Song | 'നേരം വൈകൂല', ഹിറ്റായി കാസർകോടൻ ഭാഷയിൽ ഒരുക്കിയ റാപ്; സ്വന്തം സ്റ്റാർടപ് തുടങ്ങി വിസ്മയിപ്പിച്ച യുവസംഘം വീണ്ടും അത്ഭുതപ്പെടുത്തുന്നു
ഫുഡ് ഡെലിവറി സ്റ്റാർടപിന്റെ പ്രചാരണത്തിനായി സ്വന്തം നാടിന്റെ താളത്തിൽ ഒരുക്കിയ ഗാനവും നൃത്ത ചുവടുകളും മികച്ച അഭിപ്രായമാണ് നേടുന്നത്
കാസർകോട്: (KasargodVartha) ഒരു കൂട്ടം യുവാക്കൾ കാസർകോടൻ ഭാഷയിൽ ഒരുക്കിയ 'നേരം വൈകൂല' എന്ന റാപ് സംഗീതം ഹിറ്റ്. ഫെപ്പർ എന്ന ഫുഡ് ഡെലിവറി സ്റ്റാർടപിന്റെ പ്രചാരണത്തിനായി സ്വന്തം നാടിന്റെ താളത്തിൽ ഒരുക്കിയ ഗാനവും നൃത്ത ചുവടുകളും മികച്ച അഭിപ്രായമാണ് നേടുന്നത്. തങ്ങളുടെ സംരംഭത്തിന്റെ പ്രചാരണത്തിന് പുതുമ വേണമെന്ന ചിന്തയിൽ നിന്നാണ് ഈ യുവസംഘം റാപ് സംഗീതത്തിലേക്കെത്തിയത്.
കാസർകോടിന്റെ തനത് ഭാഷാ ശൈലി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റാപ് സംഗീതം വഴി ഏവരെയും ആകർഷിക്കാനായി എന്നത് ഇവരുടെ വിജയമാണ്. ഗാനത്തിന്റെ ലളിതവും ആകർഷകവുമായ വരികൾ തന്നെ ശ്രദ്ധേയമാണ്. പ്രദേശത്തിന്റെ സാമൂഹ്യ, ഭാഷാ സവിശേഷതകൾ ഗാനത്തിൽ ഇഴുകിച്ചേർന്നിരിക്കുന്നുവെന്ന് അണിയറ പ്രവർത്തകർ കാസർകോട് വാർത്തയോട് പറഞ്ഞു.
ഒരു കൂട്ടം പ്രതിഭകൾ ഒന്നിച്ചാണ് ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്. സഹീർ അബ്ദുല്ലയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ലത്തി ലായുടേതാണ് വരികൾ. പൊവ്വൽ എൽബിഎസ് എൻജിനീയറിംഗ് കോളജിൽ നിന്നും പഠിച്ചിറങ്ങിയ ഉളിയത്തടുക്കയിലെ സഹീർ അബ്ദുല്ല, മുഹമ്മദ് ശഫീഖ്, സുലൈമാൻ, തെക്കിലിലെ മഹ്‌ഷൂഖ്, നാലാം മൈലിലെ റോഷൻ എന്നീ അഞ്ചുപേരാണ് 2022 ജനുവരി ഒന്നിന് ഫെപ്പർ എന്ന പേരിൽ ഫുഡ് ഡെലിവറി സ്റ്റാർടപ് തുടങ്ങിയത്.
ഇവർ തന്നെയാണ് ഫെപ്പർ ആപിന്റെ കോഡിങ്ങും മറ്റ് കാര്യങ്ങളുമെല്ലാം നിർവഹിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സംരംഭത്തിന് മുന്നേറാനായി. കാസർകോടിന് പുറമെ ഇപ്പോൾ കാഞ്ഞങ്ങാട് കൂടി ബ്രാഞ്ച് തുടങ്ങിയ സന്ദർഭത്തിലാണ് പ്രൊമോഷന്റെ ഭാഗമായി റാപ് സംഗീതം ഒരുക്കിയത്. വികസനത്തിനായി കൊതിക്കുന്ന കാസർകോട്ട് സ്വന്തമായി ഒരു സ്റ്റാർടപ് തുടങ്ങി വിജയിപ്പിക്കാനായി എന്നതിലൂടെ നിരവധി പേർക്ക് വലിയ പ്രതീക്ഷയാണ് ഈ യുവസംഘം നൽകുന്നത്.