Recognition | അറബ് സാഹിത്യത്തിലെ മലയാളി മുദ്ര; ഡോ. സലാഹുദ്ദീൻ അയ്യൂബിയെ തേടി അന്താരാഷ്ട്ര അംഗീകാരങ്ങൾ പിറകെ

● അറബ് വനിതാ കവിതകളെക്കുറിച്ചുള്ള ആറ് പഠന പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
● കണ്ണൂർ സർവകലാശാലയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
● നിലവിൽ സഅദിയ്യ അറബി കോളേജിന്റെ പ്രിൻസിപ്പലാണ് അദ്ദേഹം.
ദുബൈ: (KasargodVartha) അറബ് സാഹിത്യ ലോകത്ത് തൻ്റെ ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രമുഖ അക്കാദമിഷ്യനും അറബി സാഹിത്യ ഗവേഷകനുമായ ഡോ. സലാഹുദ്ദീൻ അയ്യൂബി അന്താരാഷ്ട്ര അംഗീകാരങ്ങൾ കരസ്ഥമാക്കി മുന്നോട്ട്. ഏറ്റവും ഒടുവിൽ, അക്കാദമിക-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസയാണ് അദ്ദേഹത്തിന് ലഭിച്ചത്.
അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ ഗൗരവപൂർണമായ ഗവേഷണങ്ങൾ നടത്തിയ ഡോ. സലാഹുദ്ദീൻ അയ്യൂബി, ജി.സി.സി രാജ്യങ്ങളിലെ അറബ് വനിതാ കവിതകളെക്കുറിച്ചുള്ള ആറ് പഠന പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അറബ് ലോകത്തും ഇന്ത്യയിലും സാഹിത്യരംഗത്ത് തരംഗങ്ങൾ സൃഷ്ടിച്ച ഈ പുസ്തകങ്ങൾ, അറബ് സ്ത്രീകളുടെ കവിതയുടെ വികാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകൾ നൽകുന്നു. ഒമാൻ, ഖത്തർ, കുവൈറ്റ്, മൊറോക്കോ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ പത്രങ്ങളിൽ അദ്ദേഹത്തിൻ്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ സംഭാവങ്ങൾക്കുള്ള രാജ്യാന്തര അംഗീകാരമായിയുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഇസ്‌ലാമിക് സ്റ്റഡീസിൽ എം.എയും, മൗലാനാ ആസാദ് നാഷണൽ ഉർദു സർവകലാശാല ഹൈദരാബാദിൽ നിന്നും അറബി സാഹിത്യത്തിൽ എം.എയും പൂർത്തിയാക്കിയ ഡോ. സലാഹുദ്ദീൻ അയ്യൂബി, കണ്ണൂർ സർവകലാശാലയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അറബി സാഹിത്യത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന നിരവധി ആധികാരിക പഠനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. നിലവിൽ സഅദിയ്യ അറബി കോളേജിന്റെ പ്രിൻസിപ്പലാണ് അദ്ദേഹം.
കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക വിദ്യാർത്ഥി സംഘടനയായ എസ്എസ്.എഫിന്റെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിലും സാഹിത്യ-ഗവേഷണ പ്രബന്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. കാഞ്ഞങ്ങാട് ഓർഫനേജ് അറബിക് കോളജിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള സ്വലാഹുദ്ദീൻ അയ്യൂബി, സാമൂഹിക-മത രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. എസ്‌വൈഎസ് ഉദുമ സോൺ സെക്രട്ടറി, എസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കളനാട് സ്വദേശികളായ പാലത്തുങ്കര അബ്ദുർ റഹ്‌മാൻ മുസ്‌ലിയാർ - നഫീസ ദമ്പതികളുടെ മകനാണ് ഡോ. സലാഹുദ്ദീൻ അയ്യൂബി. ഗോൾഡൻ വിസ എന്നത് യുഎഇയിലെ ദീർഘകാല താമസ വിസയാണ്, ഇത് വിദേശ പൗരന്മാർക്ക് രാജ്യത്ത് ദീർഘകാലം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്നു. ശാസ്ത്രജ്ഞർ, കലാകാരന്മാർ, നിക്ഷേപകർ തുടങ്ങിയ അസാധാരണ കഴിവുകളുള്ള വ്യക്തികൾക്കാണ് ഇത് നൽകുന്നത്. സലാഹുദ്ദീൻ അയ്യൂബിയുടെ നേട്ടങ്ങൾ മലയാളികൾക്കും അക്കാദമിക ലോകത്തിനും ജാമിഅ സഅദിയ്യയ്ക്കും ഒരുപോലെ അഭിമാനമായി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Dr. Salahuddin Ayyubi, renowned for his contributions to Arab literature and research, receives the UAE Golden Visa for his academic achievements.
#SalahuddinAyyubi, #GoldenVisa, #ArabLiterature, #UAERecognition, #ResearchExcellence, #KeralaNews