കൊവിഡ് പ്രതിസന്ധിയിലും പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി വിശ്വാസികള്‍; കൂടിക്കാഴ്ചകളില്ല, ആശംസകള്‍ ഫോണ്‍ വിളികളിലും വാട്‌സ്ആപ്പ് സന്ദേശങ്ങളിലും
May 22, 2020, 18:55 IST
ദോഹ: (www.kasargodvartha.com 22.05.2020) കൊവിഡ് പ്രതിസന്ധിയിലും ഈദ് ഗാഹുകളിലെ പ്രാര്‍ത്ഥനകളില്ലാതെ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഖത്തറിലെ വിശ്വാസി സമൂഹവും. സാധാരണ ഈദ് ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിനുള്ള പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നാലര മണിയോടെ തന്നെ പുത്തന്‍ വസ്ത്രങ്ങളും ചെരുപ്പുകളും അണിഞ്ഞ് കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈദ് ഗാഹുകളില്‍ എത്തുക. എന്നാല്‍ കൊവിഡ് എന്ന മഹാമാരിയെ തുടര്‍ന്ന് ഇപ്രാവശ്യം പതിവിന് വിപരീതമായി ഈദ് ഗാഹുകളിലെ കൂടിക്കാഴ്ചകളില്ല. ആശംസകള്‍ ഫോണ്‍ വിളികളിലും വാട്‌സ് അപ്പ് സന്ദേശങ്ങളിലുമായി ഒതുങ്ങുകയാണ്.
ഈദ് ഗാഹുകളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനാകാതെയുള്ള ചെറിയ പെരുന്നാള്‍ വിശ്വാസികളുടെ ജീവിതത്തില്‍ ഇത് ആദ്യം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് നിലവിലെ പരിമിതികളെ പോസിറ്റീവായി കണ്ട് സന്തോഷത്തോടെ വീട്ടില്‍ തന്നെ ഈദ് ആഘോഷിക്കാനും നിലവിലെ സാഹചര്യങ്ങളോട് സധൈര്യം പേരാടാനുമാണ് വിശ്വാസികള്‍ ഒരുങ്ങിയിരിക്കുന്നത്. നിസ്‌കാരത്തിന് ശേഷം സന്തോഷം പങ്കുവെച്ച് പരസ്പരം ആലിംഗനം ചെയ്ത് ഈദ് ആശംസ നേര്‍ന്ന ശേഷമാണ് കഴിഞ്ഞ വര്‍ഷം വരെ ഓരോരുത്തരും വീടുകളിലേക്ക് മടങ്ങാറ്. ആ പതിവ് രീതിയില്‍ മാറ്റം വരുത്തിയാണ് പ്രാവശ്യത്തെ പെരുന്നാള്‍ ആഘോഷം.
Keywords: Doha, news, Gulf, World, Eid, Eid-al-Fitr-2020, Eid al-Fitr