Law Enforcement | സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചക്കിടെ പിടിയിലായത് 20,000-ലധികം വിദേശികൾ
● താമസ, തൊഴിൽ, അതിർത്തിസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 11,774 പ്രവാസികളെ നാടുകടത്തി.
● 1,374 പേരാണ് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്.
റിയാദ്: (KasargodVartha) സൗദി അറേബ്യയിൽ നടന്ന വ്യാപക പരിശോധനയിൽ ഒരാഴ്ചക്കിടെ താമസം, തൊഴിൽ, അതിർത്തി സുരക്ഷ എന്നീ നിയമങ്ങൾ ലംഘിച്ച 20,896 വിദേശികളെ അധികൃതർ പിടികൂടി. ഇതിൽ 11,930 പേർ താമസ നിയമം ലംഘിച്ചവരും, 5,649 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും, 3,317 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. സുരക്ഷാ സേനയും സർക്കാർ ഏജൻസികളും ചേർന്ന് നടത്തിയ ഫീൽഡ് പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങളുടെ പേരിൽ 20,896 പേരെ അറസ്റ്റ് ചെയ്തത്. ഇതിൽ 4,726 പുരുഷന്മാരും 1,927 സ്ത്രീകളുമായി 6,653 പേരെ യാത്രാ രേഖകൾ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളിലെ എംബസികളിലേക്ക് അയച്ചു. താമസ, തൊഴിൽ, അതിർത്തിസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ 11,774 പ്രവാസികളെ കൂടി നാടുകടത്തി.
1,374 പേരാണ് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്. ഇവരിൽ 43% യമനി പൗരന്മാരും, 55% ഇത്യോപ്യൻ പൗരന്മാരും, ബാക്കിയുള്ളവർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. 107 പേർ നിയമവിരുദ്ധമായി രാജ്യത്തുനിന്നും കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ഗതാഗതം, താമസം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള സഹായം നൽകുന്നത് കർശനമായി ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. ഇതിന് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനങ്ങളോട് സംശയാസ്പദമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ അധികൃതർ അഭ്യർഥിച്ചു. മക്ക, റിയാദ് മേഖലകളിൽ 911-ലും മറ്റ് പ്രദേശങ്ങളിൽ 996, 999 എന്നീ നമ്പറുകളിലും വിളിച്ച അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
#SaudiArabia #LawEnforcement #VisaViolations #MiddleEast #Deportation #BorderSecurity