Survival | തീയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നളിനാക്ഷൻ നാട്ടിലെത്തി
കുവൈറ്റ് ആരോഗ്യ മന്ത്രി ആശുപത്രിയിലെത്തി നളിനാക്ഷനെയും മറ്റ് പരിക്കേറ്റ തൊഴിലാളികളെയും കണ്ടിരുന്നു.
തൃക്കരിപ്പൂർ: (KasargodVartha) കുവൈറ്റിലെ ദാരുണമായ തീപിടുത്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട തൃക്കരിപ്പൂർ സ്വദേശി ടി.വി. നളിനാക്ഷൻ രണ്ടു മാസത്തെ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയിരിക്കുന്നു. ജൂൺ 12 ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലെ ജലസംഭരണിയിലേക്ക് ചാടിയ നളിനാക്ഷന് വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
കുവൈറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ നളിനാക്ഷൻ 20 വർഷത്തോളായി ഗൾഫിൽ തൊഴിലെടുക്കുന്നു. നാട്ടിലും പ്രവാസ ലോകത്തും സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ ഭാര്യ ബിന്ദുവുമൊത്ത് കൊച്ചിയിൽ വിമാനമിറങ്ങി വന്ദേഭാരത് ട്രെയിനിൽ കണ്ണൂരിലെത്തി. തുടർന്ന് പറശിനിക്കടവിൽ മുത്തപ്പൻ ക്ഷേത്ര ദർശത്തിന് ശേഷമാണ് ഒളവറ ഗ്രന്ഥാലയത്തിന് സമീപത്തെ തറവാട് വീട്ടിലെത്തിയത്.
നാട്ടിലെത്തിയതിന്റെ സന്തോഷം പ്രകടിപ്പിക്കുമ്പോഴും ദുരന്തമുണ്ടാവും മുമ്പ് ഒരേ കെട്ടിടത്തിൽ താമസിച്ച് ഒരു മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചവർ, ഒരുമിച്ച് കഴിഞ്ഞവർ പലരും നഷ്ടപ്പെട്ട ആ ഓർമകൾ നളിനാക്ഷനിൽ ഇപ്പോഴും ഞെട്ടലുണ്ടാക്കുന്നു. ഞങ്ങൾ പ്രവർത്തിച്ചു വന്ന കമ്പനിയുടെ പിന്തുണയും കരുതലുമാണ് ആശുപത്രിയിലും നാട്ടിൽ തിരിച്ചെത്തുന്നതുവരെ എടുത്തു പറയാനുള്ളതെന്ന് നളിനാക്ഷൻ പറഞ്ഞു. ദുരന്തം നടന്നിട്ട് രണ്ട് മാസം തികയുന്ന വേളയിലും തങ്ങൾ ജോലി ചെയ്തു വന്ന എൻ ബി ടി സി കമ്പനി മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാം, ജനറൽ മാനേജർ മനോജ് നന്ത്യാലത്ത്, അസി.മാനേജർ റനീഷ്, കലേഷ്, നഴ്സ് അജീഷ് തുടങ്ങി എല്ലാവരും തങ്ങൾക്ക് കരുത്തും ആശ്വാസവുമായി കൂടെ നിന്നത് വേഗത്തിൽ സുഖമായി നാട്ടിലെത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം 3000 രൂപയോളം ആശുപത്രി ചെലവ് വരുന്ന ചികിത്സ കമ്പനി വഹിക്കുകയും നാട്ടിലെത്താനുള്ള എല്ലാ സൗകര്യവും ഒരുക്കിയതായും നളിനാക്ഷൻ പറഞ്ഞു.
ഈ വർഷം മാർച്ച് 31നാണ് നാട്ടിൽ നിന്നും കുവൈറ്റിലെത്തിയത്. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ബ്ലഡ് ഡൊണേഴ്സ് കേരളയുടെ കുവൈറ്റ് കോ-ഓർഡിനേറ്ററുമാണ്. കാസർകോട് എക്സ്പാർട്ടേഴ്സ് അസോസിയേഷൻ മുൻ ജില്ലാ ജനറൽ സെക്രട്ടറി, ഓർഗനൈസിംഗ് സെക്രട്ടറി, ജോ. സെക്രട്ടറി തുടങ്ങിയ ഭാരവാഹിത്വങ്ങളും വഹിച്ചിരുന്നു. ഒളവറ ഗ്രന്ഥാലയത്തിന് സമീപത്തെ ചക്കാപ്പു രാഘവൻ്റെയും ടി.വി.യശോദയുടെ മകനാണ് നളിനാക്ഷൻ. പരിക്കേറ്റ് കുവൈറ്റിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഭാര്യയും മകൻ ആദർശും കുവൈറ്റിലെത്തിയിരുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രി ആശുപത്രിയിലെത്തി നളിനാക്ഷനെയും മറ്റ് പരിക്കേറ്റ തൊഴിലാളികളെയും കണ്ടിരുന്നു.