Holiday Schedule | ഈദുല്‍ ഫിത്വര്‍: ബഹ്‌റൈന്‍, യുഎഇ ഉള്‍പെടെയുള്ള 6 രാജ്യങ്ങളില്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു
*യുഎഇയില്‍ തുടര്‍ച്ചയായി 9 ദിവസത്തോളം അവധി ലഭിക്കും.
*സഊദിയിലും ഒരാഴ്ച അവധി.
*ജോലിയുടെ സ്വഭാവമനുസരിച്ച് അവധികള്‍ ക്രമീകരിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരമുണ്ട്.
അബൂദബി: (KasargodVartha) റമദാന്‍ മാസം അവസാന ദിനങ്ങളിലേക്ക് കടന്നതോടെ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് രാജ്യങ്ങളില്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. ബഹ്‌റൈന്‍, യുഎഇ, സഊദി അറേബ്യ, ഖത്വര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ സര്‍കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പൊതുഅവധി ലഭിക്കും..
വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ അവധി ദിനങ്ങള്‍ ലഭിക്കുന്ന വേളയാണിത്. നാട്ടിലേക്ക് പോകുന്നതിനും അവധിക്കാല യാത്രകള്‍ക്കും ഏറ്റവുമധികം പേര്‍ തിരഞ്ഞെടുക്കുന്ന സമയമാണിത്. യുഎഇയില്‍ തുടര്‍ച്ചയായി ഒമ്പത് ദിവസത്തോളം അവധി ലഭിക്കും. സഊദിയിലും ഒരാഴ്ച അവധിയാണ്. ജോലിയുടെ സ്വഭാവമനുസരിച്ച് അവധികള്‍ ക്രമീകരിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരമുണ്ട്.
ഏപ്രില്‍ 9ന് ചൊവ്വാഴ്ച സഊദി അറേബ്യയില്‍ ഈദുല്‍ ഫിത്വര്‍ അവധി ആരംഭിക്കുമെന്ന് സഊദി ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസമാണ് അവധി ലഭിക്കുക. വെള്ളി-ശനി വാരാന്ത്യദിനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഏപ്രില്‍ 9ന് ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 13 ശനിയാഴ്ച വരെ അഞ്ച് ദിവസത്തെ ഇടവേള ലഭിക്കും.
യുഎഇ ഭരണകൂടം പൊതു, സ്വകാര്യ മേഖലകള്‍ക്ക് നീണ്ട ഈദുല്‍ ഫിതവര്‍ അവധികളാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച (08.04.2024) മുതല്‍ യുഎഇയില്‍ പൊതുഅവധിയാണ്. ഞായറാഴ്ച(07.04.2024)യും അതിന്റെ തലേദിവസവും വാരാന്ത്യ അവധി ദിനങ്ങളായിരുന്നു. ചൊവ്വാഴ്ചയാണ് (09.04.2024) പെരുന്നാള്‍ ദിനമെങ്കില്‍ വെള്ളിയാഴ്ച വരെയും ബുധനാഴ്ചയാണ് (1.04.2024) പെരുന്നാളെങ്കില്‍ അടുത്ത തിങ്കളാഴ്ച വരെയും പൊതു അവധിയാണ്. നാല് വാരാന്ത്യ അവധിദിനങ്ങള്‍ കൂടി കണക്കാക്കിയാല്‍ യുഎഇയില്‍ ഒമ്പതുദിവസമാണ് അവധി ലഭിക്കുക.
തുടര്‍ച്ചയായ അവധി ദിനങ്ങള്‍ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ആഘോഷങ്ങളില്‍ ഏര്‍പെടാനും മതപരമായ ആചാരങ്ങള്‍ പിന്തുടരാനും അവസരം നല്‍കുന്നു. സ്വകാര്യ മേഖലയിലെ അവധി ദിനങ്ങള്‍ റമദാന്‍ 29 ന് ആരംഭിച്ച് ശവ്വാല്‍ 3 വരെയാണ്.
ബഹ്‌റൈനില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഏപ്രില്‍ 7 ഞായറാഴ്ച സര്‍കുലര്‍ പുറപ്പെടുവിച്ചു. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്വര്‍ ദിനത്തിലും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും അവധിയായിരിക്കും. വിവിധ മന്ത്രാലയങ്ങള്‍, സര്‍കാര്‍ ഓഫിസുകള്‍ എന്നിവയ്ക്ക് ഈ മൂന്ന് ദിവസങ്ങളില്‍ അവധിയായിരിക്കും.
ഒമാന്‍ പൊതു-സ്വകാര്യ മേഖലകളിലെ ഈദുല്‍ ഫിത്വര്‍ അവധി ഏപ്രില്‍ 9ന് തുല്യമായ റമദാന്‍ 29 1445 ഹിജ്റ ചൊവ്വാഴ്ച ആരംഭിച്ച് 2024 ഏപ്രില്‍ 13 ശനിയാഴ്ച അവസാനിക്കുമെന്ന് ഒമാന്‍ സുല്‍ത്താനേറ്റ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഏപ്രില്‍ 14 ന് ഞായറാഴ്ച ജീവനക്കാര്‍ ജോലി പുനരാരംഭിക്കണം.
ഏപ്രില്‍ 9 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 13 ശനിയാഴ്ച വരെ ഈദുല്‍ ഫിത്വര്‍ അവധി ലഭിക്കുമെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് കമീഷന്‍ (സി എസ് സി) അറിയിച്ചു.
മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍കാര്‍ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 7 (AH 1445, റമദാന്‍ 28) ഞായറാഴ്ച അവധി (Eid al-Fitr Qatar) ആരംഭിച്ച് ഏപ്രില്‍ 15ന് തിങ്കളാഴ്ച അവസാനിക്കുമെന്ന് ഖത്വര്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു.