Mandakini | മന്ദാകിനി: ട്വിസ്റ്റുകൾ കോർത്തിണക്കിയ ഹാസ്യരസക്കൂട്ട്
പാട്ടുകളും പശ്ചാത്തലസംഗീതവും മികവ് പുലർത്തി
കൊച്ചി: (KasargodVartha) അൽത്താഫ് സലിമും അനാർക്കലി മരിക്കാറും അഭിനയിച്ച വിനോദ് ലീല സംവിധാനം ചെയ്ത 'മന്ദാകിനി' ഒരു വിവാഹത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റി കോർത്തിണക്കിയ ഹാസ്യരസക്കൂട്ട് എന്ന് വിശേഷിപ്പിക്കാം. അമ്പിളിയെ (അനാർക്കലി) വിവാഹം കഴിക്കുന്ന ആരോമലിൻ്റെ (അൽത്താഫ്) കഥയാണ് ചിത്രം പറയുന്നത്. ആദ്യ രാത്രിയിലെ വെളിപ്പെടുത്തലും തുടർന്നുള്ള സംഭവ വികാസങ്ങളും ചിത്രത്തെ ആസ്വാദകരമാക്കുന്നു.
അൽതാഫ് സലിമും അനാർക്കലി മാരികാറും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അൽത്താഫ് അതിന്റെ പരിഭ്രമങ്ങളൊന്നുമില്ലാതെ തന്റെ വേഷം ഏറ്റവും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ പകുതി പ്രധാനമായും വിവാഹ രാത്രിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇടവേളയിലെ ട്വിസ്റ്റും രണ്ടാം പകുതിയിലെ നർമ മുഹൂർത്തങ്ങളും ക്ലൈമാക്സും അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.
സമീപകാല മലയാള സിനിമയിൽ കണ്ടുവരുന്ന വലിയ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവം ഈ ചിത്രത്തിൽ ഇല്ല എന്നതും പ്രത്യേകതയാണ്. അമിത ഭാവാന്തരീക്ഷമോ ഡ്രാമയോ ഇല്ലാതെ തന്നെ സ്ത്രീപക്ഷത്തിന് പ്രാധാന്യം നൽകുന്നുണ്ട് ചിത്രം. ഡ്രൈവിംഗ് സ്‌കൂൾ ഉടമയായ രാജലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ച സരിത കുക്കു ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
ഷിജു ബാസ്കർ, ഷാലു എന്നിവർ രചിച്ച തിരക്കഥയിൽ നിറയെ ചിരി പടർത്തുന്ന മുഹൂർത്തങ്ങളുണ്ട്. വിനീത് തട്ടിൽ ഡേവിഡിന്റെയും കുട്ടി അഖിലിന്റെയും തമാശകൾ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. അമ്പിളിയുടെ മുൻ കാമുകൻ സുജിത്ത് വാസുവായെത്തിയ ഗണപതിയും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ബിബിൻ അശോക് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പാട്ടുകളും പശ്ചാത്തലസംഗീതവും മികവ് പുലർത്തിയതും ചിത്രത്തിന് കയ്യടി നേടിക്കൊടുക്കുന്നു. ചിത്രത്തിലെ ‘ഉള്ളം തുടിക്കണ്’ ഗാനം ആസ്വാദകഹൃദയങ്ങളിൽ ഇടം നേടിക്കഴിഞ്ഞു.
അശ്വതി ശ്രീകാന്ത്, പ്രിയ വാര്യർ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ലാൽ ജോസ്, ജിയോ ബേബി, ജൂഡ് ആന്തണി ജോസഫ്, അജയ് വാസുദേവ് എന്നീ അതിഥി താരങ്ങളുടെ സാന്നിധ്യം ചിത്രത്തിന് മാറ്റ് കൂട്ടുന്നു. സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചുരുക്കത്തിൽ കുടുംബസമേതം കാണാവുന്ന ഒരു ഹാസ്യ ചിത്രമാണ് 'മന്ദാകിനി'. ദാമ്പത്യത്തിൽ പങ്കാളിയുമായി സുതാര്യത പുലർത്തേണ്ടുന്നതിന്റെ പ്രധാന്യം വിളിച്ചോതുന്ന ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം. ഒട്ടും ബോറടിപ്പിക്കാതെ രണ്ടര മണിക്കൂർ നിങ്ങളെ പിടിച്ചിരുത്തും.