Robbery | 'യാത്രക്കാരന്റെ ബാഗില്‍ നിന്ന് പണവും ആഭരണവും മോഷ്ടിച്ചു'; ദുബൈ വിമാനത്താവളം ജീവനക്കാര്‍ പിടിയില്‍
ദുബൈ: (www.kasargodvartha.com) വിമാനത്താവളത്തില്‍ മോഷണം നടന്ന സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ പിടിയില്‍. യാത്രക്കാരന്റെ ബാഗില്‍ നിന്ന് ഒരു മോതിരവും സ്വര്‍ണമാലയും പണവുമടക്കം 50,000 ദിര്‍ഹമിന്റെ മൂല്യമുള്ള വസ്തുക്കളാണ് പ്രതികള്‍ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങളുമായി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് പ്രതികളില്‍ ഒരാളായ ശുചീകരണ തൊഴിലാളിയെ പിടികൂടിയത്.
തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വിവരം പുറത്തുവരുകയായിരുന്നു എന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ഇയാളുടെ കൂട്ടാളികളായ രണ്ടുപേരാണ് മോഷണം നടത്തിയതെന്നും തുടര്‍ന്ന് എയര്‍പോര്‍ട് ഗേറ്റ് വഴി പുറത്തെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ആഭരണങ്ങള്‍ വില്‍പന നടത്തി പണം തുല്യമായി വീതിച്ചെടുക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.
മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതികള്‍ക്ക് മൂന്നുമാസം വീതം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞ ശേഷം ഇവരെ നാടുകടത്താനും ഉത്തരവായിട്ടുണ്ട്. അപ്പീല്‍ കോടതിയും ശിക്ഷ ശരിവച്ചു.
Keywords: UAE, Dubai, Gulf, World, Top-Headlines, Crime, Robbery, Police, Cash, Stealing, Airport, Employee, Passenger, Bag, Dubai: 3 airport workers caught stealing cash, jewellery from passenger's bag.