Criticism | പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടുകൾ; ഇ-കെയർ സംവിധാനത്തിൽ പുനഃപരിശോധന വേണമെന്ന ആവശ്യം ശക്തം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് കെഎംസിസി
● കുടുംബങ്ങൾക്ക് വലിയ ദുരിതം.
● വിമാനം മുടങ്ങുന്ന അവസ്ഥയുണ്ടാകുന്നു.
ദുബൈ: (KasargodVartha) വിദേശത്ത് മരണപ്പെടുന്ന പ്രവാസി ഇൻഡ്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നിർബന്ധമാക്കിയ ഇ-കെയർ (E-Clearance for Afterlife Remains) സംവിധാനം പ്രവാസികളെ വലിയ ദുരിതത്തിലാക്കുന്നതായി പരാതി. ഇത് താൽക്കാലികമായി നിർത്തുകയോ അല്ലെങ്കിൽ നടപടിക്രമങ്ങൾ ലളിതമാക്കുകയോ ചെയ്യണമെന്നാണ് പ്രവാസി സമൂഹത്തിന്റെ ആവശ്യം.
കേന്ദ്ര സർകാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം കഴിഞ്ഞ വർഷം ആരംഭിച്ച ഈ സംവിധാനം, മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള അനുമതിക്ക് വേഗം കൂടുമെന്ന വാഗ്ദാനവുമായാണ് അവതരിപ്പിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിന് ഏറ്റവും അവസാന നടപടിയാണ് ഇ-കെയർ അനുമതി തേടുന്നത്. വിമാനത്തിൽ കാർഗോ ബുകിങ് കഴിഞ്ഞാണ് ഇ-കെയർ അനുമതി തേടേണ്ടത്.
നേരത്തെ മൃതദേഹത്തിനൊപ്പം അകമ്പടിയായി ഒരാൾ വേണമായിരുന്നുവെങ്കിൽ ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല. വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹത്തെ ഏറ്റുവാങ്ങാൻ ആളുണ്ടാവുമെന്ന് ഉറപ്പാക്കുകയും ഇ - കെയറിലൂടെ ചെയ്യുന്നു. വിദേശത്ത് വച്ച് പ്രവാസിയുടെ മരണം സംഭവിച്ചാൽ ആവശ്യമായ രേഖകൾ പോർടലിൽ അപ്‌ലോഡ് ചെയ്‌ത് രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ വിവിധ ഘട്ടങ്ങളിലൂടെ അനുമതി ലഭിക്കാൻ പലപ്പോഴും വൈകുന്നു.
ഇത് മൃതദേഹം ബുക് ചെയ്‌ത വിമാനത്തിൽ തന്നെ അയക്കാൻ പ്രയാസം നേരിടുന്നു. പലപ്പോഴും വിമാനം മുടങ്ങുന്ന അവസ്ഥയുണ്ടാകും. ഇത് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പ്രവാസി സംഘടനകൾക്കും ഏറെ ദുരിതമുണ്ടാക്കുന്നു. ഇ-കെയർ പോർടലിൽ രജിസ്റ്റർ ചെയ്‌താൽ സാധാരണ ഗതിയിൽ നാല് മണിക്കൂർ കൊണ്ട് കൺഫോർമേഷൻ ലഭിക്കുമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നതെങ്കിലും അത് ലഭിക്കുന്നില്ലെന്നാണ് പരാതി. അവധി ദിവസങ്ങളിൽ അടക്കം ഇതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
വിഷയം ഉന്നയിച്ച് ദുബൈ കെഎംസിസി കാസർകോട് മണ്ഡലം കമിറ്റി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയ്ക്ക് കത്തയച്ചിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകാനുള്ള നടപടികൾക്ക് കാലതാമസം വരുത്തുന്നത് കുടുംബങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവെന്നും മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ സമയബന്ധിതമായി നടത്താൻ സാധിക്കാതെ വരുന്നതായും പ്രസിഡന്റ് ഫൈസൽ പട്ടേലും ജെനറൽ സെക്രടറി അസ്‌കർ ചൂരിയും കത്തിൽ ചൂണ്ടിക്കാട്ടി.
മരണത്തിന്റെ ദുഃഖം അനുഭവിക്കുന്ന കുടുംബങ്ങളെ ഇ-കെയർ സംവിധാനത്തിലെ കാലതാമസം കൂടുതൽ വേദനിപ്പിക്കുന്നു, അതിനാൽ അടിയന്തരമായ ഇടപെടൽ അനിവാര്യമാണ് എന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. സർകാർ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടുകയും പ്രവാസികളുടെ ദുരിതം ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് പ്രവാസി സമൂഹത്തിന്റെ അഭ്യർഥന.
#ECare #Dubai #India #Expatriates #Repatriation #Delay #Hardship #MinistryofHealth