Heavy Rain | സഊദിയില്‍ അടുത്ത വെള്ളിയാഴ്ച വരെ വിവിധ മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യത
റിയാദ്: (KasargodVartha) സഊദി അറേബ്യയില്‍ അടുത്ത വെള്ളിയാഴ്ച വരെ വിവിധ മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷയ്ക്ക് അതാവശ്യമാണെന്നും സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. അപകടഭീഷണിയുള്ള സ്ഥലങ്ങളില്‍ നീന്തരുതെന്നും നിര്‍ദേശിച്ചു.
വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങള്‍, ചതുപ്പ് നിലങ്ങള്‍, താഴ്വരകള്‍ എന്നിവക്കടുത്തുനിന്ന് മാറിനില്‍ക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ് ക്ക് സാധ്യത തുടരുന്നതിനാല്‍ വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ സൈറ്റുകളിലൂടെയും വരുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം മക്ക മേഖലയില്‍ സാമാന്യം ശക്തമായ മഴക്ക് സാധ്യതയുണ്ട്. കൂടെ ആലിപ്പഴവര്‍ഷവും പൊടിക്കാറ്റും ഉണ്ടായേക്കാം. മക്ക, ത്വാഇഫ്, ജുമും, കാമില്‍, ഖുര്‍മ, തുര്‍ബ, റനിയ, അല്‍മുവൈഹ്, അല്‍ലെയ്ത്, ഖുന്‍ഫുദ, അദ്മ്, അര്‍ദിയാത്, മെയ്‌സാന്‍, ബഹ്‌റ എന്നിവിടങ്ങളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയെന്നും സിവില്‍ ഡിഫന്‍സ് സൂചിപ്പിച്ചു. റിയാദ്, ജീസാന്‍, അസീര്‍, അല്‍ബാഹ, മദീന, ഹാഇല്‍, തബൂക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി, ഖസിം, കിഴക്കന്‍ മേഖല എന്നിവയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Keywords: Saudi Arabia, Rain, Gulf, Heavy Rain, Alert, Gulf News, Top-Headlines, weather, Weather News, World, World News, Reasonable To Heavy Rain To Hit Most Saudi Areas Till Friday.