Accidental Death | യു എ ഇ യില്‍ ബോട് അപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു; ദുരന്തം പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് നാട്ടിലേക്ക് പോകാനിരിക്കെ
Apr 24, 2023, 00:11 IST
ശാര്‍ജ: (www.kasargodvartha.com) യുഎഇയിലെ ഖോർഫുഖാൻ ബോട് അപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള മഠത്തിന് സമീപത്തെ വിജയന്‍ - ശ്യാമള ദമ്പതികളുടെ മകന്‍ വാഴവളപ്പില്‍ അഭിലാഷ്(37) ആണ് മരിച്ചത്.
ശാര്‍ജയിലെ കംപനിയില്‍ ഏഴ് വര്‍ഷമായി ഹെല്‍പറായി ജോലി ചെയ്ത് വരികയായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ബോട് യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
അപകടത്തില്‍ ഒരു കുട്ടി ഉള്‍പെടെ മൂന്നു മലയാളികള്‍ക്ക് പരുക്കേറ്റു. ഇതില്‍ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നില ഗുരുതരമാണ്.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖോർഫുഖാനിലെത്തിയപ്പോഴാണ് സംഭവം. പരുക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവര്‍ത്തകരാണ്.
16 യാത്രക്കാരും രണ്ടു ജീവനക്കാരും അടക്കം പതിനെട്ട് പേരാണ് ബോടില്‍ ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം.
മലയാളി ഡ്രൈവറാണ് ബോട് ഓടിച്ചിരുന്നത്. പെരുന്നാള്‍ അവധിയായത് കൊണ്ട് മൃതദേഹം വിട്ടുകിട്ടുന്നതിനായി രേഖകള്‍ ശരിയാക്കി കിട്ടാന്‍ കാലതാമസം നേരിടുകയാണ്. മൃതദേഹം നാട്ടിലെത്തിക്കും.