സ്മാർടായി 13 വിദ്യാലയങ്ങൾ; ചെമ്മനാട് പഞ്ചായത്തിന് അഭിമാന നേട്ടം
Jul 2, 2021, 16:36 IST
കോളിയടുക്കം: (www.kasargodvartha.com 02.07.2021) ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 39.90 ലക്ഷം രൂപ ചിലവിൽ 13 എൽപി, യുപി വിദ്യാലയങ്ങളിൽ സ്മാർട് ക്ലാസ് മുറി ഒരുക്കൽ പൂർത്തിയായി. അവസാന ഘട്ടമായി ഈ വിദ്യാലയങ്ങൾക്ക് ലാപ്ടോപ്, പ്രോജക്ടർ, സ്ക്രീൻ എന്നിവ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബകർ വിതരണം ചെയ്തു.
ഓരോ വിദ്യാലയങ്ങൾക്കും ഒന്നരലക്ഷം രൂപ വീതം അനുവദിച്ചാണ് തുടക്കം കുറിച്ചത്. രണ്ടാം ഘട്ടത്തിൽ 11.5 ലക്ഷം രൂപ ചെലവഴിച്ചു. ഫർണിചറും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. മൂന്നാം ഘട്ടമായാണ് ലാപ്ടോപും പ്രോജക്ടറും സ്ക്രീനും നൽകിയത്. ഇതോടെ ഈ സ്കൂളുകളിൽ നിന്നു തന്നെ അധ്യാപകർക്ക് വിദ്യാർഥികൾക്ക് ഓൺലൈനിൽ ഡിജിറ്റൽ ക്ലാസ് എടുക്കാൻ സൗകര്യമായി. കെൽട്രോൺ ആണ് സാങ്കേതിക സഹായം നൽകിയത്.
തെക്കിൽ പറമ്പ്, തെക്കിൽ വെസ്റ്റ്, കോളിയടുക്കം, ചെമ്മനാട് വെസ്റ്റ്, ബെണ്ടിച്ചാൽ, ജി എഫ് യു പി സ്കൂൾ കീഴൂർ, ചെമ്പരിക്ക, ചെമ്മനാട് ഈസ്റ്റ്, പെരുമ്പള, ചാത്തങ്കൈ, കളനാട് ന്യൂ, തെക്കിൽ ഈസ്റ്റ്, ജിഎൽപി സ്കൂൾ ചന്ദ്രഗിരി എന്നീ വിദ്യാലയങ്ങൾക്കാണ് സ്മാർട് ക്ലാസ് മുറി ആയത്.
വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആഇശ കെ എ, രാജൻ കെ പൊയിനാച്ചി, സുചിത്ര, മൈമൂന, പഞ്ചായത്ത് സെക്രടറി ദേവദാസ്, കെ വി വിജയൻ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Koliyadukkam, Chemnad, Laptop, Health-Project, President, K.Surendran, 13 smart schools; Achievement for Chemmanad panchayat.