ഇന്ത്യക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സൗകര്യം
Mar 12, 2012, 07:30 IST
ദുബായ്: യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ ഒരു പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തിരിക്കുന്നു. യു.എ.ഇ.യിലെ റസിഡന്‍സ് വിസയുള്ള ആര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം. ഒരു വര്‍ഷത്തേക്ക് ഒരംഗം അടയ്‌ക്കേണ്ട ഇന്‍ഷൂറന്‍സ് തുക 550 ദിര്‍ഹമാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും 550 ദിര്‍ഹം നിരക്കില്‍ ഇതില്‍ അംഗമായി ചേരാവുന്നതാണ്. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ക്ലിനിക്കുകളിലും, ആശുപത്രികളിലും, ലാബുകളിലും ഇന്‍ഷൂറന്‍സ് സൗകര്യം ലഭ്യമാണ്. കൂടാതെ പ്രത്യേക ആശുപത്രികളില്‍ കോ-ഇന്‍ഷൂറന്‍സ് സൗകര്യവും ലഭിക്കും. ജനറല്‍ പ്രാക്റ്റീഷണര്‍ക്ക് ഒരു വിസിറ്റിന് 20 ദിര്‍ഹവും സ്‌പെഷ്യലിസ്റ്റിന് ഒരു വിസിറ്റിന് 30 ദിര്‍ഹവുമാണ് ഇന്‍ഷൂറന്‍സ് ഉള്ള വ്യക്തി നല്‍കേണ്ട ഫീസ്. ലാബ് ടെസ്റ്റുകളും മരുന്നും തികച്ചും സൗജന്യമായിരിക്കും. കോ-ഇന്‍ഷൂറന്‍സ് ഉള്ള ആശുപത്രികളില്‍ മാത്രം നിശ്ചിത ശതമാനം ഫീസ് അധികമായി നല്‍കേണ്ടി വരും.
ഇന്‍പേഷ്യന്റിന് -25000 ദിര്‍ഹം വരെയും, ഔട്ട് പേഷ്യന്റിന് 25000 ദിര്‍ഹം വരെയും, നിലവിലുള്ള രോഗങ്ങള്‍ക്ക് 20000 ദിര്‍ഹം വരെയുമാണ് പരാമവധി ഇന്‍ഷൂറന്‍സ് ആനൂകൂല്യം ലഭിക്കുക. സാമൂഹ്യസേവന രംഗത്തും കലാസാംസ്‌ക്കാരിക രംഗത്തും പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ സ്‌കീമില്‍ ചേരാവുന്നതാണ്.
ഇന്ത്യക്കാരായ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ അറേബ്യന്‍ സ്‌കാന്‍ഡിനേവിയന്‍ ഇന്‍ഷൂറന്‍സുമായി ചേര്‍ന്ന് രൂപം കൊടുത്തിരിക്കുന്ന ഈ പദ്ധതിയിലേക്ക് യുഎഇ റസിഡന്‍സ് വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയുമായി ബന്ധപ്പെടുക. ഫോണ്‍: 065610845.
Keywords: Medical -Insurance, IAS, Dubai, Gulf