city-gold-ad-for-blogger

SalamAir | പ്രവാസികള്‍ക്ക് തിരിച്ചടി; സലാം എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്‍ഡ്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തുന്നു

മസ്ഖത്: (www.kasargodvartha.com) ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്‍ഡ്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കുന്നു. അടുത്ത മാസം ഒന്ന് മുതലാണ് സര്‍വീസ് നിര്‍ത്തുന്നത്. വെബ്സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുകിങ് സൗകര്യവും നീക്കിയിട്ടുണ്ട്. ബുകിങ് പണം തിരികെ നല്‍കും.

നേരത്തെ ടികറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടികറ്റ് തുക റീ ഫന്‍ഡ് നല്‍കും. ടികറ്റ് റീ ഫന്‍ഡ് ലഭിക്കുന്നതിന് സലാം എയറിനെയോ ടികറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്. ഇന്‍ഡ്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍കുലറില്‍ കംപനി വ്യക്തമാക്കി.

നിലവില്‍ മസ്ഖതില്‍നിന്ന് തിരുവനന്തപുരം, ലക്നൗ, ജയ്പുര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് സലാം എയറിന്റെ ഇന്‍ഡ്യയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍. ചില കണക്ഷന്‍ സര്‍വീസുകളും നടത്തിവരുന്നുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ സെക്ടറുകളില്‍ ടികറ്റിംഗ് ബുകിങ് നടക്കുന്നില്ല. സലാം എയര്‍ അടുത്തിടെ പ്രഖ്യാപിച്ച ഒക്ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വീസും റദ്ദാക്കിയവയില്‍ പെടുന്നു.

നിരവധി പേരാണ് സലാം എയറിനെ ആശ്രയിച്ചിരുന്നതെന്നും അടുത്ത മാസങ്ങളിലേക്ക് ടികറ്റെടുത്തിരുന്ന മുഴുവന്‍ ആളുകള്‍ക്കും ടികറ്റുകള്‍ റീ ഫന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണെന്ന് ട്രാവല്‍ ഏജന്‍സികളും പറയുന്നു.

അതേസമയം, എത്ര കാലത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന സലാം എയറിന്റെ പിന്‍മാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയാണ്. സര്‍വീസുകള്‍ കുറയുന്നതോടെ ടികറ്റ് നിരക്കുകള്‍ ഉയരാന്‍ ഇത് കാരണമാകും.

SalamAir | പ്രവാസികള്‍ക്ക് തിരിച്ചടി; സലാം എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്‍ഡ്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തുന്നു


Keywords: News, Gulf, Gulf-News, Top-Headlines, Malayalam-News, Oman News, SalamAir Halts, India Operations, UAE, Flights, Canceled, Service, Oman’s SalamAir halts India operations, with UAE flights also affected.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia