Kuwait Fire | കുവൈറ്റ് തീപ്പിടുത്തം: മരിച്ചവരിൽ 2 കാസർകോട് സ്വദേശികൾ; 6 മലയാളികളെ തിരിച്ചറിഞ്ഞു
മരിച്ചവരിൽ 25 പേർ മലയാളികളായിരിക്കാം എന്നാണ് സൂചന
കുവൈറ്റ് സിറ്റി: (KasargodVartha) തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് കാസർകോട് സ്വദേശികളും മരിച്ചതായി വിവരം പുറത്തുവന്നു. ഇതുവരെ മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടമായത്.
ചെർക്കള കുണ്ടടുക്കത്തെ രവീന്ദ്രൻ്റെ മകൻ രഞ്ജിത്ത് (34), തൃക്കരിപ്പൂർ എളമ്പച്ചിയിലെ കേളു പൊന്മലേരി (51) എന്നിവരാണ് മരിച്ച കാസർകോട് സ്വദേശികൾ.
കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ശമീർ, വാഴമുട്ടം സ്വദേശി പി വി മുരളീധരൻ (54) എന്നിവരാണ് തിരിച്ചറിഞ്ഞ മറ്റ് മലയാളികൾ.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട മരിച്ചവരുടെ വിവരങ്ങളിൽ രഞ്ജിത്തിൻ്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. കുവൈറ്റിലെ സുഹൃത്തുക്കളും ഇക്കാര്യം പറയുന്നുണ്ടെങ്കിലും എംബസിയിൽ നിന്നോ കംപനിയിൽ നിന്നോ ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. അവിവാഹിതനാണ് രഞ്ജിത്.
മരിച്ചവരിൽ 25 പേർ മലയാളികളായിരിക്കാം എന്നാണ് സൂചന. മംഗഫ് ബ്ലോക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി കംപനി ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. പുലർച്ചെ നാലുമണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്.
ആറു നിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസം മുട്ടിയും, തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയതിനാലും നിരവധി പേർക്ക് ജീവൻ നഷ്ടമായി എന്നാണ് ലഭിക്കുന്ന വിവരം.
പരുക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. അദാന്‍ ആശുപത്രിയില്‍ 21 പേരും ഫർവാനിയയിൽ ആറു പേരെയും മുബാറക് ആശുപത്രിയില്‍ 11 പേരെയും ജാബർ ആശുപത്രിയില്‍ നാലു പേരെയും അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ കാസർകോട് സ്വദേശികളായ നിരവധി പേർക്കും പരുക്കുണ്ട്.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അൽ യൂസഫ്, ഇൻഡ്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക തുടങ്ങിയ ഉന്നതർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
എൻബിടിസി ഗ്രൂപ്പിൽ പ്രൊഡക്ഷൻ എൻജിനീയറായിരുന്നു കേളു പൊന്മലേരി. പിലിക്കോട് പഞ്ചായത് ഓഫീസിലെ ക്ലർകായ കെ എൻ മണി ഭാര്യയാണ്. രണ്ട് ആൺമക്കളുമുണ്ട്.