കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്കെതിരെയുള്ള ശ്രമങ്ങൾ മുതൽ നിക്ഷേപസമാഹരണ പദ്ധതികൾ വരെ; മാർഗദർശിയായി ദുബൈ എക്സ്പോ
Dec 30, 2021, 21:15 IST
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kasargodvartha.com 30.12.2021) യു എ ഇയുടെയും ലോകത്തിന്റെയും ഗഹനമായ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ദുബൈ എക്സ്പോ 2020 മൂന്നാംമാസത്തിലേക്ക് കടക്കുന്നതായി ദുബൈ എക്സ്പോ കമ്യൂനികേഷൻ വൈസ് പ്രസിഡണ്ട് മുഹമ്മദ് അൽ അൻസാരി പറഞ്ഞു. 2021 വർഷത്തെ അവസാനത്തെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻസാരി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി നേരിടുന്ന വെല്ലുവിളികളും ആഗോള നിക്ഷേപ സാഹചര്യങ്ങളും സാംസ്കാരിക കൈമാറ്റവുമെല്ലാം ചർച്ചചെയ്യപ്പെടുന്ന ആഗോളവേദിയായി ചുരുങ്ങിയ നാളുകൾ കൊണ്ട് ദുബൈ എക്സ്പോ മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ ഒന്നിന് ഏറെ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ലോക മഹാമേളയായ എക്സ്പോയ്ക്ക് ദുബൈ വാതായനങ്ങൾ തുറന്നിട്ടത്. രാജ്യങ്ങൾക്ക് ഒത്തുചേർന്നുള്ള ആശയസംവാദങ്ങൾക്കും നയരൂപവത്കരണങ്ങൾക്കും ഒരു വേദി അവശ്യം ആവശ്യമായിരുന്ന ഘട്ടം കൂടിയായിരുന്നു അത്. കോവിഡിനെത്തുടർന്ന് ലോകനേതാക്കൾ ഒന്നിച്ചിരുന്നുള്ള കൂടിയാലോചനകൾക്ക് കാര്യമായ കുറവുണ്ടായ സാഹചര്യമായിരുന്നു അതുവരെ. ‘മനസുകളെ ബന്ധിപ്പിക്കുന്നു, ഭാവിയെ വാർത്തെടുക്കുന്നു എന്ന ആശയത്തിലാണ് എക്സ്പോ 2020 രൂപകല്പന ചെയ്തിരിക്കുന്നത്.
കോവിഡിനെത്തുടർന്ന് ആഗോളതലത്തിൽ വാണിജ്യ, വ്യവസായ, നിക്ഷേപ രംഗങ്ങളിൽ വമ്പിച്ച രീതിയിലുള്ള ഇടിവ് സംഭവിച്ചിരുന്നു. ഇതിൽനിന്ന് കരകയറാനുള്ള ശ്രമങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകടമായിരുന്നു. ആ ശ്രമങ്ങൾക്ക് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് എക്സ്പോ വേദിയായി. പ്രവർത്തനമാരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോൾ രാജ്യങ്ങൾ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കായി ഒപ്പുവെച്ചത് ബില്യണുകളുടെ കരാറുകളാണ്.
ഇൻഡ്യയിൽ മഹാരാഷ്ട്ര രണ്ട് ബില്യൺ യു എസ് ഡോളർ, യുഗാൻഡ 65 കോടി ഡോളർ, മലേഷ്യ 1.7 ബില്യൺ ഡോളർ, ബ്രസീലിലെ സാവോപോളോ 1.1 ബില്യൺ ഡോളർ എന്നിങ്ങനെ കരാറുകളിൽ ഒപ്പുവെച്ചു. കാലാവസ്ഥാ വാരാചരണം, ബഹിരാകാശ വാരാചരണം, സഹിഷ്‌ണുത വാരാചരണം തുടങ്ങിയ ആശയങ്ങളിലൂടെ ലോകത്തെ ഒരുമിപ്പിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാൻ എക്സ്പോയിലൂടെ സാധിച്ചു.
ഒക്ടോബർ മൂന്നുമുതൽ ഒമ്പതുവരെ നടന്ന കാലാവസ്ഥാ വാരാചരണത്തിലൂടെ മാത്രം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്കെതിരേയുള്ള ശ്രമങ്ങൾക്ക് 163 ബില്യൺ ഡോളറിന്റെ പദ്ധതികളാണ് ഒപ്പുവെക്കപ്പെട്ടത്.
വർഷങ്ങളായി എതിർചേരികളിൽ നിലകൊണ്ടിരുന്ന രാജ്യങ്ങൾക്കിടയിൽ ഐക്യം കൊണ്ടുവരുന്നതിലും എക്സ്പോ വിജയിച്ചു. സംയുക്ത ബഹിരാകാശ പര്യവേക്ഷണമെന്ന ലക്ഷ്യത്തിൽ ഇസ്രാഈലുമായി യു എ ഇയും മറ്റുള്ള പ്രവർത്തനങ്ങൾക്ക് ലോകരാജ്യങ്ങളും ഉടമ്പടികൾ ഒപ്പുവെക്കുന്ന കാഴ്ചകൾക്കും എക്സ്പോ വേദിയായി.
വൈജ്ഞാനിക വാരാചരണത്തിന്റെ ഭാഗമായി ലോകരാജ്യങ്ങൾ ഒന്നിച്ച് ഭാവി പഠനസങ്കേതങ്ങൾക്കായി രൂപരേഖകൾ തയ്യാറാക്കുകയും നിക്ഷേപങ്ങൾ നടത്തുകയും ചെയ്തു. പരമ്പരാഗത വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 2.8 കോടി കുട്ടികൾക്കായി സ്മാർട് വിദ്യഭ്യാസ സാമ്പത്തിക സഹായ പദ്ധതിയും രാജ്യങ്ങൾ ചേർന്ന് അംഗീകരിച്ചു. 15 മുതൽ 24 വയസുവരെയുള്ള, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക് സെർടിഫികറ്റോട് കൂടിയ നൈപുണ്യവികസന ക്ലാസുകൾ ഡിജിറ്റൽ സാങ്കേതികതയിലൂടെ സൗജന്യമായി നടപ്പാക്കാനും ദുബൈ കെയറും മൈക്രോസോഫ്റ്റും യൂനിസെഫും തീരുമാനം കൈക്കൊണ്ടു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സംസ്കാരിക കലാ രംഗങ്ങളിൽ നിന്നുള്ളവർക്ക് വലിയ അവസരങ്ങളും എക്സ്പോ വേദികൾ മലർക്കെ തുറന്നിടുന്നു.
Keywords: Gulf, News, Dubai, Top-Headlines, Programme, UAE, Dubai Expo 2020, Report by Qasim Udumbumthala, Dubai Expo 2020 enters its third month.
< !- START disable copy paste -->