Kuwait Fire | കുവൈറ്റ് തീപ്പിടുത്തം: രഞ്ജിതിന്റെ മരണം ബന്ധുക്കളെയും നാട്ടുകാരെയും തീരാകണ്ണീരിലാഴ്ത്തി; വിടവാങ്ങിയത് മികച്ച ക്രികറ്റ് താരം, അടുത്ത വരവിൽ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു
വീട്ടിലേക്ക് ജനപ്രതിനിധികളുടെയും നേതാക്കളുടെയും ഒഴുക്ക്
കാസർകോട്: (KasargodVartha) കുവൈറ്റിലെ മാൻഗഫിൽ എൻബിടിസി കംപനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ച ചെർക്കള കുണ്ടടുക്കത്തെ രവീന്ദ്രൻ - രുഗ്‌മിണി ദമ്പതികളുടെ മകൻ എ ആർ രഞ്ജിതിന്റെ (32) മരണം ബന്ധുക്കളെയും നാട്ടുകാരെയും തീരാദുഖ:ത്തിലാഴ്ത്തി.
അഞ്ച് മാസം മുമ്പ് നാട്ടിലെത്തിയ രഞ്ജിത് അടുത്ത അവധിക്ക് വരുമ്പോൾ വിവാഹം കഴിക്കാമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹത്തിനായി പെൺകുട്ടിയെ കണ്ടുവെക്കുകയും ചെയ്തിരുന്നു. നാട്ടുകാരോടെല്ലാം നല്ല പെരുമാറ്റത്തിലൂടെ അടുപ്പം പുലർത്തിയ യുവാവ് എല്ലാവർക്കും പ്രിയങ്കരനായിരുന്നു. എട്ട് വർഷത്തോളമായി എൻബിടിസി കംപനിയിൽ ജോലി ചെയ്‌ത് വരികയായിരുന്നു.
മികച്ച ക്രികറ്റ് താരമായിരുന്നു രഞ്ജിത് എന്ന് യുവാവിന്റെ കൂടെ ക്രികറ്റ് മത്സരങ്ങളിൽ പങ്കെടുത്തിരുന്ന പരവനടുക്കത്തെ സമീറുല്ല കാസർകോട് വാർത്തയോട് പറഞ്ഞു. കുവൈറ്റിൽ കാസർകോട് ജില്ലാ എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷൻ എന്ന സംഘടനയുടെ കീഴിൽ നടന്നുവന്നിരുന്ന ക്രികറ്റ് മത്സരത്തിലൂടെയാണ് രഞ്ജിതുമായുള്ള പരിചയമെന്ന് സമീറുല്ല പറഞ്ഞു.
ഫഹാഹീൽ പ്രദേശത്തെ ടീം ക്യാപ്റ്റനായിരുന്നു രഞ്ജിത്. പല ക്ലബുകളിലും ക്രികറ്റ് കളിക്കാൻ രഞ്ജിത് ഉണ്ടാകാറുണ്ട്. വെള്ളിയഴ്ചകളിലാണ് കളിസ്ഥലത്ത് പലപ്പോഴും കണ്ടുമുട്ടാറുണ്ടായിരുന്നത്. മൂന്ന് വർഷം മുമ്പുണ്ടായ ബന്ധം തുടർന്ന് വന്നിരുന്നു. ജില്ലാ തലത്തിലുള്ള മത്സരങ്ങളിലാണ് ഒന്നിച്ച് കളിച്ചിരുന്നത്. കേരളത്തിലെ 14 ജില്ലകളുടെ ടീമുകൾ മത്സരത്തിൽ ഉണ്ടാകാറുണ്ട്.
എൻബിടിസി കംപനി ജീവനക്കാർ താമസിക്കുന്ന സ്ഥലം താൻ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 100 കി. മീറ്റർ അകലെയാണ്. അഹ്‌മദി മൈതാനത്താണ് പലപ്പോഴും കണ്ടുമുട്ടാറുള്ളത്. നിരവധി ടീമുകൾക്ക് വേണ്ടി കളിച്ച രഞ്ജിത് ക്രികറ്റിലെ ഓൾ റൗണ്ടറാണ്. അവസാനം കണ്ണൂർ മാചേർസ് ടീമിനായി കളിച്ചപ്പോൾ നാല് വികറ്റെടുത്ത് ടീമിനെ വിജയിപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇത്. ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്ന ശേഷം രഞ്ജിതിനെ കണ്ടിട്ടില്ല. അടുത്തുതന്നെ കല്യാണം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നതായും സമീറുല്ല ഓർക്കുന്നു
നാട്ടിലെത്തിയാലും എല്ലാവരുമായും സൗഹൃദം സ്ഥാപിക്കുകയും ക്രികറ്റ് കളിയിൽ സജീവമാകുകയും ചെയ്‌തിരുന്നു രഞ്ജിത്. യുവാവിന്റെ അപകട മരണം അറിഞ്ഞ് എൻ എ നെല്ലിക്കുന്ന് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാർടികളുടെയും നേതാക്കളും പരിസരവാസികളും വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മൃതദേഹം രണ്ട് ദിവസത്തിനകം നാട്ടിലെത്തിക്കാനാകുമെന്നുള്ള വിവരമാണ് കംപനിയിൽ നിന്ന് വീട്ടുകാർക്ക് ലഭിച്ചിരിക്കുന്നത്.