അബൂദബിയില്‍ സ്‌കൂള്‍ ബസുകളിലെ സ്‌റ്റോപ് സിഗ്നലുകള്‍ അവഗണിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പിടിവീഴും; റഡാര്‍ സംവിധാനവുമായി അധികൃതര്‍
അബൂദബി: (www.kasargodvartha.com 07.09.2021) അബൂദബിയില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കര്‍ശന നടപടിയുമായി അധികൃതര്‍. സ്‌കൂള്‍ ബസുകളിലെ സ്‌റ്റോപ് സിഗ്നലുകള്‍ അവഗണിക്കുന്ന ഡ്രൈവര്‍മാരെ പിടിക്കാന്‍ റഡാര്‍ സംവിധാനം. ഇതിനായി സ്‌കൂള്‍ ബസുകളില്‍ ക്യാമറകള്‍ സജ്ജീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അബൂദബി പൊലീസ്, ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട് സെന്റര്‍, എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ അബൂദബി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരില്‍ നിന്ന് 1000 ദിര്‍ഹം പിഴയീടാക്കുമെന്നും ലൈസന്‍സില്‍ 10 ബ്ലാക് പോയന്റുകള്‍ ചുമത്തുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്‌കൂള്‍ ബസുകള്‍ സ്‌റ്റോപില്‍ നിര്‍ത്തുമ്പോള്‍ പാതയുടെ ഇരുവശത്തുനിന്നു വരുന്ന ഇതര വാഹനങ്ങള്‍ അഞ്ചു മീറ്റര്‍ അകലെ നിര്‍ത്തണമെന്നാണ് പൊലീസ് നിര്‍ദേശിക്കുന്നത്.
രാജ്യത്തെ ഡ്രൈവര്‍മാരില്‍ 17 ശതമാനം ഇത്തരം നിയമം ലംഘിക്കുന്നവരാണെന്ന് സര്‍വെയില്‍ വ്യക്തമായിരുന്നു. സ്‌കൂള്‍ ബസില്‍ യഥാസമയം സ്‌റ്റോപ് സിഗ്‌നല്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക് പോയന്റ് ചുമത്തുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Keywords: Abudhabi, News, Gulf, World, Top-Headlines, School, Education, Police, New radars on Abu Dhabi school buses to catch drivers flouting ‘stop’ sign