Appeal | ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രവാസികൾ മുന്നോട്ടു വരണമെന്ന് ഡോ. സുബൈർ ഹുദവി
● കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രവാസികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
● ഉത്തരേന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ അനേകം ആളുകളുണ്ട്.
● ഖുർത്വുബ ഫൗണ്ടേഷൻ ബീഹാറിലെ കിഷൻഗഞ്ചിൽ വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നു.
ദുബൈ: (KasargodVartha) കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ മുഖ്യപങ്കുവഹിച്ച പ്രവാസി സമൂഹം, ഉത്തരേന്ത്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പിന്നാക്ക സമൂഹങ്ങളെ കൂടി ചേർത്തുപിടിക്കാനും ശാക്തീകരിക്കാനും മുന്നോട്ടുവരണമെന്ന് ഖുർത്വുബ ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ സുബൈർ ഹുദവി അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അബു ഹൈൽ കെ എം സി സി ആസ്ഥാനത്തു സംഘടിപ്പിച്ച മുഹിബ്ബേ റസൂൽ മിലാദ് നബി പ്രോഗ്രാമിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ജനസംഖ്യയുടെ കേവലം 5% മാത്രം അധിവസിക്കുന്ന കേരളത്തിൽ വിദ്യാഭ്യാസ ശാക്തീകരണ രംഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് അതുല്യമായ നേട്ടങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ പ്രവാസികളുടെ പങ്ക് അനിർവജനീയമാണ്. ഇന്ത്യയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുസ്ലിം സമൂഹത്തിൻ്റെ 95 ശതമാനവും, ഏതാണ്ട് 20 കോടിയോളം, കേരളേതര സംസ്ഥാനങ്ങളിൽ ആണ് അധിവസിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ അനവധി ആളുകളാണ് അവിടങ്ങളിൽ കഴിയുന്നത്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള വലിയ സാധ്യതകളാണ് ഓരോ ഗ്രാമങ്ങളിലും നമുക്ക് മുന്നിലുള്ളത്.
ഇത്തരം ലക്ഷ്യങ്ങൾ മുന്നിൽകണ്ടു കൊണ്ടാണ് അത്യാവശ്യമാം വിവിധ സ്ഥാപനങ്ങൾ തുടങ്ങി കൊണ്ട് ഖുർത്വുബ ഫൗണ്ടേഷനും, പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷീകരിച്ച് പ്രയാൺ ഫൗണ്ടേഷനും, കഴിഞ്ഞ ആറ് വർഷമായി ബീഹാറിലെ കിഷൻഗഞ്ച് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്നത്. ഇനിയും ആയിരക്കരക്കിന് ഗ്രാമങ്ങൾ ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി നമ്മുടെ മുന്നിൽ കൈനീട്ടി വരുന്ന ഈ സാഹചര്യത്തിൽ ഈ വലിയൊരു ഉദ്യമം ഏറ്റെടുക്കാൻ പ്രവാസി സമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ല നിലവാരമുള്ള, റസിഡൻഷ്യൽ സൗകര്യത്തോടെയുള്ള, ഹിന്ദി - ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, അനാഥർക്കും അഗതികൾക്കും സൗജന്യ വിദ്യാഭ്യാസം നൽകാവുന്ന കാഫിൽ എഡ്യു വില്ലേജ്, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള സ്പെഷ്യൽ സ്കൂൾ, പല കാരണങ്ങളാൽ പഠനം മുടങ്ങിയ ആയിരക്കണക്കിന് കുട്ടികളെ ലക്ഷ്യം വെച്ചുള്ള ലേണിങ് ക്ലിനിക്കുകൾ, കായിക മേഖലയിലെ വൈവിധ്യമാർന്ന കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു സ്പോട്സ് സ്കൂൾ തുടങ്ങി വിവിധ പദ്ധതികളാണ് ഖുർത്വുബയുടെ മുന്നിലുള്ളത്.
അകമഴിഞ്ഞ പിന്തുണ പല ഭാഗത്തുനിന്നു വന്നാൽ ഇതൊക്കെ വളരെ വേഗം യാഥാർത്ഥ്യമാകുമെന്നും, ഇന്ത്യയിലെ പിന്നാക്ക ജന വിഭാഗങ്ങളുടെ സജീവമായ പങ്കാളിത്തം രാഷ്ട്ര നിർമ്മാണ പ്രക്രിയകളിൽ ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ദുബൈ കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എ ജി എ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റാഷിദ് പടന്ന സ്വാഗതം പറഞ്ഞു. സയ്യിദ് അബ്ദുൽ ഹക്കീം തങ്ങൾ ഉദ്ഘാടനം ചെയ്തു.
എസ്എംഎഫ് സംസ്ഥാന സെക്രട്ടറി സി ടി അബ്ദുൾ ഖാദർ, അഫ്സൽമെട്ടമ്മൽ, ദുബൈ കെ എം സി സി ജില്ല പ്രസിഡന്റ് സലാം കന്യാപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ, റഫീഖ് പിപി, സലാം തട്ടാനിച്ചേരി, റഫീഖ് എ സി, പി ഡി നൂറുദ്ധീൻ, സുബൈർ അബ്ദുള്ള എന്നിവർ സംബന്ധിച്ചു. അബ്ദുൾ സലാം പി പി നന്ദി പറഞ്ഞു.
#NRI #education #India #Kerala #socialimpact #communitydevelopment