city-gold-ad-for-blogger

വേനല്‍ ചൂടിലും സഞ്ചാരികള്‍ക്ക് പച്ചപ്പിന്റെ മനോഹര കാഴ്ച്ചയൊരുക്കി ഷാര്‍ജ അല്‍ നൂര്‍ ദ്വീപ്

ഷാര്‍ജ:(www.kasargodvartha.com 10/05/2018) മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന ചൂടിലും സഞ്ചാരികള്‍ക്ക് പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മനോഹര കാഴ്ചകളൊരുക്കുകയാണ് ഷാര്‍ജ അല്‍ നൂര്‍ ദ്വീപ്. പച്ച പുതച്ചു നില്‍ക്കുന്ന വലിയ മരങ്ങളും കാടിന്റെ തണുപ്പ് പകരുന്ന തടിയില്‍ തീര്‍ത്ത നടവഴികളുമെല്ലാമുള്ള ദ്വീപില്‍ കൂടൊരുക്കി പക്ഷികളും സന്ദര്‍ശകര്‍ക്ക് നവ്യനുഭവം പകരുന്ന കാഴ്ച്ചയാണ്. ദേശാടന കിളികളുടെ ഇഷ്ടമേഖലയായ ഖാലിദ് ലഗൂണിലെ ഈ ദ്വീപ്, യുഎഇ യിലെ തന്നെ അപൂര്‍വയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ്.

യുഎഇയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളിലൊന്നായ അല്‍ നൂര്‍ ദ്വീപിലാണ് രാജ്യത്തെ പക്ഷി വൈവിധ്യത്തിന്റ പത്ത് ശതമാനവുമുള്ളത്. രാവും പകലുമായി പല ദേശങ്ങളില്‍ നിന്ന് ഇവിടേക്ക് 'പക്ഷിസന്ദര്‍ശകരെ'ത്തുന്നു. ഈ പക്ഷിവൈവിധ്യം സഞ്ചാരികള്‍ക്ക് നേരിട്ടറിയാനുള്ള അവസരവും അല്‍ നൂര്‍ ദ്വീപിലുണ്ട്. വേനല്‍ ചൂടില്‍ തണല്‍ തേടിയെത്തുന്ന സഞ്ചാരികള്‍ക്കായി പക്ഷി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. നേരത്തെ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ നിന്ന് തെരെഞ്ഞെടുത്ത 33 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സാധാരണത്തേതില്‍ നിന്ന് വ്യത്യസ്തമായി ദ്വീപിലെ വൃക്ഷങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

വേനല്‍ ചൂടിലും സഞ്ചാരികള്‍ക്ക് പച്ചപ്പിന്റെ മനോഹര കാഴ്ച്ചയൊരുക്കി ഷാര്‍ജ അല്‍ നൂര്‍ ദ്വീപ്


'പ്രകൃതിയുടെ തനിമയും ജൈവ വൈവിധ്യവും സംരക്ഷിക്കുകയാണ് അല്‍ നൂര്‍ ദ്വീപിന്റെ ലക്ഷ്യം. ഇത് പോലെയുള്ള പ്രദര്‍ശനങ്ങളിലൂടെ ആ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാവും'. അല്‍ നൂര്‍ ദ്വീപ് മാനേജര്‍ മര്‍വ ഉബൈദ് അല്‍ ഷംസി പറയുന്നു. പ്രദര്‍ശനം രണ്ടു മാസം നീണ്ടു നില്‍ക്കും. ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് പാര്‍ക്കിനും അല്‍ മുന്‍തസ ഉദ്യാനത്തിനും ഇടയിലുള്ള ഈ ദ്വീപ്, 'ശലഭ ദ്വീപ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

ഡാര്‍ക്ക് ബ്ലൂ ടൈഗര്‍, പീക്കോക് പാന്‍സി,ലൈം ബട്ടര്‍ഫ്ളൈ ഗ്രേറ്റ് എഗ് ഫ്ളൈ തുടങ്ങിയ അത്യപൂര്‍വ്വയിനങ്ങളിലുള്ള ചിത്രശലഭങ്ങളെ ഇവിടെ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച ചിത്രശലഭങ്ങള്‍ക്കു ജീവിക്കാന്‍ അനുയോജ്യമായ വിധത്തില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കിയ 'ബട്ടര്‍ ഫ്‌ലൈ ഹൗസി'ലാണ് ശലഭ കാഴ്ചകളുള്ളത്. അല്‍ നൂര്‍ പള്ളിക്കു സമീപത്തെ പാലംവഴിയാണ് ദ്വീപിലേക്കുള്ള പ്രവേശനം.

ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ശുറൂഖ്) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ ദ്വീപിനു രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രകൃതിയില്‍ ലയിച്ചു നില്‍ക്കുന്ന വേറിട്ട കെട്ടിട മാതൃകയും ലോകപ്രശസ്തമാണ്. രാവിലെ ഒമ്പതുമുതലാണ് സന്ദര്‍ശക സമയം. പ്രവൃത്തിദിവസങ്ങളില്‍ രാത്രി 11വരെയും വാരാന്ത്യദിനങ്ങളില്‍ രാത്രി 12വരെയും സന്ദര്‍ശകരെ സ്വീകരിക്കും. റമദാനില്‍ വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി പതിനൊന്നു വരെയാണ് പ്രവേശനം. ബട്ടര്‍ ഫ്‌ലൈ ഹൗസ് വൈകുന്നേരം 7 മണിയോടെ അടക്കും.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുത്തശ്ശന്‍ മരങ്ങള്‍,ഫോസില്‍ റോക്കുകള്‍, അപൂര്‍വയിനം കള്ളിമുള്‍ ചെടികള്‍, ലിറ്ററേച്ചര്‍ പവലിയന്‍ കാറ്റിനനുസരിച്ച് നൃത്തമാടുന്ന വിവിധ വര്‍ണങ്ങളിലുള്ള കൊടികള്‍ തുടങ്ങി മറ്റനേകം കാഴ്ചകളും അല്‍നൂര്‍ ദ്വീപിലെത്തുന്നവര്‍ക്കു വിരുന്നൊരുക്കുന്നു. കുട്ടികള്‍ക്കായുള്ള പാര്‍ക്കും റസ്റ്ററന്റും ദ്വീപിനകത്തുണ്ട്. രാത്രികളിലാണ് അല്‍ നൂര്‍ ദ്വീപ് ഏറ്റവും മനോഹരമാവുന്നത്. പുല്‍ത്തകിടിയില്‍ ഒളിപ്പിച്ചു വെച്ച വെളിച്ച സംവിധാനങ്ങള്‍ മിന്നാമിനുങ്ങിനെ പോലെ പ്രകാശം ചൊരിയുന്ന ദൃശ്യം ആരുടേയും മനം കവരും. മരങ്ങളിലും ചെടികളിലും ഉറപ്പിക്കുന്ന വര്‍ണ വൈവിധ്യങ്ങള്‍ക്കൊപ്പം പതിഞ്ഞ സംഗീതം കൂടിയാവുമ്പോള്‍ സഞ്ചാരികളുടെ ആവേശം ഇരട്ടിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sharjah, Gulf, Top-Headlines, UAE, Tourists can also enjoy the beautiful view of the greenery of Sharjah al-Nour

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia