Losses | 'വൻ വാഗ്ദാനങ്ങൾ നൽകി യുഎഇയിൽ ആരംഭിച്ച കാസർകോട് സ്വദേശിയുടെ ഡിസാബോ സൂപ്പർ ആപ്പ് പ്രവർത്തന രഹിതമായി'; അനവധി നിക്ഷേപകർക്ക് ലക്ഷക്കണക്കിന് ദിർഹം നഷ്ടമായെന്ന് റിപ്പോർട്ട്;

● 'നിക്ഷേപകർക്ക് 80% വരെ വരുമാനം വാഗ്ദാനം ചെയ്തു'
● 2021-ൽ ആരംഭിച്ചു ആപ്പ്
●ആമസോൺ, സൊമാറ്റോ പോലെയുള്ള കമ്പനികളുമായി മത്സരിക്കാൻ ശ്രമിച്ചു.
ദുബൈ: (KasargodVartha) യുഎഇയിൽ നിക്ഷേപകർക്ക് ഒരു സുവർണാവസരമായി തോന്നിയ കാസർകോട് സ്വദേശിയുടെ ഡിസാബോ സൂപ്പർ ആപ്പ് ഇന്ന് ഒരു ദുരന്തകഥയായി മാറിയിരിക്കുന്നു. ആറു മാസത്തിനുള്ളിൽ 80 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്ത ഈ ആപ്പ്, നിക്ഷേപകരെ ആകർഷിച്ചെങ്കിലും പിന്നീട് അവർക്ക് കനത്ത നിരാശയായി മാറി. ഡിസാബോ ആപ്പ് പ്രവർത്തന രഹിതമായതായും അനവധി നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടുവെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
2021 സെപ്റ്റംബറിൽ ആരംഭിച്ച ഡിസാബോ, ഇ-കൊമേഴ്സ് മേഖലയിലെ 'ആദ്യത്തെ സൂപ്പർ ആപ്പ്' എന്ന ബ്രാൻഡിംഗിനൊപ്പം വൻ പ്രതീക്ഷകളോടെയാണ് രംഗത്തെത്തിയത്. എന്നാൽ ഇന്ന്, ആ വാഗ്ദാനങ്ങൾ തകർന്നിരിക്കുകയാണ് എന്നാണ് ആരോപണം. യുഎഇയിലും ജിസിസിയിലുടനീളമുള്ള നിക്ഷേപകർക്ക് കാലിയായ പോക്കറ്റുകളും തകർന്ന വിശ്വാസവുമാണ് ബാക്കിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണം, പഴം പച്ചക്കറികൾ മുതൽ വീട്ടുപകരണങ്ങളുടെ അറ്റകുറ്റപ്പണി വരെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കിയിരുന്ന ഈ ആപ്പ്, കാസർകോട് സ്വദേശിയായ അഫ്താബ് സിഇഒ ആയി കോവിഡ് കാലത്താണ് ആരംഭിച്ചത്. ആമസോൺ, സൊമാറ്റോ തുടങ്ങിയ വലിയ കമ്പനികളുമായി മത്സരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതാണ് സ്റ്റാർട്ടപ്പിനെ തളർത്തിയതെന്നാണ് പറയുന്നത്.
ദുബൈ ദെയ്‌റയിലുള്ള കമ്പനിയുടെ ഓഫീസ് ദുബൈ പൊലീസ് മുദ്രവച്ചിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ നിക്ഷേപകർ പ്രതിസന്ധിയിലായി. ആറുമാസത്തിനുള്ളിൽ 80 ശതമാനം വരെ വരുമാനം നേടിക്കൊടുക്കുമെന്നായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. തുടക്കത്തിൽ ഈ വാഗ്ദാനം പാലിച്ചെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞുവെന്നാണ് നിക്ഷേപകരുടെ വെളിപ്പെടുത്തൽ.
ഡിസാബോ സൂപ്പർ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണെങ്കിലും, പരസ്യപ്പെടുത്തിയ സേവനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ഒരു ബ്രിട്ടീഷ് വനിത പറഞ്ഞു. കമ്പനിയുടെ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു സ്ഥാപകൻ അബ്ദുൽ അഫ്താബ് പല കേസുകളിലും പ്രതിയായി. 43,000 ദിർഹം നിക്ഷേപിച്ചാൽ അഞ്ച് ബൈക്കുകൾ ലീസിന് നൽകാമെന്നും, 60,000 ദിർഹം വരെ വരുമാനം ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചത്.
