ലക്ഷങ്ങളുടെ കള്ളനോട്ട്: കാഞ്ഞങ്ങാട്ടെ അബ്ദുല്ല ഹാജി ദുബൈയില്‍ പിടിയിലായതായി സൂചന
Mar 7, 2012, 16:31 IST
![]() |
| Abdulla Haji |
ഇരുമ്പയിര് കയറ്റുമതിയുടെ പേരില്‍ യു.എ.ഇ പൗരനില്‍ നിന്ന് നാല് ദശലക്ഷം ദിര്‍ഹം (ഏതാണ്ട് അഞ്ച് കോടിയോളം രൂപ) കൈപ്പറ്റി പകരം വ്യാജചെക്ക് നല്‍കിയ കേസിലാണ് ഹാജി ദുബൈ നായിഫ് പോലീസിന്റെ പിടിയിലായത് സൂചന ലഭിച്ചത്. യു.എ.ഇ. പൗരന്റെ പരാതിയില്‍ അജ്മാനിലെ അബ്ദുല്ല ഹാജിയുടെ താമസ സ്ഥലത്തെത്തിയ ദുബൈ പോലീസിന് ഇവിടെ നിന്ന് ലഭിച്ച വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തതോടെയാണ് അബ്ദുല്ല ഹാജി രാജ്യാന്തര ബന്ധമുള്ള പിടികിട്ടാപുള്ളിയാണെന്ന് സൂചന ലഭിച്ചത്. കള്ളനോട്ട് കേസില്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ഇന്റര്‍പോള്‍ അടക്കമുള്ള രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുകയും ചെയ്തിട്ടും ഇതുവരെയും ഒരു സൂചന പോലും നല്‍കാതെ അജ്മാനില്‍ ഒളിവില്‍ കഴിയുകയായിരുന്നു അബ്ദുല്ല.
സാമ്പത്തിക കുറ്റാന്വഷണ കേസുകളില്‍ നേരത്തെ ഹാജി യു.എ.ഇ. പോലീസിന്റെ പിടിയിലായിരുന്നുവെങ്കിലും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടിരുന്നു. നാലര മില്ല്യണ്‍ ദിര്‍ഹമിന്റെ ഇടപാടായതിനാലാണ് ദുബൈ പോലീസ് ഹാജിയെ കുറിച്ച് പഴുതുകളടച്ചുള്ള അന്വേഷണം നടത്തിയത്. പിടികൂടുമ്പോള്‍ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ യു എ ഇ പോലീസ് ഇന്ത്യന്‍ അധികൃതരോട് വിശദാംശങ്ങള്‍ തേടുകയായിരുന്നു. ദുബൈയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി 2007 ഏപ്രില്‍ 20 ന് 20 ലക്ഷം രൂപയുടെയും ജൂണ്‍ 19 ന് 15 ലക്ഷം രൂപയുടെയും കള്ളനോട്ടുകള്‍ കടത്തിയ കേസുകളില്‍ പ്രതിയായ ഹാജിക്കെതിരെ കോഫെപൊസെ വാറണ്ടും നിലവിലുണ്ട്. ഈ വാറണ്ടിപ്പോള്‍ കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കൈവശമുണ്ട്.
1992 ല്‍ എറണാകുളം അരൂരില്‍ 10 ടണ്‍ വെള്ളി കള്ളക്കടത്ത് നടത്തിയ കേസിലും കൊച്ചിയില്‍ ബാങ്ക് തട്ടിപ്പ് കേസിലും മംഗലാപുരത്ത് കള്ളനോട്ട് പിടികൂടിയ കേസിലും ഹാജി പ്രതിയാണ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) നിരവധി തവണ ഇദ്ദേഹത്തെ തേടി യു എ ഇയില്‍ ചെന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഈയിടെ തളിപ്പറമ്പ് ദേശീയപാതയില്‍ വാഹന പരിശോധനക്കിടെ 8.9 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിലെ സൂത്രധാരനും മുട്ടുന്തല ഹാജിയാണെന്ന് അന്വേഷണ സംഘം ഉറപ്പാക്കിയിരുന്നു. ഇപ്പോള്‍ ദുബൈ പോലീസിന്റെ കസ്റ്റഡിയിലുള്ള അബ്ദുല്ല ഹാജിയെ ഇന്ത്യക്ക് വിട്ടുകിട്ടാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടപടികള്‍ തുടങ്ങി. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ വാറണ്ടുമായി കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ ദുബൈലേക്ക് തിരിക്കും. അതേ സമയം യു എ ഇയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷ ഉറപ്പുള്ളതിനാല്‍ ഹാജിയെ ഉടന്‍ ഇന്ത്യക്ക് കൈമാറുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഹാജി ദുബൈയില്‍ പിടിയിലായ ഉടന്‍ കാഞ്ഞങ്ങാട്ട് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
Keywords: Abdulla Haji, Fake Notes, arrest, Gulf, Kanhangad, Kasaragod







