സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി പബ്ലിക് പ്രൊസിക്യൂഷന്‍; ഒരുവര്‍ഷം തടവും, 50,000 റിയാല്‍ പിഴയും
റിയാദ്: (www.kasargodvartha.com 28.11.2020) സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി പബ്ലിക് പ്രൊസിക്യൂഷന്‍. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നതെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് നേരെ ശാരീരികമോ മാനസികമോ ലൈംഗികമോ ആയ അതിക്രമങ്ങളോ ഭീഷണികളോ നടത്തിയാല്‍ ഒരു വര്‍ഷം വരെ തടവും 50,000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ നല്‍കുക. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷയും ഇരട്ടിയാവും.
അതേസമയം അതിക്രമത്തിന്റെ തീവ്രത വര്‍ധിക്കുന്നതിനനുസരിച്ച് ശിക്ഷയുടെ കാഠിന്യവും കൂടുമെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. വീടുകളിലും ജോലി സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ വകുപ്പുകളാണ് സൗദിയിലെ പ്രൊട്ടക്ഷന്‍ ഫ്രം അബ്യൂസ് നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നിയമ പ്രകാരം രക്ഷിതാക്കളും ഭര്‍ത്താക്കന്‍മാരും സ്പോണ്‍സര്‍മാരും തൊഴിലുടമകളും സ്ത്രീകളുമായുള്ള ഇടപെടലുകളില്‍ പാലിക്കേണ്ട അതിര്‍വരമ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. ഇത് ലംഘിക്കുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമമായാണ് കണക്കാക്കുക.