വലിയ തോതിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്ക് 200,000 ദിർഹം നിക്ഷേപിച്ച് നാല് ഡെലിവറി വാനുകൾ പാട്ടത്തിന് എടുക്കാനുള്ള സൗകര്യവും ഒരുക്കി. ഈ ഓഫറും സമാനമായ ഉയർന്ന വരുമാനം ഉറപ്പുനൽകുകയും ചെയ്തു. ഈ ആകർഷകമായ ഓഫറിന് മുന്നിൽ മലയാളികളുൾപ്പെടെ നിരവധി പേർ വീണു. തുടക്കത്തിൽ ചെക്കുകൾ കൃത്യമായി ലഭിച്ചെങ്കിലും, 2023-ൽ പേയ്‌മെന്റുകൾ മുടങ്ങി. കമ്പനി താൽക്കാലികമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഉടൻ സാധാരണ നിലയിലാകുമെന്നും നൽകിയ വാഗ്ദാനങ്ങൾ വെറും വാക്കുകളായി മാറി.
യുഎഇയിലും മറ്റു ജിസിസി രാജ്യങ്ങളിലുമുള്ള അനവധി നിക്ഷേപകര്‍ക്ക് ദശലക്ഷക്കണക്കിന് ദിര്‍ഹം നഷ്ടമായതായാണ് റിപ്പോര്‍ട്ട്. പണം നഷ്ടപ്പെട്ട നിരവധി പേർ വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് കമ്പനിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയാണ്. ഈ ഗ്രൂപ്പുകളിൽ ഇന്ത്യക്കാരും വിദേശികളുമായ നിരവധി പേർ അംഗങ്ങളാണ്. അഫ്താബ് ദുബൈ കോടതികളിൽ നിരവധി കേസുകൾ നേരിടുന്നുണ്ടെന്നും, അറസ്റ്റ് വാറണ്ട് പോലും ഉണ്ടെന്നും നിക്ഷേപകർ രേഖകളുമായി വെളിപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു.
ഒമ്പത് ലക്ഷം ദിർഹം നിക്ഷേപിച്ച മൊറോക്കോ സ്വദേശി ഇദ്രീസ് ബുഗ്ദിർ ഉൾപ്പെടെ നിരവധി പേർ ഇപ്പോഴും യുഎഇയിലുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡിസാബോയുടെ തകർച്ച നിരവധി നിക്ഷേപകരുടെ ജീവിതത്തെ തകർത്തു, ഒരു ഇന്ത്യൻ പ്രവാസി തൻ്റെ മാതാവിന് കാൻസർ ചികിത്സയ്ക്കായി പണം കണ്ടെത്താൻ പാടുപെടുന്നു, പലരും ബാങ്കുമായും കടക്കാരുമായും പോരാടുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഡിസാബോയുടെ സ്ഥാപകൻ അബ്ദുൽ അഫ്താബ് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാകുന്നു. അപ്രതീക്ഷിത വെല്ലുവിളികൾ നേരിടുന്ന ഒരു നൂതന സംരംഭമാണ് തന്റേത്.
കേസുകളെ തുടർന്ന് തനിക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. തന്റേത് ഒരു സ്റ്റാർട്ടപ്പാണ്. 897 റെസ്റ്റോറൻറുകളിൽ നിന്ന് 18 ദശലക്ഷം ദിർഹം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും അഫ്താബിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
എന്നാൽ നിക്ഷേപകർ അദ്ദേഹത്തിൻ്റെ വാദം തള്ളിക്കളയുന്നു. കൂടാതെ പല റെസ്റ്റോറന്റുകളും അഫ്താബിന് പണം കൊടുക്കാനുണ്ടെന്ന വാദം നിഷേധിച്ചതുമായും റിപ്പോര്‍ട്ടിൽ പറയുന്നു. ഡിസാബോ ഇതിനകം തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
#InvestmentLoss #Disabo #UAE #Kasaragod #StartupFailure #Ecommerce