രണ്ടു പെണ്‍മക്കളെയും കൈപിടിച്ചേല്‍പിക്കാന്‍ സാധിച്ചില്ല; കാസര്‍കോട് സ്വദേശി മൊയ്തീന്‍ അഞ്ചു വര്‍ഷത്തിനു ശേഷം പൊതുമാപ്പിലൂടെ നാട്ടിലേക്ക്
Aug 13, 2018, 11:01 IST
ദുബൈ: (www.kasargodvartha.com 13.08.2018) താമസം അനധികൃതമായായതിനാല്‍ രണ്ടു പെണ്‍മക്കളെയും കൈപിടിച്ചേല്‍പിക്കാന്‍ നാട്ടിലെത്താന്‍ സാധിച്ചില്ല. തന്റെ ആഗ്രഹങ്ങള്‍ സാധിച്ചില്ലെങ്കിലും മക്കളുടെ വിവാഹം നല്ല രീതിയില്‍ നടന്നുവല്ലോയെന്ന സന്തോഷത്തില്‍ കാസര്‍കോട് സ്വദേശി മൊയ്തീന്‍ അഞ്ചു വര്‍ഷത്തിനു ശേഷം പൊതുമാപ്പിലൂടെ നാട്ടിലേക്ക് തിരിക്കുന്നു. കാസര്‍കോട് എരുതുംകടവ് സ്വദേശി മൊയ്തീന്‍ (53) ആണ് പൊതുമാപ്പിലൂടെ അഞ്ചു വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്നത്.
അഞ്ച് വര്‍ഷം മുമ്പാണ് ഒമാന്‍ വഴി മൊയ്തീന്‍ യുഎഇയിലെത്തിയത്. ഇതിനു ശേഷം ദുബൈ ദേര നായിഫിലെ റസ്റ്റോറന്റില്‍ ഡെലിവറി ബോയിയായി ജോലി ചെയ്തു വരികയായിരുന്നു. താമസം അനധികൃതമായായതോടെ മൂത്തമകളുടെ വിവാഹത്തിന് നാട്ടിലെത്താന്‍ സാധിച്ചില്ല. പിഴയും ശിക്ഷയും വലുതായിരിക്കുമെന്ന ബോധം ആ ആഗ്രഹം മൊയ്തീന്‍ വേണ്ടെന്ന് വെച്ചു. മരുമകനെയും മകളെയും ഫോണിലൂടെ അനുഗ്രഹിച്ചു. അങ്ങകലെ സ്വന്തം മകളുടെ വിവാഹം നടക്കുമ്പോള്‍ വിധിയെ ഓര്‍ത്ത് സങ്കടപ്പെടാനേ മൊയ്തീന് കഴിഞ്ഞുള്ളൂ.
അതിനിടെയാണ് ഇക്കഴിഞ്ഞ റമദാനിനു ശേഷം രണ്ടാമത്തെ മകളുടെ വിവാഹം ഉറപ്പിച്ചത്. നല്ലൊരു ആലോചന വന്നപ്പോള്‍ ഉറപ്പിച്ചുകൊള്ളാന്‍ ഭാര്യയോടും ബന്ധുക്കളോടും മൊയ്തീന്‍ പറയുകയായിരുന്നു. ഈ വിവാഹത്തിലും പങ്കെടുക്കാനോ മകളെ കൊപിടിച്ചേല്‍പിക്കാനോ മൊയ്തീന് സാധിച്ചില്ല. എന്തെങ്കിലും വഴിയുണ്ടോ എന്ന് പലരോടും അന്വേഷിച്ചുവെങ്കിലും നുഴഞ്ഞുകയറ്റക്കാരനായതിനാല്‍ പിടി കൊടുത്താല്‍ വലിയ ശിക്ഷയായിരിക്കുമെന്നും വന്‍ സംഖ്യ പിഴയൊടുക്കേണ്ടി വരുമെന്നും പലരും മുന്നറിയിപ്പ് നല്‍കിയതിനാല്‍ ആ ആഗ്രഹവും മൊയ്തീന്‍ അടക്കിവെച്ചു.
നാട്ടിലേക്ക് മടങ്ങിയിട്ട് അഞ്ചു വര്‍ഷം പിന്നിടുമ്പോഴും എന്നായിരിക്കും തന്റെ ഭാര്യയെയും കുട്ടികളെയും ഒന്നു കാണുക എന്നോര്‍ത്ത് സങ്കടപ്പെട്ട് ദിവസങ്ങള്‍ എണ്ണി നീക്കുന്നതിനിടെയാണ് പൊതുമാപ്പ് പ്രഖ്യാപനമുണ്ടായത്. ആദ്യ ദിവസം തന്നെ മടക്കയാത്രയ്ക്കുള്ള നടപടികള്‍ തുടങ്ങുകയും എത്രയും പെട്ടെന്ന് ഔട്ട് പാസ് കരസ്ഥമാക്കി വിമാനം കയറിയാല്‍ മതിയെന്ന ആഗ്രഹത്തിലാണ് മൊയ്തീനിപ്പോള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, news, kasaragod, Kerala, Top-Headlines, Kasaragod native back to home after five years UAE amnesty
< !- START disable copy paste -->
Keywords: Dubai, Gulf, news, kasaragod, Kerala, Top-Headlines, Kasaragod native back to home after five years UAE amnesty
< !- START disable copy paste -->