നിറയെ സ്വപ്‌നങ്ങളുമായി പ്രവാസ ലോകത്തെത്തിയ കാസർകോട് സ്വദേശിക്ക് നേരിടേണ്ടി വന്നത് കണ്ണീരിൽ കുതിർന്ന പ്രയാസങ്ങൾ; മരുഭൂമിയിലും ജയിലിലുമായി ജീവിതം; ഒടുവിൽ ഐ സി എഫിന്റെ കനിവിൽ നാടണിഞ്ഞു
May 25, 2021, 23:19 IST
കാസർകോട്: (www.kasargodvartha.com 25.05.2021) വലിയ പ്രതീക്ഷയോടെ പ്രവാസ ലോകത്തെത്തിയ കാസർകോട് സ്വദേശിക്ക് അനുഭവിക്കേണ്ടി വന്നത് തുല്യതയില്ലാത്ത പ്രതിസന്ധികൾ. മരുഭൂമിയിലും ജയിലിലുമായി യാതന അനുഭവിച്ച കാസർകോട് സ്വദേശിയായ മൊയ്‌തീൻ കുഞ്ഞി ഒടുവിൽ ഐ സി എഫിന്റെ കനിവിൽ ചൊവ്വാഴ്ച നാടണിഞ്ഞു.
60000 ഇൻഡ്യൻ രൂപ നൽകി ഏജന്റ് മുഖേനയാണ് മൊയ്‌തീൻ കുഞ്ഞി സൗദി അറേബ്യയിൽ എത്തിയത്. വലിയ വാഗ്ദാനങ്ങളാണ് ഏജന്റ് നൽകിയത്. എന്നാൽ അവിടെയെത്തിയപ്പോഴാണ് താൻ കബളിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹത്തിന് മനസിലായത്. എട്ടു മാസത്തോളം ഒരു മരുഭൂമിയിൽ കഠിനമായ വീട്ടു ജോലി ചെയ്‌തെങ്കിലും ശമ്പളമോ മതിയായ ഭക്ഷണമോ ലഭിച്ചില്ല. വിസ, ടികെറ്റ് തുടങ്ങിയവയ്ക്ക് നൽകിയ തുകയും തന്നെ ആശ്രയിച്ച് കഴിയുന്ന മാതാവും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ പ്രാരാബ്ധവും അദ്ദേഹത്തിന് സമ്മാനിച്ചത് കണ്ണീരിന്റെ അനുഭവങ്ങള്‍ മാത്രം.
അതികഠിനമായ സാഹചര്യത്തിൽ പ്രതീക്ഷയുടെ വെട്ടവുമായി വന്നെത്തിയ അവരുടെ വാക്കുകൾ വിശ്വസിച്ച് വലിയ പ്രതീക്ഷയോടെ 20 ദിനാർ നൽകി ആടുകളെ കയറ്റുന്ന ട്രകില്‍ ഒളിച്ചു ആരുടേയും കണ്ണിൽ പെടാതെ അദ്ദേഹം ബഹ്‌റൈനിലെത്തി. പാസ്‌പോർടോ മറ്റു രേഖകളോ കൈവശമില്ലാതെയാണ് ബഹ്‌റൈനിൽ ചെന്നിറങ്ങിയത്.
രേഖകളില്ലാതെ തന്നെ അദ്ദേഹം പല കഫ്തേരിയകളിലും ഒന്നര വർഷത്തോളം തുച്ചമായ ശമ്പളത്തില്‍ ജോലി ചെയ്തു. അസുഖബാധിതയായ മാതാവിനെയും പ്രിയപ്പെട്ട ഭാര്യയെയും പിഞ്ചു മക്കളെയുമൊക്കെ കാണാനുള്ള അതിയായ ആഗ്രഹം പലപ്പോഴും മനസിൽ വരുമെങ്കിലും ഒരു രേഖയും കയ്യിലില്ലാത്തത് വിലങ്ങു തടിയായി. ആഗ്രഹത്താൽ പല വാതിലുകളും മുട്ടിനോക്കിയെങ്കിലും ഫലം കണ്ടില്ല.
അതിനിടയിലാണ് നാട്ടിലെ സംഘടനാ പ്രവർത്തകരിൽ നിന്ന് മൊയ്‌തീൻ കുഞ്ഞിയുടെ ദുരവസ്ഥ ഐ സി എഫ് പ്രവർത്തകർക്ക് അറിയാൻ കഴിഞ്ഞത്. പിന്നെ താമസം ഉണ്ടായില്ല. അദ്ദേഹത്തെ തേടിപ്പിടിച്ച് കണ്ടെത്തി വിവരങ്ങൾ ആരാഞ്ഞു. രേഖകൾ ഇല്ലാത്തതിനാൽ അധികൃതർക്ക് പിടുത്തം കൊടുക്കാൻ തീരുമാനിച്ചു. കോസ് വെയിലും അസ്രിയിലും മാറി മാറി നാലു മാസത്തോളം ജയിലില്‍ കിടന്നു. ജയിൽ അധികൃതരുമായി ഐ സി എഫ് പ്രവർത്തകരും അതിനിടയിൽ ബന്ധപ്പെട്ട് കൊണ്ടേയിരുന്നു. കാര്യങ്ങളെല്ലാം വലിയ ഇടവേളകളില്ലാതെ നീങ്ങി.
വിവരങ്ങളറിയാന്‍ വിളിക്കുന്നതിനിടെ ജയിലിൽ കൂടെയുള്ള ഒരാളുടെ അനുഭവവും ഐ സി എഫ് പ്രവർത്തകരുമായി അദ്ദേഹം പങ്കിട്ടു. ബഹ്‌റൈനില്‍ വലിയ സമ്പന്നതയില്‍ ജീവിച്ച ഒരാൾ ചെക് കേസില്‍ പെടുകയും ഒടുവിൽ കേസുകളെല്ലാം കഴിഞ്ഞ് ടികെറ്റിന് വകയില്ലാതെ നിരാശയില്‍ കഴിയുന്ന സംഭവം അദ്ദേഹം പറഞ്ഞു. എന്റെതിനേക്കാള്‍ അയാൾക്ക് പ്രാധാന്യം കൊടുക്കണമെന്നും എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ സഹായിക്കണമെന്നും പറഞ്ഞു അയാൾക്ക് സംസാരിക്കാൻ മൊയ്‌തീൻ കുഞ്ഞി ഫോൺ കൈമാറിയത് പ്രവർത്തകർക്ക് അത്ഭുതമുളവാക്കി.
ഒടുവിൽ എല്ലാ കടമ്പകളും കടന്ന് ചൊവ്വാഴ്ച മൊയ്‌തീൻ കുഞ്ഞി നാട്ടിലെത്തി. ഇതിനിടയിൽ ജയിലിൽ കൂടെയുണ്ടായിരുന്ന വ്യക്തിയെയും ഐ സി എഫ് പ്രവർത്തകർ നാട്ടിലെത്തിച്ചിരുന്നു. തുടക്കം മുതൽ സഹായിച്ച ഐ സി എഫ് പ്രവർത്തകർ തന്നെയാണ് മൊയ്‌തീൻ കുഞ്ഞിയുടെ ടികെറ്റും വഹിച്ചത്. അദ്ദേഹം നാട്ടിലെത്തുമ്പോൾ വലിയൊരു സങ്കടത്തിനാണ് തിരശീല വീഴുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, Gulf, Saudi Arabia, Youth, Work, Cheating, Fraud, Jail,