city-gold-ad-for-blogger

'കനക് ഭായ്ക്ക്' കണ്ണീരോടെ യാത്രാമൊഴി; വിട പറഞ്ഞത് ശെയ്ഖ് പദവിയുള്ള ഹിന്ദുമത വിശ്വാസി

മസ്കറ്റ്: (www.kasargodvartha.com 19.02.2021) ഇന്ത്യൻ വംശജനായ ബിസിനസ് പ്രമുഖനും ഖിംജി ഗ്രൂപ് ഓഫ് കമ്പനീസിന്റെ ചെയർമാനുമായ കനക്‌സി ഗോകൽദാസ് ഖിംജിക്ക് യാത്രാമൊഴി. ഇന്ത്യൻ സമൂഹം കാരണവരായി കണ്ടിരുന്ന അദ്ദേഹത്തിന്റെ മരണം ഏവരുടെയും കണ്ണ് നനയിച്ചു. ബഹുമാനാർത്ഥം ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളും ഓൺലൈൻ ക്ലാസിന് അവധി നൽകി. കനക് ഭായ് എന്നായിരുന്നു സ്നേഹപൂർവ്വം എല്ലാവരും വിളിച്ചിരുന്നത്. പൗരത്വവും ശെയ്ഖ് പദവിയും നല്‍കി ഒമാൻ ഭരണകൂടം അദ്ദേഹത്തെ ആദരിച്ചിരുന്നു. അതോടെ ലോകത്തിലെ ഹിന്ദുമത വിശ്വാസിയായ ഏക ശെയ്ഖ് എന്ന പദവി അദ്ദേഹത്തിന് സ്വന്തമായിരുന്നു.

'കനക് ഭായ്ക്ക്' കണ്ണീരോടെ യാത്രാമൊഴി; വിട പറഞ്ഞത് ശെയ്ഖ് പദവിയുള്ള ഹിന്ദുമത വിശ്വാസി

144 വർഷം മുമ്പാണ് അദ്ദേഹത്തിന്റെ മുത്തച്ഛൻ രാംദാസ് താക്കേർസി 1870 ൽ ഒമാനിലെത്തിയത്. രാംദാസിന്റെ പൂർവികർ ഗുജറാത്തിലെ പ്രമുഖ കച്ചവടക്കാരായിരുന്നു. ഒമാനിലും കച്ചവടം ചെയ്തു അവർ വളർന്നു ഒമാനിലെ പ്രബലമായ സാമ്പത്തിക ശക്തിയായി മാറി. അദ്ദേഹത്തിന്റെ കുടുംബക്കാർ ഒമാനിലേക്ക് കുടിയേറി സ്ഥിരം താമസമായി. 1936 ൽ മസ്കറ്റിൽ വെച്ചാണ് ഗോകൽദാസ് ജനിക്കുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയത് മുംബൈലായിരുന്നു. തുടർന്ന് 1970 ൽ കുടുംബ ബിസിനസിന്റെ നേതൃത്വം ഗോകൽദാസ് ഏറ്റെടുത്തു. അവിടന്നിങ്ങോട്ട് അദ്ദേഹത്തിൻറെ കീഴിൽ കമ്പനി വളർന്നു.

ഇന്ന് വിവിധ മേഖലകളില്‍ ഖിംജി രാംദാസ് ഗ്രൂപ് വ്യാപിച്ചു കിടക്കുന്നു. ഒരു ബില്യൺ ഡോളറിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ഗ്രൂപാണിത്. ഷിപിംഗ്, നിര്‍മാണ സാമഗ്രികള്‍, ചായ, കോഫി, പഞ്ചസാര, മാവ് മുതല്‍ തുണിത്തരങ്ങള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങി വിവിധതരം ചരക്കുകളും മറ്റ് പ്രവര്‍ത്തനങ്ങളും ഗ്രൂപ് കൈകാര്യം ചെയ്യുന്നു. ഉപഭോക്തൃ ഉൽ‌പ്പന്നങ്ങൾ‌, ലൈഫ് സ്റ്റൈൽ, ഇൻഫ്രാസ്ട്രക്ചർ‌, പ്രോജക്റ്റുകൾ‌, ലോജിസ്റ്റിക്സ് തുടങ്ങിയ 400 ലധികം ആഗോള ബ്രാൻ‌ഡുകളുടെ വിപണന പങ്കാളികളുമാണ്.

ഗോകൽദാസ് ഒമാനിലെ ഭരണാധികാരികളുമായും പ്രമുഖ വ്യക്തവിത്വങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു . ഇത് അദ്ദേഹത്തിന്റെ വളർച്ചയിലും നിർണായകമായി. ഗൾഫ് മേഖല ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത, എണ്ണ സമ്പത്ത് ഇല്ലാതിരുന്ന കാലത്ത് ഖിംജി കുടുംബം ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസിന്റെ പിതാവായ സുൽത്വാൻ സെയ്ദിന് പണം കടം കൊടുത്തിരുന്നതായി ചില റിപോർടുകൾ പറയുന്നു. സുൽത്വാൻ ഖാബൂസ് അധികാരത്തിൽ വന്നപ്പോൾ ഗോകൽദാസിന് ഒമാൻ പൗരത്വം നൽകി. 1960 ൽ അദ്ദേഹം വിവാഹിതനായപ്പോൾ, സുൽത്വാൻ സെയ്ദ് അദ്ദേഹത്തിന് ഒരു വെള്ളി പാത്രം സമ്മാനിച്ചിരുന്നു. ഇത് വളരെ കുറച്ചു പേർക്ക് മാത്രം കിട്ടുന്ന അംഗീകാരമായിരുന്നു. ഒമാൻ പൗരൻ ആയിരിക്കുമ്പോഴും അദ്ദേഹം തികഞ്ഞ സസ്യാഹാരി ആയിരുന്നു.

1975 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മസ്‌കറ്റിൽ ആദ്യമായി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ചു. ഇന്ന്, ഒമാനിൽ ഇവർക്ക് 14 സ്കൂളുകളുണ്ട്. 17,000 വിദ്യാർഥികൾ പഠിക്കുന്നു. ഗുജറാത്ത് ഭൂകമ്പസമയത്ത് അടിയന്തര സഹായമായി മൂന്ന് കപ്പൽ നിറയെ ഭക്ഷണവും വസ്ത്രങ്ങളും മറ്റും അദ്ദേഹം ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. 50 ലക്ഷം രൂപ വേറെയും സഹായമായി ചെലവഴിച്ചു.

പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ച ആദ്യ സമ്മേളനത്തില്‍ തന്നെ അദ്ദേഹത്തിന് പ്രഥമ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നല്‍കി ഇന്ത്യ ആദരിച്ചു. ഒമാൻ സർകാറിന്റെ അടക്കം വേറെയും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒമാനിലെ ഭരണാധികാരികളുമായും ഇന്ത്യൻ സമൂഹവുമായും അടുത്ത ബന്ധമുണ്ടായിരുന്ന ഗോകൽദാസിന്റെ മരണം ഇന്ത്യയ്ക്ക് നികത്താനാവാത്ത നഷ്ടങ്ങളിലൊന്നാണ്. നിരവധി മലയാളികൾ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

Keywords:  Kerala, News, Gulf, Death, Oman, Business-man, Remembrance, Gulf, Farewell to 'Kanak Bhai' with tears; Saying goodbye to a Hindu believer with the title of Sheikh.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia