city-gold-ad-for-blogger

പ്രവാസം ദുരിതമയമായി; ഒടുവില്‍ കോഴിക്കോട്ടുകാരി സാബിറ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: (www.kasargodvartha.com 30.05.2017) മോശം ജോലിസാഹചര്യങ്ങളും ശമ്പളം കിട്ടാത്തതും കാരണം പ്രവാസജീവിതം ദുരിതമയമായ മലയാളിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കോഴിക്കോട് രാമനാട്ടുകര സ്വദേശിനി സാബിറ ആറു മാസങ്ങള്‍ക്കു മുന്‍പാണ് ഹഫര്‍ അല്‍ ബത്തയിനിലെ ഒരു സൗദി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്.

പ്രവാസം ദുരിതമയമായി; ഒടുവില്‍ കോഴിക്കോട്ടുകാരി സാബിറ നാട്ടിലേയ്ക്ക് മടങ്ങി


അച്ഛനും അമ്മയും ഇല്ലാത്ത സാബിറ, ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആഗ്രഹത്തോടെയാണ് പ്രവാസലോകത്ത് എത്തിയത്. എന്നാല്‍ ആ വീട്ടിലെ ജോലിസാഹചര്യങ്ങള്‍ മോശമായിരുന്നു. രാപകല്‍ വിശ്രമമില്ലാതെ ആ വലിയ വീട്ടിലെ ജോലികള്‍ മുഴുവന്‍ ചെയ്യേണ്ടി വന്നു. എന്നാല്‍ നാലുമാസം കഴിഞ്ഞിട്ടും ഒരു റിയാല്‍ പോലും ശമ്പളമായി കിട്ടിയതുമില്ല. ചോദിച്ചാല്‍ ഭീക്ഷണിയും കുത്തുവാക്കുകളും മാത്രം. ഒടുവില്‍ തര്‍ക്കമായപ്പോള്‍ സ്‌പോണ്‍സറുടെ ഭാര്യ പിടിച്ചു തള്ളിയതായും, താഴെ വീണ് കാല്‍മുട്ട് തെറ്റി നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായതായും സാബിറ പറഞ്ഞു.

സഹികെട്ടപ്പോള്‍ ആരുമറിയാതെ ആ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സാബിറ, അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറഞ്ഞു. സൗദി പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി. അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് സാബിറ സ്വന്തം അവസ്ഥ വിവരിച്ചു, നാട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ സാബിറയുടെ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, താന്‍ സാബിറയുടെ ഒരു കാര്യത്തിലും ഇടപെടാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു. പാസ്‌പോര്‍ട്ടും രേഖകളും ഒക്കെ തിരികെ കൊടുക്കാനും സ്‌പോണ്‍സര്‍ തയ്യാറായില്ല. അത് മൂലം രണ്ടു മാസത്തോളം സാബിറയ്ക്ക് അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്നു.

മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസി വഴി സാബിറയ്ക്ക് ഔട്ട്പാസ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. മഞ്ജു വഴി സാബിറയുടെ അവസ്ഥ മനസിലാക്കിയ നവയുഗം കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റി സാബിറയ്ക്കുള്ള വിമാനടിക്കറ്റും, നവയുഗം ദമ്മാം കൊദരിയാ യൂണിറ്റ് കമ്മിറ്റി നാട്ടില്‍ കൊണ്ടുപോകാനുള്ള ബാഗും സമ്മാനങ്ങളും നല്‍കി. എല്ലാ പ്രവര്‍ത്തനങ്ങളിലും നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം സഹായിച്ചു. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സാബിറ നാട്ടിലേയ്ക്ക് മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Dammam, Gulf, Kerala, Kozhikode, Top-Headlines, Job, House, Sabira.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia