ദുബൈയില്‍ ആസ്തമ ഉള്‍പ്പെടെ ചില രോഗങ്ങളുള്ളവര്‍ക്ക് മാസ്‌ക് വേണ്ട; അപേക്ഷ നല്‍കിയാല്‍ 5 ദിവസത്തിനകം അനുമതി ലഭിക്കും
ദുബൈ: (www.kasargodvartha.com 11.11.2020) ദുബൈയില്‍ ആസ്തമ ഉള്‍പ്പെടെ ചില രോഗങ്ങളുള്ളവര്‍ക്ക് മാസ്‌ക് ധരിക്കേണ്ട. മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പെര്‍മിറ്റ് എടുക്കണം. അനുമതിക്കായി അപേക്ഷിക്കാന്‍ www.dxbpermit.gov.ae സന്ദര്‍ശിക്കാം. ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) പൊലീസ് സഹകരണത്തോടെയാണ് ഈ സംവിധാനമൊരുക്കിയത്.
വിശദാംശങ്ങള്‍ നല്‍കി അപേക്ഷ നല്‍കിയാല്‍ അഞ്ച് ദിവസത്തിനകം അനുമതി ലഭിക്കും. അപേക്ഷകന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തിയാകും ഇളവു നല്‍കുന്ന കാലാവധി തീരുമാനിക്കുക. അതേസമയം, പൊതുസ്ഥലങ്ങളിലും കൂടുതല്‍ പേര്‍ എത്തുന്ന വേദികളിലും മാസ്‌ക് ധരിക്കുന്നതാണ് സുരക്ഷിതമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കടുത്ത സൈനസൈറ്റിസ് ഉള്ളവര്‍, മൂക്കില്‍ നിന്നും രക്തസ്രാവം ഉള്ളവര്‍, ത്വക് രോഗികള്‍, മാസ്‌ക് ധരിച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നവര്‍, മറ്റ് അലര്‍ജിയുള്ളവര്‍, മാനസികാസ്വാസ്ഥ്യമുള്ള നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.