് കോയമ്മ തങ്ങള്‍, പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, ഡോ. കെ.ടി റബീഹുല്ല, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ടി.പി മഹമൂദ് ഹാജി, എന്നിവര്‍ പ്രസംഗിച്ചു.

കെ.എം.സി.സി നേതാക്കളായ കെ.പി മുഹമ്മദ് കുട്ടി സൗദി, നിഅമത്തുല്ല കോട്ടക്കല്‍, സി.കെ.വി യൂസുഫ് മസ്‌കറ്റ്, പി.വി അബൂബക്കര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു. വിവധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വി. സുനില്‍കുമാര്‍, കെ.എം ഇബ്രാഹിം, ഡോ. വെന്നിയില്‍ വിശ്വനാഥന്‍, കബീര്‍ കമാലുദ്ദീന്‍, മുജ്ജബ് റഹ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കെ.എം.സി.സി യുടെ ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ എം.സി.എ നാസര്‍ (മീഡിയ വണ്‍), എന്‍.എം ജാഫര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), നിഷ് മേലാറ്റൂര്‍ (ദര്‍ശന ടി.വി), റോയ് റാഫേല്‍ (ഗോള്‍ഡ് എഫ്.എം) എന്നിവര്‍ക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനം പരിഗണിച്ച് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ സി.പി എം കോയ മാസ്റ്റര്‍ക്ക് പ്രത്യേക ആദരം നല്‍കി.

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വിയോഗത്തിലുള്ള ദുബൈ കെ.എം.സി.സി യുടെ അനുശോചന പ്രമേയം ദുബൈ കെ.എം.സി.സി ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. സാജിദ് അബൂബക്കര്‍ അവതരിപ്പിച്ചു. ദുബൈ കെ.എം.സി.സി നേതാകളായ റഈസ് തലശേരി, മുഹമ്മദ് വെന്നിയൂര്‍, ഹനീഫ് കല്‍മട്ട, മുഹമ്മദ് വെട്ടുകാട്, ഹസൈനാര്‍ തോട്ടുംഭാഗം, ആര്‍. നൗഷാദ്, ഹനീഫ് ചെര്‍ക്കള, ബീരാവുണ്ണി തൃത്താല, എന്‍.സി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ ഇബ്രാഹിം നന്ദി പറഞ്ഞു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia