city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൃദയ വേദനയോടെ അറബി വീട്ടിൽ നിന്ന് അബ്ദുർ റഹ്‍മാന് വികാര നിർഭരമായ യാത്രയയപ്പ്; സ്നേഹം വിളമ്പിയ 40 വർഷങ്ങൾ കൺമുമ്പിൽ

അബുദബി: (www.kasargodvartha.com 03.08.2021) വീട്ടിലെ ഒരംഗം വേർപിരിയുന്ന ഹൃദയ വേദനയോടെയാണ് അറബി കുടുംബം കാസർകോട്ടുകാരനായ അബ്ദുർ റഹ്‌മാനെ യാത്രയാക്കിയത്. കേക് മുറിച്ചും സമ്മാനങ്ങൾ കൈമാറിയും അവർ സ്നേഹവായ്പകൾ ചൊരിഞ്ഞു. അബ്ദുർ റഹ്‌മാനെ ആ കുടുംബത്തിന് അത്രമേൽ പ്രിയമാക്കിയത് അദ്ദേഹത്തിന്റെ നീണ്ട കാലത്തെ സേവനമായിരുന്നു. ഒന്നും രണ്ടുമല്ല, 40 വർഷമാണ് അബ്ദുർ റഹ്‌മാൻ ആ കുടുംബത്തിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്‌തത്‌. 17–ാം വയസിൽ യു എ ഇയിലെത്തിയ അബ്ദുർ റഹ്‌മാന് ഇപ്പോൾ പ്രായം 64.

 
ഹൃദയ വേദനയോടെ അറബി വീട്ടിൽ നിന്ന് അബ്ദുർ റഹ്‍മാന് വികാര നിർഭരമായ യാത്രയയപ്പ്; സ്നേഹം വിളമ്പിയ 40 വർഷങ്ങൾ കൺമുമ്പിൽ



മൊഗ്രാൽ പുത്തൂർ കാവുഗോളി ചൗക്കി കൽപന ഹൗസിലെ അബ്ദുർ റഹ്‌മാൻ 1978 ൽ ആണ് യു എ ഇ യിലെത്തിയത്. യു എ ഇ രൂപീകൃതമായി ഏഴ് വർഷങ്ങൾ മാത്രം പിന്നിട്ട സമയത്തായിരുന്നു അറേബ്യൻ മണലാരണ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. ബോംബെയിലേക്ക് ബസിൽ കയറി അവിടെ നിന്ന് കുവൈറ്റ് എയർലൈൻസിലാണ് ദുബൈയിലെത്തിയത്. 1350 രൂപയായിരുന്നു അന്നത്തെ വിമാന നിരക്ക്.

ആദ്യം ദുബൈയിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്ക് കയറി. 1982 ൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി അവിടെ നിന്ന് അബുദബിയിലെത്തി. അവിടെ ഒരു വീട്ടിൽ ഹൗസ് ഡ്രൈവറായി. അതൊരു വലിയ ചരിത്രത്തിന്റെ തുടക്കമായിരുന്നു. കുട്ടികളെ സ്‌കൂളിലേക്കും കുടുംബാംഗങ്ങളെ വിവിധയിടങ്ങളിലേക്കും കൊണ്ട് പോവുകയായിരുന്നു ജോലി. വളരെ പെട്ടന്ന് തന്നെ അബ്ദുർ റഹ്‌മാൻ കുടുംബത്തിന്റെ പ്രിയങ്കരനായി മാറി. ആ സ്നേഹവായ്പകൾ അബ്ദുർ റഹ്‌മാനെയും സ്വാധീനിച്ചു.

പ്രവാസത്തിന്റെ ആദ്യ കാലഘട്ടമായിരുന്നു അത്. ഇന്ന് കാണുന്ന യു എ ഇ യുടെ സൗന്ദര്യങ്ങളും വൻകിട കെട്ടിടങ്ങളൊന്നും അന്നില്ല. മഴ പെയ്താൽ പോലും വീടുകൾ ചോർന്നൊലിക്കുമായിരുന്നു. മോടോർ പമ്പ് ഉപയോഗിച്ചാണ് വെള്ളം പുറത്ത് കളഞ്ഞിരുന്നത്. ആ നിലയിൽ നിന്ന് വികസനത്തിന്റെ കൊടുമുടിയിലാണ് നാടിന്ന്. പരിണാമത്തിന്റെ ഘട്ടങ്ങൾ അബ്ദുർ റഹ്‌മാന്റേയും ജീവിതത്തിന്റെ ഭാഗമാണ്. ഓരോ മുന്നേറ്റത്തിലും അദ്ദേഹം നിശബ്ദ സാക്ഷിയായിരുന്നു.

വളരെ വേദനയോടെ തന്നെയാണ് അബ്ദുർ റഹ്‌മാൻ പ്രവാസ ജീവിതത്തിന് വിരാമമിടുന്നത്. ആ അറബി കുടുംബത്തിലെ താൻ തോളിലെടുത്ത പല കുട്ടികളും ഇന്ന് ഉദ്യോഗസ്ഥരാണെന്നുള്ളത് വളരെ സന്തോഷത്തോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. പോകരുതേ എന്ന് കുട്ടികളടക്കം എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടെങ്കിലും വരും നാളുകൾ നാട്ടിൽ വിശ്രമ ജീവിതം നയിക്കാൻ തീരുമാനിക്കുകയായിരുന്നു. മക്കളുടെയടക്കം നിർബന്ധം ഉണ്ടായിരുന്നു അതിന് പിന്നിൽ. സംതൃപ്തിയോടെ തന്നെയാണ് മടക്കം.

ഭാര്യ: ഖദീജ. മക്കൾ: ദിൽശാദ് (ഫാർമസിസ്റ്റ്, അബുദബി), റിസ് വാൻ (അഡ്‌നോക് സൂപെർവൈസർ), മുഹമ്മദ് മിദ്‌ലാജ് (വിദ്യാർഥി), ആഇശത് അർശാന, റസിയ.

Keywords:  Abudhabi, Gulf, News, Kasaragod, Family, Mogral puthur, Chowki, Mumbai, Dubai, Motor, Emotional farewell to Abdur Rahman from Arab home.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia