Air Kerala | എയർ കേരള രാജ്യാന്തര സർവീസ് ആണ് വേണ്ടതെന്ന് മുറവിളി; ടിക്കറ്റ് കൊള്ളയ്ക്ക് അറുതി വരുത്താൻ സഹായകമാവുമെന്ന് പ്രവാസികൾ.

● പ്രവാസികൾ എന്നും ആവശ്യപ്പെടുന്ന വിഷയങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് വിമാന ടിക്കറ്റ് കൊള്ള.
● ടിക്കറ്റ് നിരക്കിൽ 5 മുതൽ 8 ഇരട്ടിയിലധികമാണ് ഈ കാലയളവിൽ വർധിപ്പിക്കുന്നത്.
● ദുബൈ, കൊച്ചി, മുംബൈ ടിക്കറ്റ് നിരക്കുകൾ ആറിരട്ടിയിലധികം ഉയർന്നിട്ടുണ്ട്
ദുബൈ: (KasargodVartha) ഓരോ സീസണുകളും മുന്നിൽക്കണ്ട് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികൾക്കുള്ള താക്കീത് നൽകാൻ 'എയർ കേരള' രാജ്യാന്തര സർവീസാണ് ആരംഭിക്കേണ്ടതെന്ന് പ്രവാസി സമൂഹം. ഈ വർഷം മെയ് മാസത്തോടെ ആഭ്യന്തര സർവീസുകളാണ് തുടങ്ങുകയെന്ന് വിമാന കമ്പനി അധികൃതർ പറയുന്നുണ്ട്. രാജ്യാന്തര സർവീസുകൾ പിന്നീട് തുടങ്ങുമെന്നാണ് പറയുന്നത്.
ഇക്കാലമത്രയും കേന്ദ്രം ഭരിച്ച സർക്കാറുകൾക്ക് പ്രവാസി വിഷയത്തിൽ കാര്യമായിട്ടൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. പ്രവാസികൾ എന്നും ആവശ്യപ്പെടുന്ന വിഷയങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് വിമാന ടിക്കറ്റ് കൊള്ള. ഇത് ഒരു സർക്കാറിനും ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് ഒരു പരിഹാരമാകാൻ എയർ കേരളയ്ക്ക് കഴിയുമെന്ന് പ്രവാസികൾ കരുതുന്നു. എന്നാൽ അതിന് രാജ്യാന്തര സർവീസാണ് വേണ്ടത്. ഇതിനാണ് കേരള സർക്കാർ ശ്രമിക്കേണ്ടതെന്നും പ്രവാസികൾ പറയുന്നു.
പെരുന്നാൾ അവധി, സ്കൂൾ അവധി, ക്രിസ്മസ്, പുതുവത്സരം, ഓണം ഇവയൊക്കെ മുതലെടുത്ത് കൊയ്ത്ത് ഉത്സവമാ ക്കുകയാണ് നിലവിലെ വിമാന കമ്പനികൾ. ടിക്കറ്റ് നിരക്കിൽ 5 മുതൽ 8 ഇരട്ടിയിലധികമാണ് ഈ കാലയളവിൽ വർധിപ്പിക്കുന്നത്. സാധാരണക്കാരായ പ്രവാസികൾക്ക് ഈ സമയങ്ങളിൽ ടിക്കറ്റ് വർദ്ധനവ് മൂലം അടിയന്തിര ഘട്ടങ്ങളിൽ പോലും നാട്ടിലെത്താനും സാധിക്കുന്നില്ല. ഇവർക്ക് ആറുമാസത്തെ ശമ്പളം നൽകി വിമാന ടിക്കറ്റ് എടുക്കാനാവുന്നില്ല എന്ന അവസ്ഥയാണുള്ളത്.
വിമാന നിരക്ക് വർദ്ധന സംബന്ധിച്ച് ഉന്നത തലസമിതി രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞത് പ്രവാസികൾക്ക് നേരിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ആറുമാസം പിന്നിട്ടിട്ടും അതിന്റെ തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. ഗൾഫിൽ പ്രവാസികളിൽ കേരളീയർ കൂടുതലുള്ളതുകൊണ്ടുതന്നെ കേരളത്തിലേക്കുള്ള വിമാന സർവീസുകളാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നത്.
തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ, മംഗ്ളുറു വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളിലാണ് അഞ്ചിരട്ടി മുതൽ എട്ടിരട്ടി വരെ ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള ടിക്കറ്റിന് കഴിഞ്ഞ 2024 ഓഗസ്റ്റ് മാസം ഈടാക്കിയത് 82,000 രൂപയാണ്. എട്ടിരട്ടി തുകയാണ് വർദ്ധിപ്പിച്ചത്. എന്നാൽ ചില വിമാന കമ്പനികൾ 62,000മാണ് ഈടാക്കിയത്.
അതേസമയം കൊച്ചിയിൽ നിന്ന് 78,000 രൂപ ഈടാക്കിയപ്പോൾ, കോഴിക്കോട് നിന്ന് 47,000 രൂപയും കണ്ണൂരിൽ നിന്ന് 39,000 രൂപയും ഈടാക്കിയിരുന്നു. പിന്നീടത് അമ്പതിനായിരവും, മുപ്പതിനായിരവുമായി കുറഞ്ഞു. സീസൺ സമയങ്ങളിൽ എല്ലാ വിമാന കമ്പനികളും മത്സരിച്ചാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പെയ്‌സ് ജെറ്റ്, ഇൻഡിഗോ, എയർ അറേബ്യ, എമിറേറ്റ്സ്, ഫ്ലൈ ദുബൈ എന്നീ വിമാന കമ്പനികളൊക്കെ മത്സരിച്ചാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നത്.
ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര എയർ കേരള ആരംഭിക്കുന്നതെന്ന് കമ്പനി അധികൃതർ പറയുന്നത്. എന്നാൽ അതിന്റെ പ്രയോജനം പ്രവാസി സമൂഹത്തിന് ലഭിക്കണമെങ്കിൽ രാജ്യാന്തര സർവീസാണ് ആരംഭിക്കേണ്ടത്. ഒരു കൂട്ടം പ്രവാസി സംരംഭകരാണ് എയർ കേരള എയർലൈൻസ് എന്ന പേരിൽ സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെ തുടക്കം കുറിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസി ലഭിച്ചു കഴിഞ്ഞ എയർ കേരളയ്ക്ക് ഇനി എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കൂടി ലഭിച്ചു കഴിഞ്ഞാൽ ആഭ്യന്തര സർവീസുകൾക്ക് തുടക്കമാവും.
#AirKerala, #TicketPrices, #Expats, #GulfNews, #KeralaAirlines, #InternationalFlights