യു എ ഇയിലേക്ക് ഇന്‍ഡ്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കിയത് വീണ്ടും അനിശ്ചിതത്തില്‍
ദുബൈ: (www.kasargodvartha.com 23.06.2021) യു എ ഇയിലേക്ക് ഇന്‍ഡ്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കിയത് വീണ്ടും അനിശ്ചിതത്തിലായി. നേരത്തെ ജൂണ്‍ 24 മുതല്‍ നിയന്ത്രണങ്ങളോടെ ഇന്‍ഡ്യക്കാര്‍ക്ക് യു എ ഇയിലേക്ക് പ്രവേശിക്കാനാകുമെന്നായിരുന്നു റിപോര്‍ടുകള്‍. ഇതിനിടയില്‍ എയര്‍ ഇന്‍ഡ്യ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചതാകട്ടെ യു എ ഇയിലേക്കുള്ള യാത്രാ വിലക്ക് ജൂലൈ ആറുവരെയുണ്ടാകുമെന്നാണ്. ഇതോടെ ആയിരക്കണക്കിന് പ്രവാസികളാണ് ആശങ്കയിലായിരിക്കുന്നത്.
നേരത്തെ യു എ ഇ ഗവണ്‍മെന്റ് ജൂലൈ ആറുവരെയായിരുന്നു ഇന്‍ഡ്യക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പെടുത്തിയിരുന്നത്. എന്നാല്‍ ഇന്‍ഡ്യയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജൂണ്‍ 24 മുതല്‍ നിയന്ത്രണങ്ങളോടെ വിലക്ക് നീക്കുമെന്നായിരുന്നു അറിയിപ്പ്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച താമസ വിസയുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാമെന്നായിരുന്നു റിപോര്‍ടുകള്‍. കൂടാതെ വിമാനം പുറപ്പെടുന്നതിന് മുമ്പ് രണ്ട് കോവിഡ് ടെസ്റ്റുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതോടെ ഇന്‍ഡ്യയില്‍ കുടുങ്ങിയ പ്രവാസികള്‍ ആശ്വാസത്തിലായിരുന്നു.
അതിനിടയിലാണ് ഒരു ട്വീറ്റിന് മറുപടിയായി എയര്‍ ഇന്‍ഡ്യ രംഗത്തുവന്നത്. ഇന്‍ഡ്യയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന യാത്ര എയര്‍ ഇന്‍ഡ്യ എപ്പോള്‍ തുടങ്ങുമെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഇതിന് എയര്‍ ഇന്‍ഡ്യ റിട്വീറ്റ് ചെയ്തതു കൊണ്ടാണ് ജൂലൈ ആറു വരെ യു എ ഇയിലേക്ക് യാത്രാ നിയന്ത്രണമുണ്ടെന്നും പുതിയ വിവരങ്ങള്‍ക്കായി തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടും വെബ്സൈറ്റും സന്ദര്‍ശിക്കണമെന്നും അറിയിച്ചത്.
നേരത്തെ ജൂണ്‍ 24 മുതല്‍ എയര്‍ ഇന്‍ഡ്യ വിമാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനര്‍ 1ല്‍ ലാന്‍ഡ് ചെയ്യുമെന്ന് അവരുടെ തന്നെ വെബ്സൈറ്റിലൂടെ അറിയിച്ചിരുന്നു.
Keywords: India-UAE flights to remain suspended until July 6, says Air India, Top-Headlines, Dubai, News, Flight, Air India, Business, UAE, Gulf, World.