Taxi Fares | ഒമാനില്‍ ഹോടെലുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, തുറമുഖം എന്നിവിടങ്ങളില്‍ നിന്നുമുള്ള ടാക്‌സി നിരക്ക് പ്രഖ്യാപിച്ചു
മസ്ഖത്: (KasargodVartha) ഒമാനില്‍ ഹോടെലുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സുല്‍ത്വാന്‍ ഖാബൂസ് തുറമുഖം എന്നിവിടങ്ങളില്‍ സേവനം നടത്താന്‍ ലൈസന്‍സ് നല്‍കിയ ആപ് അധിഷ്ഠിത ടാക്‌സികളുടെ നിരക്ക് പ്രഖ്യാപിച്ചു. ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഹോടെലുകളില്‍ സര്‍വീസ് നടത്തുന്ന ടാക്‌സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാല്‍ ആയിരിക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 250 ബൈസ ഈടാക്കും. 10 മിനിറ്റ് കഴിഞ്ഞാല്‍ വെയ്റ്റിങ് ചാര്‍ജ് ആയി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ ടാക്‌സി നിരക്ക് 300 ബൈസയില്‍ ആരംഭിക്കും. പിന്നീടുള്ള ഓരാ കിലോമീറ്ററിനും 130 ബൈസയായിരിക്കും. കാത്തിരിപ്പ് നിരക്ക് ഹോടെല്‍ ടാക്‌സികള്‍ക്ക് തുല്യമാണ്. യാത്രയുടെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരു റിയാല്‍ ആയിരിക്കുമെന്നും അധികൃതര്‍ വ്യക്താക്കി.
സുല്‍ത്വാന്‍ ഖാബൂസ് തുറമുഖത്തില്‍ സേവനം നടത്തുന്ന ടാക്‌സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാലായിരിക്കും. പിന്നീട് ഓരോ കി.മീറ്ററിന് 250 ബൈസയും 10 മിനിറ്റ് കഴിഞ്ഞാല്‍ വെയിറ്റിങ് ചാര്‍ജായി 50 ബൈസയും നല്‍കേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചു. വാണിജ്യ കേന്ദ്രങ്ങള്‍, ഹോടെലുകള്‍, സുല്‍ത്വാന്‍ ഖാബൂസ് തുറമുഖം എന്നിവിടങ്ങളില്‍ ടാക്‌സി സേവനങ്ങള്‍ നല്‍കാന്‍ ആപ് അധിഷ്ഠിത കംപനികള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ലൈസന്‍സ് അനുവദിച്ചു.
മര്‍ഹബയും ഒമാന്‍ ടാക്സിയും ഹോടെലുകളില്‍ നിന്നും, ഹല, ഒമാന്‍ ടാക്‌സി, ഒടാക്സി, ഹല, തസ്‌ലീം എന്നിവ മാളുകളില്‍നിന്നും, മര്‍ഹബ സുല്‍ത്വാന്‍ ഖാബൂസ് തുറമുഖത്തുനിന്നും സര്‍വാസ് നടത്തുന്നതിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ട് ആപ് അധിഷ്ഠിത കംപനികള്‍ക്ക് വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസ് നടത്താന്‍ നേരത്തേ അനുമതികൊടുത്തിരുന്നു.
Keywords: News, Top-Headlines, World, World News, Gulf News, Business, Oman, Gulf, Transport Ministry, Taxi Fares, Hotels, Malls, Ports, Oman’s transport ministry announces taxi fares at hotels, malls, ports.