ഒമാനിലെ റൂവി വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ക്ക് പരിക്ക്
മസ്ഖത്: (www.kasargodvartha.com 12.02.2022) ഒമാനിലെ വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ക്ക് പരിക്ക്. മത്ര വിലായത്തില്‍ ഉള്‍പെടുന്ന റൂവിയിലെ ഒരു കെട്ടിടത്തിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെ ഒമാന്‍ പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതായി വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം ഏഴ് മണിക്കായിരുന്നു സംഭവം. പരിസരത്തുള്ള കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ഏതാനും പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മസ്ഖത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപാര്‍ട്‌മെന്റിന്റെ അഗ്‌നിശമന സേനാ വിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. നിരവധി അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിച്ച് ക്രെയിന്‍ ഉള്‍പെടെയുള്ള സജ്ജീകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു തീ അണയ്ക്കാനുള്ള പരിശ്രമം.
Keywords: News, World, Gulf, Muscut, Fire, Top-Headlines, Fire Force, Injured, 10 injured in Oman Ruwi building fire