city-gold-ad-for-blogger

മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച ഹൃദ്രോഗിയായ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: (www.kasargodvartha.com 16/05/2017) ഇക്കാമ എടുക്കാനായുള്ള മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. മഹാരാഷ്ട്ര മുംബൈ സ്വദേശിനിയായ ഫാത്വിമ ഹസനാണ്, വിസ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. മുന്‍പ് ഹൃദ്രോഗം മൂലം ഓപറേഷന്‍ കഴിഞ്ഞ ഫാത്വിമ, വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായത് കാരണമാണ് പ്രവാസലോകത്ത് ജോലി തേടിയത്. മുംബൈയിലുള്ള ഒരു വിസ ഏജന്റ്, സൗദി സ്‌പോണ്‍സറുടെ കൊച്ചുകുട്ടികളെ നോക്കാനുള്ള, ശാരീരിക അധ്വാനം ആവശ്യമില്ലാത്ത ജോലി നല്‍കാം എന്ന് പറഞ്ഞാണ് ഫാത്വിമയുടെ കൈയ്യില്‍ നിന്നും പണം വാങ്ങി വിസ നല്‍കിയത്. പണം നല്‍കി നാട്ടിലെ മെഡിക്കല്‍ ടെസ്റ്റും പാസാക്കിയാണ് ഏജന്റ് ഫാത്വിമയെ സൗദിയിലേയ്ക്ക് കയറ്റി വിട്ടത്.

മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച ഹൃദ്രോഗിയായ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി


എന്നാല്‍ ദമ്മാമിലെ സ്‌പോണ്‍സറുടെ വീട്ടില്‍ എത്തിയ ശേഷമാണ്, ആ വലിയ വീട്ടിലെ മുഴുവന്‍ അടുക്കള ജോലിയും ചെയ്യാനാണ് തന്നെ കൊണ്ടുവന്നത് എന്ന് ഫാത്വിമ മനസിലാക്കുന്നത്. എങ്കിലും ജോലിയില്‍ പിടിച്ചു നില്‍ക്കാനായിരുന്നു ഫാത്വിമയുടെ ശ്രമം. എന്നാല്‍ ഇക്കാമ എടുക്കാനായി മെഡിക്കല്‍ ടെസ്റ്റ് നടത്തിയപ്പോള്‍, ഫാത്വിമ ഹൃദ്രോഗിയാണ് എന്ന് കണ്ടെത്തുകയും, ജോലി ചെയ്യാനുള്ള ആരോഗ്യമില്ലെന്ന കാരണത്താല്‍ മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ട്, ഇക്കാമ എടുക്കാന്‍ കഴിയാതെയും വന്നു. തുടര്‍ന്ന് കുപിതനായ സ്‌പോണ്‍സര്‍, തനിയ്ക്ക് ഇനി ഒരു ഉത്തരവാദിത്വവും ഇല്ലെന്നു പറഞ്ഞു, ഫാത്വിമയെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു.

വനിതാ അഭയകേന്ദ്രത്തില്‍ വെച്ച് നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ പരിചയപ്പെട്ട ഫാത്വിമ, മഞ്ജുവിനോട് തനിക്ക് നാട്ടിലേക്ക് തിരികെ പോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജു ഫാത്വിമയുടെ സ്‌പോണ്‍സറെയും, നാട്ടിലെ വിസ ഏജന്റിനെയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. സ്‌പോണ്‍സര്‍ക്ക് ഫാത്വിമയ്ക്ക് പകരം മറ്റൊരു ഇന്ത്യന്‍ വീട്ടുജോലിക്കാരിയെ ഏര്‍പ്പാടാക്കിക്കൊടുക്കാം എന്ന് ഏജന്റ് സമ്മതിച്ചു. ആ ഉറപ്പിന്മേല്‍ ഫാത്വിമയ്ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. എന്നാല്‍ വിമാനടിക്കറ്റ് നല്‍കാന്‍ സ്‌പോണ്‍സറോ, ഏജന്റോ തയ്യാറായില്ല.

നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് അല്‍ കോബാറില്‍ താമസിയ്ക്കുന്ന പഞ്ചാബ് സ്വദേശിയായ ലോവെല്‍ ഡി എസ് വാഡന്‍ എന്ന പ്രവാസി, ഫാത്വിമയ്ക്ക് വിമാനടിക്കറ്റ് നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു, മൂന്നുമാസത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഫാത്വിമ ഹസന്‍ നാട്ടിലേയ്ക്ക് മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Dammam, Gulf, Cheating, Job, Visa-scam, Top-Headlines, News, Fathima.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia