നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരവും സൂഫി പണ്ഡിതന്റെ ശിഷ്യനും; അഭ്യൂഹങ്ങൾക്കൊടുവിൽ കെ എ പോളിന്റെ വീഡിയോ
● നിമിഷ പ്രിയയുടെ ഭർത്താവും മകളും യെമനിൽ.
● കേന്ദ്ര സർക്കാർ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
● സാമൂഹിക പ്രവർത്തകൻ വാർത്ത നിഷേധിച്ചു.
● ദയാധനത്തിൽ തീരുമാനമായിട്ടില്ല.
കോഴിക്കോട്: (KasargodVartha) യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. കഴിഞ്ഞ 14-നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിച്ചത്. അതിനുശേഷം വധശിക്ഷ റദ്ദാക്കുന്നതിനെക്കുറിച്ച് നിരന്തര ചർച്ചകൾ യെമനിൽ നടന്നിരുന്നു. അതിന്റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നും ജവാദ് മുസ്തഫാവി അറിയിച്ചു.
ഔദ്യോഗിക സ്ഥിരീകരണമില്ല; സാമുവൽ ജെറോമിന്റെ പ്രതികരണം
അതേസമയം, വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാർത്ത കേന്ദ്ര സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തെറ്റാണെന്ന് യെമനിലെ സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞിട്ടുണ്ട്.
വധശിക്ഷ റദ്ദാക്കാനും മറ്റ് കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരത്തിന്റെ ഓഫീസ് തിങ്കളാഴ്ച (28.07.2025) രാത്രി പങ്കുവെച്ചത്. യെമൻ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തെന്നാണ് വിവരം. എന്നാൽ, ദയാധനത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും, ആരുമായാണ് ചർച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ ആവശ്യപ്പെട്ടു.
കെഎ പോളിന്റെ വീഡിയോയും പുതിയ നീക്കങ്ങളും
ഇതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിനായി നിമിഷ പ്രിയയുടെ ഭർത്താവും മകൾ മിഷേലും യെമനിലെത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്ന് ഇവർക്കൊപ്പം ഡോ. കെ.എ. പോൾ എന്ന ഇവാഞ്ചലിസ്റ്റ് നേതാവ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടൻ മോചിതയാകുമെന്നും നേരത്തെ പ്രഖ്യാപിച്ചയാളാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകൻ കെ.എ. പോൾ. ഇതിനുപിന്നാലെയാണ് അപ്രതീക്ഷിത നീക്കമെന്ന നിലയിൽ നിമിഷ പ്രിയയുടെ ഭർത്താവിനും മകൾ മിഷേലിനും ഒപ്പമുള്ള വീഡിയോ പുറത്തുവന്നത്.
അബ്ദുൽ മാലിക് ഹൂത്തി എന്ന ഹൂത്തി നേതാവിനോടുള്ള അപേക്ഷയാണ് വീഡിയോയിൽ. ആഗോള സമാധാന സമ്മേളനത്തിന് ക്ഷണിച്ചാണ് വീഡിയോയുടെ തുടക്കം. നിമിഷയെ വെറുതെ വിട്ടതിൽ യെമൻ നേതാക്കൾക്കും ഭരണകൂടത്തിനും വീഡിയോയിൽ നന്ദി പറയുന്നുമുണ്ട്. നിമിഷയെ ദിവസങ്ങൾക്കകം മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എല്ലാത്തിനും നന്ദിയുണ്ടെന്നും നിമിഷ പ്രിയ ഇന്ത്യയുടെ മകളാണെന്നുമാണ് വീഡിയോയിൽ പറയുന്നത്.
Evangelist and Founder of Global Peace Initiative Dr KA Paul (@KAPaulOfficial) claimed in a video message from #Sanaa in #Yemen that the death sentence to Indian Nurse #NimishaPriya has been cancelled after days and nights of extensive efforts. She will be released from #Yemeni… pic.twitter.com/SwLnsVZc6V
— Surya Reddy (@jsuryareddy) July 22, 2025
അതേസമയം, ഈ നീക്കത്തെക്കുറിച്ച് വിഷയത്തിൽ ഇടപെടുന്ന മറ്റാർക്കും വിവരമില്ല. പലരും ഇതിനോട് യോജിക്കുന്നുമില്ല. നിമിഷ പ്രിയ ഉടൻ മോചിതയാകുമെന്ന നിലയിൽത്തന്നെയാണ് വീഡിയോയിൽ ഉടനീളമുള്ള സന്ദേശവും. നിമിഷ പ്രിയയുടെ ഭർത്താവിനെയും ബന്ധപ്പെടാൻ സാധിക്കുന്നില്ല. ഒന്നേകാൽ വർഷത്തിലധികമായി നിമിഷ പ്രിയയുടെ അമ്മ യെമനിൽ തന്നെയാണ്.
നിമിഷ പ്രിയയുടെ മോചനത്തെക്കുറിച്ചുള്ള ഈ പുതിയ വിവരങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഇത്തരം കേസുകളിൽ നയതന്ത്ര ഇടപെടലുകൾ എത്രത്തോളം പ്രധാനമാണ്?
Article Summary: Nimisha Priya death sentence reportedly cancelled; KA Paul releases video.
#NimishaPriya #YemenJail #DeathSentence #KeralaNurse #FreeNimishaPriya #KAPaul






