Died | കാസർകോട് സ്വദേശി സഊദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു; ദുരന്തം അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെ
റിയാദ്: (www.kasargodvartha.com) കാസർകോട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. അമ്പലത്തറ ഗുരുപുരം ബാത്തൂര്‍ കുണ്ടുംകുഴിയിലെ മണികണ്ഠന്‍ (35) ആണ് മരിച്ചത്. എട്ട് വര്‍ഷമായി റിയാദ് ബദീഅയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
മുസാഹ്മിയയിലെ സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി റിയാദിലേക്ക് മടങ്ങി വരുന്നതിനിടെ വാദി ലബനിൽ വെച്ചാണ് അപകടം സംഭവിച്ചത്. വാഹനം ആളൊഴിഞ്ഞ ഉള്‍പ്രദേശത്ത് മറിഞ്ഞ നിലയിലായിരുന്നു. മണികണ്ഠന്‍ ഓടിച്ചിരുന്ന വാഹനം ചാറ്റൽ മഴയെ തുടർന്ന് റോഡില്‍ നിന്ന് തെന്നിമാറി മറിഞ്ഞുവെന്നാണ് കരുതുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
ഒരുവർഷം മുമ്പാണ് മണികണ്ഠൻ നാട്ടിൽ പോയി വന്നത്. അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. പരേതരായ കണ്ണന്‍ വെള്ളിച്ചപ്പാടൻ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: രാമചന്ദ്രന്‍, കുഞ്ഞി കൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Keywords: Riyadh, news, Gulf, World, Top-Headlines, Death, Obituary, Saudi Arabia, Accident, Saudi Arabia: Native of Kasaragod died in accident.