Walk For Hajj | ഹജ്ജ് നിര്‍വഹിക്കാന്‍ കാല്‍നട യാത്ര; 11 മാസവും 26 ദിവസവുമെടുത്ത് 10 രാജ്യങ്ങളിലൂടെ 6500 കിലോമീറ്റര്‍ താണ്ടി 52കാരനായ ബ്രിടീഷ് തീര്‍ഥാടകന്‍ ലക്ഷ്യസ്ഥാനത്തേക്ക്
ജിദ്ദ: (www.kasargodvartha.com) ആത്മീയതയില്‍ ലയിച്ചിരിക്കുന്നവര്‍ക്ക് ദൈവസന്നിധിയിലെത്താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒരു കടമ്പകളാവില്ലെന്ന് തെളിയിക്കുകയാണ് ഈ 52 കാരന്‍. പുണ്യകര്‍മമായ ഹജ്ജ് നിര്‍വഹിക്കാന്‍ ബ്രിടീഷ് തീര്‍ഥാടകന്‍ കാല്‍നടയായി 10 രാജ്യങ്ങളിലൂടെ 6500 കിലോമീറ്റര്‍ താണ്ടിയിരിക്കുകയാണ്.
നെതര്‍ലന്‍ഡ്സ്, ജര്‍മനി, ചെക് റിപബ്ലിക്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, തുര്‍കി, ലെബനന്‍, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെ 11 മാസവും 26 ദിവസവുമെടുത്ത് 6500 കിലോമീറ്ററാണ് ആദം മുഹമ്മദ് നടന്നത്. ബ്രിടണില്‍ യാത്ര തിരിച്ച ആദം ലക്ഷ്യ സ്ഥാനമായ സഊദി അറേബ്യയിലെത്തിയിരിക്കുകയാണ്.
ഒരു ദിവസം ശരാശരി 17.8 കിലോമീറ്റര്‍ നടന്ന് ജൂണ്‍ 26നാണ് ആദം മുഹമ്മദ് മക്കയിലെ ആയിശ മസ്ജിദിലെത്തിയത്. സഊദിയിലെത്തിയ അദ്ദേഹത്തെയും യുകെയില്‍ നിന്നെത്തിയ ആദമിന്റെ മക്കളെയും ഹജ്ജ് തീര്‍ഥാടകരും പ്രദേശവാസികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
ഇറാഖി-കുര്‍ദിഷ് വംശജനായ ആദം മുഹമ്മദ് 2021 ഓഗസ്റ്റ് 1നാണ് ബ്രിടണിലെ വോള്‍വര്‍ഹാംപ്ടണിലെ വീട്ടില്‍ നിന്ന് പുണ്യയാത്ര ആരംഭിച്ചത്. സ്വന്തമായി നിര്‍മിച്ച ഉന്തുവണ്ടിക്ക് സമാനമായ വാഹനത്തിലായിരുന്നു ആദം വസ്ത്രമടക്കമുള്ള തന്റെ സാധനങ്ങള്‍ സൂക്ഷിച്ചത്. ഭക്ഷണമുണ്ടാക്കാനും ഉറങ്ങാനും ഈ വാഹനമാണ് ആദം ഉപയോഗിച്ചിരുന്നത്. കാലാവസ്ഥയും ചെറിയ യാത്രാ ബുദ്ധിമുട്ടും ഒഴിച്ചാല്‍ മക്കയിലേക്കുള്ള യാത്ര വളരെ സുഗമമായിരുന്നെന്ന് ആദം മുഹമ്മദ് അറബ് ന്യൂസിനോട് പറഞ്ഞു.
എന്റെ യാത്ര പൂര്‍ത്തിയാക്കിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, സഊദി ഉള്‍പെടെയുള്ള രാജ്യങ്ങളുടെ മഹത്തായ സ്നേഹത്തില്‍ ഞാന്‍ മതിമറന്നു. ഇപ്പോള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞുവെന്നും അതെന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും ആദം മുഹമ്മദ് പറഞ്ഞു.
തന്റെ യാത്ര സാധ്യമാക്കിയതിനും ഹജ്ജ് നിര്‍വഹിക്കാനുള്ള അദ്ദേഹത്തിന്റെ ലക്ഷ്യം സാക്ഷാത്കരിച്ചതിനും അല്ലാഹുവിന് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ഇതെനിക്ക് എളുപ്പമുള്ള യാത്രയായിരുന്നില്ല. അല്ലാഹുവിനുവേണ്ടി എല്ലാ ത്യജിക്കുകയായിരുന്നു'.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.