city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫോണില്‍ പരിചയപ്പെട്ട ഗള്‍ഫുകാരനെ വിമാനത്താവളത്തില്‍ നിന്നും മധ്യവയസ്‌ക്ക റാഞ്ചി

ഫോണില്‍ പരിചയപ്പെട്ട ഗള്‍ഫുകാരനെ വിമാനത്താവളത്തില്‍ നിന്നും മധ്യവയസ്‌ക്ക റാഞ്ചി
കാസര്‍കോട്: ഗള്‍ഫില്‍ നിന്നും ഫോണിലൂടെ പ്രണയബന്ധത്തിലായ യുവാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മധ്യവയസ്‌ക്ക റാഞ്ചിക്കൊണ്ടു പോയി വാടക വീട്ടില്‍ ഒപ്പം താമസിപ്പിച്ചു. ഗള്‍ഫുകാരന്റെ ഭാര്യയുടെ പരാതിയില്‍ രണ്ടാഴ്ചയിലധികമായി പോലീസ് നടത്തിവന്ന അന്വേഷണത്തിനൊടുവില്‍ ഇവരെ പയ്യന്നൂരിനടുത്ത കോത്തായിമുക്ക് ഏച്ചിലാം വയലിലെ വാടക വീട്ടില്‍ കണ്ടെത്തുകയും യുവാവിനെ മധ്യവയസ്‌ക്കയുടെ പിടിയില്‍ നിന്നും മോചിപ്പിച്ച് ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമൊപ്പം അയക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് ഉദ്വേഗ ജനകമായ കഥ ആരംഭിക്കുന്നത്. ആലംപാടിയിലെ ഒരു ബന്ധു നല്‍കിയ നമ്പറില്‍ വിളിച്ച ബോവിക്കാനം ബാവിക്കരയിലെ 35 കാരനായ ഗള്‍ഫുകാരനാണ് പ്രണയ സല്ലാപത്തില്‍ കുടുങ്ങി മധ്യവയസ്‌ക്കയുടെ തടവറയിലായത്. ഇവരുടെ ഫോണിലൂടെയുള്ള പ്രണയ സല്ലാപം തുടങ്ങിയിട്ട് മാസങ്ങളായി. പ്രണയ സല്ലാപം പുലര്‍കാലം വരെ നീണ്ടു നില്‍ക്കാറുണ്ടായിരുന്നു. 45 കാരിയായ ആലംപാടിയിലെ മധ്യവയസ്‌ക്കയ്ക്ക് ഭര്‍ത്താവുണ്ട്. എന്നാല്‍ മക്കളില്ല. ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ താന്‍ യുവതിയാണെന്നാണ് ആലംപാടി സ്വദേശിനി ബാവിക്കര യുവാവിനോട് പറഞ്ഞത്.

യുവാവിന് 25 വയസുള്ള സുന്ദരിയായ ഭാര്യയും ഏഴും നാലും വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും മക്കളായുണ്ട്. ഇതിനിടയില്‍ ജനുവരി എട്ടിന് താന്‍ നാട്ടിലെത്തുന്ന വിവരം ആലംപാടി സ്വദേശിനിയെ ഗള്‍ഫുകാരന്‍ വിളിച്ചറിയിച്ചിരുന്നു. ഭാര്യയും മക്കളും ബന്ധുക്കളും വിമാനമിറങ്ങുന്ന ഭര്‍ത്താവിനെ കാത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നില്‍ക്കുന്നതിനിടയിലാണ് ഇവര്‍ പോലുമറിയാതെ 'ഫോണ്‍ കാമുകി' ഗള്‍ഫുകാരനെ രാത്രിയില്‍ വിമാനത്താവളത്തില്‍ നിന്നും കാറില്‍ കടത്തിയത്. ഭര്‍ത്താവിനെ കാത്തുനിന്ന ഭാര്യയും ബന്ധുക്കളും കാണാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഭര്‍ത്താവിനെകുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ ഗള്‍ഫുകാരന്റെ ഭാര്യ ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഗള്‍ഫുകാരന്‍ നാട്ടിലെത്തിയാല്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനിടയിലാണ് രണ്ടാഴ്ചയ്ക്കു ശേഷം ഗള്‍ഫുകാരനെയും കാമുകിയെയും പയ്യന്നൂര്‍ ഏച്ചിലാംവയലിലെ വാടക വീട്ടില്‍ നിന്നും പൊക്കിയത്. ആദൂര്‍ സ്റ്റേഷനിലെത്തിച്ച മധ്യവയസ്‌ക്ക യുവാവിനെ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. തന്നെ കല്ല്യാണം കഴിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നതായും ഇതിനാലാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കരിപ്പൂരിലെത്തിയതെന്നും ഇവര്‍ ആദൂര്‍ സി.ഐ. എ. സതീഷ് കുമാറിനോട് പറഞ്ഞു.

ഗള്‍ഫുകാരനെ തനിക്ക് കല്ല്യാണം കഴിച്ചു തരണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മധ്യവയസ്‌ക്ക പോലീസിനെയും യുവാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മധ്യവയസ്‌ക്കയുടെ ഭര്‍ത്താവിനെ പോലീസ് വിവരമറിയിച്ചെങ്കിലും ഇവരെ ഏറ്റെടുക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇവരുടെ അനുജത്തിയോട് മധ്യവയസ്‌ക്കയെ കൂട്ടിക്കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവരും സഹോദരിയെ ഒപ്പം കൂട്ടാന്‍ തയ്യാറായില്ല.

ഭാര്യയുടെ പരാതിയില്‍ ഗള്‍ഫുകാരനെതിരെ കേസെടുത്ത് റിമാന്‍ഡു ചെയ്യുമെന്നു പോലീസ് വ്യക്തമാക്കിയപ്പോഴാണ് മധ്യവയസ്‌ക്ക തന്റെ തീരുമാനത്തില്‍ നിന്നും അയഞ്ഞത്. ഭര്‍ത്താവും വീട്ടുകാരും കൈവിട്ടതിനാല്‍ താന്‍ പയ്യന്നൂരിലെ വാടക വീട്ടില്‍തന്നെ ഒറ്റയ്ക്ക് താമസിക്കുമെന്നും ഗള്‍ഫുകാരന്‍ മാസന്തോറും ചെലവിനു തരണമെന്നും ഇടയിക്കിടെ വന്ന് തന്റെ കാര്യം അന്വേഷിക്കണമെന്നും അറിയിച്ച് ഇവര്‍ പയ്യന്നൂരിലെ വാടക വീട്ടിലേക്ക് പോവുകയായിരുന്നു. ഗള്‍ഫുകാരനെ പോലീസ് ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമൊപ്പം ബാവിക്കരയിലേക്ക് പറഞ്ഞയച്ചു. താന്‍ മധ്യവയസ്‌ക്കയുടെ പിടിയില്‍ പെട്ടുപോയെന്നും നിസഹായനാണെന്നുമാണ് കോലാഹലം മുഴുവന്‍ നടക്കുമ്പോഴും ഗള്‍ഫുകാരന്‍ പോലീസിനോട് പറഞ്ഞത്.

Keywords: Gulf, Airport, Mobile-Phone, Alampady, Youth, Husband, Case, House, Police, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia